സിനിമാ താരങ്ങളുടെ പിറന്നാള്‍ വിശേഷങ്ങള്‍ വായനക്കാരില്‍ എത്തിക്കുകയും ആശംസകള്‍ അര്‍പ്പിക്കുവാന്‍ അവസരം നല്‍കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ പക്ഷെ തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്തയായ ഒരു താരത്തിന്റെ പിറന്നാള്‍ മറന്നതാണോ എന്ന ചോദ്യം ഉയരുന്നു. മാധ്യമങ്ങള്‍ മറന്നാലും പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് നമിതയെ മറക്കാനാകില്ല എന്ന് ഫേസ്ബുക്ക് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ മീഡിയകളില്‍ പ്രിയ താരത്തിനു പിറന്നാള്‍ ആശംസിച്ചുകൊണ്ടുള്ള പോസ്റ്ററുകളും മറ്റും വ്യക്തമാക്കുന്നു. മെയ് പത്താം തിയതി തെന്നിന്ത്യന്‍ മാദകറാണിയായിരുന്ന നമിതയുടെ 33 ആം പിറന്നാള്‍ ആയിരുന്നു.
മലയാളം, തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി ചിത്രങ്ങളില്‍ മേനിക്കൊഴുപ്പിന്റെ ധാരാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് നമിത. അവരുടെ അര്‍ദ്ധ നഗ്നമായ ചിത്രങ്ങളും ഗോസിപ്പുകളും പ്രസിദ്ധീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ മത്സരിച്ചു. ഒരു കാലത്ത് സിനിമാ പ്രസിദ്ധീകരണങ്ങളുടെ കവര്‍ പേജുകളിലും മറ്റും നിറഞ്ഞു നിന്ന നമിത കുറച്ചു നാളുകളായി സിനിമയൊന്നുമില്ലാതെ വെള്ളിവെളിച്ചത്തില്‍ നിന്നും അകന്നു നിന്നതോടെ തന്റെ മുന്‍ഗാമികളെ പോലെ തിരസ്കൃതയായിക്കൊണ്ടിരിക്കുന്നു. അടുത്തിടെയായി നമിതയെ കുറിച്ച് വാര്‍ത്തകള്‍ ഒന്നും ഇല്ല.
പഞ്ചാബി കുടുംബാംഗമായ നമിത ഗുജറാത്തില്‍ ആണ് ജനിച്ചത്. 1998-ല്‍ മിസ് സൂറത്തായി തിരഞ്ഞെടുക്കട്ട നമിത 2001-ലെ മിസ് ഇന്ത്യ മത്സരത്തില്‍ റണ്ണര്‍ അപ്പായി നാലാം സ്ഥാനവും കരസ്ഥമാക്കി. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതൊടെ മോഡലിംഗിലേക്ക് തിരിഞ്ഞു. ഹിമാമി സോപ്പ്, അരുണ്‍ ഐസ്ക്രീം, മണിക് ചന്ദ് ഗുഡ്ക, നൈല്‍ ഹെര്‍ബല്‍ ഷാമ്പൂ എന്നിവയുടെ പരസ്യങ്ങളില്‍ അഭിനയിച്ചു.
വാണിജ്യ വിജയം നേടിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു നമിത. നമിതയുടെ അഭിനയത്തേക്കാള്‍ തെന്നിന്ത്യന്‍ സിനിമ അവരുടെ മേനിക്കൊഴുപ്പിനായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. ഷക്കീലക്ക് ശേഷം മേനിക്കൊഴുപ്പു കൊണ്ട് തെന്നിന്ത്യയില്‍ തരംഗം സൃഷ്ടിച്ച നടിയാണ് നമിത. ഒരു ഐറ്റം ഡാന്‍സ് ചെയ്താല്‍ പോലും ചിത്രം വന്‍ വിജയം കൈവരിക്കുമെന്ന് കണ്ടതോടെ അവരുടെ ഡേറ്റിനായി നിര്‍മ്മാതാക്കള്‍ ക്യൂ നിന്നു. എങ്കള്‍ അണ്ണ എന്ന ചിത്രത്തില്‍ വിജയകാന്തിന്റെ നായികയായതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് അഴകിയ തമിഴ് മകന്‍, ഇന്ദ്രവിഴ, ജഗന്‍ മോഹിനി, പെരുമാള്‍, തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ വേഷമിട്ടു. കലാഭവന്‍ മണിയും ബാലയും നായകന്മാരായ ബ്ളാക്ക് സ്റ്റാലിയന്‍ എന്ന ചിത്രത്തില്‍ ലോറ ഫെര്‍ണാണ്ടസ് എന്ന ബാര്‍ നര്‍ത്തകിയുടെ വേഷമായിരുന്നു നമിതക്ക്. ചിത്രത്തിന്റെ ഗാന രംഗങ്ങളില്‍ നമിതയുടെ മേനി പ്രദര്‍ശനം വേണ്ടുവോളം ഉണ്ടായിരുന്നു. 2009-ല്‍ ബില്ല എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് സഹ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.