പ്രണയം എന്നത്  മുഖ്യധാരാ സിനിമയുടെ പ്രാണവായുവാണ്. കാലദേശാന്തരങ്ങളോ പ്രായമോ പ്രണയമെന്ന  വികാരത്തോടുള്ള മനുഷ്യന്റെ അടക്കാനാകാത്ത അഭിനിവേശത്തിന് അതിരാകുന്നില്ല.  അതുതന്നെയാണ് ദേശ-ഭാഷാന്തരമായ ഒരു പ്രണയ കഥ പറയുവാന്‍ സ്പെയ്നും അവിടത്തെ  ജീവിതവും ഉള്‍പ്പെടുത്തി  സ്പാനിഷ് മസാല എന്ന ചിത്രമൊരുക്കുവാന്‍  ലാല്‍ജോസ് എന്ന മലയാളിയുടെ പ്രിയപ്പെട്ട സംവിധായകനെ പ്രേരിപ്പിക്കുന്നതും.  നിരവധി ഹിറ്റു ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ബെന്നി പി.നായരമ്പലമാണ് ഈ  ചിത്രത്തിന്റെയും രചന നിര്‍വ്വഹിച്ചിട്ടുള്ളത്. മലയാളിയായ നായകന്‍  സ്പെയ്‌നില്‍ ഷെഫായി എത്തുന്നതും അവിടെ ഒരു പെണ്‍കുട്ടിയുമായി  പ്രണയത്തിലാകുന്നതുമായ കഥയാണ് ഈ ചിത്രത്തില്‍. നായകന്‍ മലയാളികളുടെ  പ്രിയപ്പെട്ട താരം ദിലീപാണ്. കൂടെ കുഞ്ചാക്കോ ബോബനും ഉണ്ട്. നായികയായി  എത്തുന്നത് സ്പാനിഷ് നടിയായ ഡാനിയേല സക്കേരിയാണ്. ബിജുമേനോന്‍, കലാരഞ്ജിനി,  വിനയപ്രസാദ് എന്നിവരും നിരവധി സ്പാനിഷ് താരങ്ങളും ഈ ചിത്രത്തില്‍ അണി  നിരക്കുന്നു.
ലാല്‍ ജോസ് ചിത്രങ്ങളിലെ പ്രണയവും പാട്ടും എന്നും പ്രേക്ഷകര്‍  നെഞ്ചേറ്റിയിട്ടുണ്ട്. ഇത്തവണയും ആ പതിവു തെറ്റിയില്ല.  റഫീഖ് അഹമ്മദും,  വേണുവും രചിച്ച് വിദ്യാസാഗര്‍ ഈണമിട്ട ഗാനങ്ങള്‍ ഇതിനോടകം  ഹിറ്റായിക്കഴിഞ്ഞു. ഗാനരംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ പ്രിയദര്‍ശന്‍  കഴിഞ്ഞാല്‍ എന്നും മിടുക്കു പുലര്‍ത്തിയിട്ടുള്ളത് ലാല്‍ജോസാണ്.  സ്പെയ്‌ന്റെ മനോഹാരിത വേണ്ടുവോളം ഈ ചിത്രത്തിന്റെ ഗാനരംഗങ്ങളില്‍ കാണാം.  ലോകനാഥനാണ് ചിത്രത്തിനു ക്യാമറ ചലിപ്പിച്ചിട്ടുള്ളത്. എഡിറ്റിങ്ങ് രഞ്ജന്‍  അബ്രഹാം, കലാസംവിധാനം ഗോഗുല്‍ ദാസ്. ബിഗ് സ്ക്രീനിന്റെ ബാനറില്‍ നൌഷാദാണ്  ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
                
				- ലിജി അരുണ്‍
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: dileep, filmmakers, lal-jose