പ്രശസ്ത സിനിമാ – സീരിയല്‍ നടന്‍ ശ്രീനാഥിനെ കോതമംഗലത്തെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ യാണെന്നാണ് പോലീസ് നിഗമനം. ശിക്കാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് ഇദ്ദേഹം ഇവിടെ എത്തിയിരുന്നത്. കൈയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ ആയിരുന്നു ശരീരം കണ്ടെത്തിയത്.
രഞ്ജിത് സംവിധാനം ചെയ്ത കേരള കഫേ ആയിരുന്നു ശ്രീനാഥി ന്റേതായി അവസാനം പുറത്തു വന്ന സിനിമ. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനായിരുന്ന ഇദ്ദേഹത്തിന് അടുത്ത കാലത്തായി സിനിമയില്‍ അവസരങ്ങള്‍ കുറവായിരുന്നു എങ്കിലും, സീരിയല്‍ രംഗത്ത് ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഇതു ഞങ്ങളുടെ കഥ ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ. എണ്‍പതുകളില്‍ ഏറെ ശ്രദ്ധേയമായ ജോടികളായിരുന്നു ശ്രീനാഥും ശാന്തി കൃഷ്ണയും. ശാന്തി കൃഷ്ണയെ വിവാഹം കഴിച്ചു എങ്കിലും പിന്നീട് ഈ ജോടികള്‍ വേര്‍പിരി യുകയായിരുന്നു.
ശാലിനി എന്റെ കൂട്ടുകാരി, ഇതു ഞങ്ങളുടെ കഥ, മംഗളം നേരുന്നു, ദേവാസുരം, കിരീടം, ഒരു സി. ബി. ഐ. ഡയറിക്കുറിപ്പ് തുടങ്ങി അനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
മാളയ്ക്കു സമീപം പുത്തന്‍ വേലിക്കരയാണ് സ്വദേശം. ഭാര്യയും ഒരു കുട്ടിയും ഉണ്ട്.



കീര്‍ത്തിചക്ര യിലെ സംഗീത പ്രേമിയായ കിഷോരി ലാല്‍ എന്ന പട്ടാള ക്കാരനെ അനശ്വര നാക്കിയ സന്തോഷ് ജോഗി വിട പറഞ്ഞു. ഒരു പ്രവാസി യായിരുന്ന സന്തോഷ്, ദുബായിലെ ഹോട്ടലില്‍ ഗായകനായി ജോലി ചെയ്യുന്നതി നിടയിലാണ് കീര്‍ത്തി ചക്രയിലൂടെ സിനിമയില്‍ സജീവമാകുന്നത്. നാടകം, കഥ, കവിത, സംഗീതം എന്നീ മേഖലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു.
പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ശരത് ചന്ദ്രന്‍ (52) ഇന്നലെ രാത്രി തൃശ്ശൂരില്‍ നിന്നും എറണാകുള ത്തേക്കുള്ള യാത്രക്കിടയില്‍ കൊടകരയില്‍ വെച്ച് ട്രെയിനില്‍ നിന്നും വീണു മരിച്ചു. പരിസ്ഥിതി സംബന്ധിയായ വിഷയങ്ങളെ ആധാരമാക്കി നിരവധി ഡോക്യുമെന്ററികള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടൂണ്ട്. കൊക്കക്കോള വിരുദ്ധ സമരം പ്രമേയമാക്കി ബാബു രാജുമായി ചേര്‍ന്ന് സംവിധാനം ചെയ്ത “തൗസന്റ് ഡെയ്സ് ആന്റ് എ ഡ്രീം”, കയ്പുനീര് എന്നീ ഡോക്യുമെന്ററികള്‍ നിരവധി മേളകളില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ദേശീയ പുരസ്കരത്തിന് പരിഗണിക്കപ്പെട്ട “തൗസന്റ് ഡെയ്സ് ആന്റ് എ ഡ്രീം” എന്ന ഡോക്യുമെന്റ്ററിക്ക് 2008ലെ മുംബൈ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ ജൂറി പുരസ്കാരം ലഭിക്കുകയുണ്ടായി.
പ്രശസ്ത കവിയും ഗാന രചയിതാവും തിരക്കഥാ കൃത്തുമായ ഗിരീഷ് പുത്തഞ്ചേരി (48) അന്തരിച്ചു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നു വൈകീട്ടായിരുന്നു അന്ത്യം. കോഴിക്കോട് പുത്തഞ്ചേരിയില്‍ കൃഷ്ണ പണിക്കരുടേയും മീനാക്ഷിയുടെയും പുത്രനാണ്. ബീനയാണ് ഭാര്യ, രണ്ടു മക്കളുണ്ട്.
ഉച്ചയോടെ മലയാള മാധ്യമങ്ങളില്‍ വന്ന ബ്രേക്കിംഗ് ന്യൂസ് മലയാളിയെ ഒരു നിമിഷം ഞെട്ടിച്ചു കാണും. അവരുടെ പ്രിയപ്പെട്ട കൊച്ചിന്‍ ഹനീഫയുടെ മരണ വാര്‍ത്തയായിരുന്നു അത്. അല്‍പം മുമ്പ് വരെ സ്ക്രീനില്‍ കണ്ട, തങ്ങളെ ചിരിപ്പിച്ച ആ മനുഷ്യന്‍ വിട വാങ്ങിയെന്ന് വിശ്വസിക്കുവാന്‍ അവര്‍ക്കായില്ല. അമ്പരപ്പില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു വാര്‍ത്ത വരുന്നു – അദ്ദേഹം മരിച്ചിട്ടില്ല, അത്യന്തം ഗുരുതരാ വസ്ഥയില്‍ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇപ്പോഴും ജീവനോടെ ഉണ്ടെന്ന്. ആശ്വാസത്തിന്റെ നിമിഷങ്ങള്‍. എന്നാല്‍ അത് അധികം നീണ്ടു നിന്നില്ല. മണിക്കൂറു കള്‍ക്കകം അത് സംഭവിച്ചു. അതെ, മലയാളിയുടെ സ്വന്തം ഹനീഫ്‌ക്ക യാത്രയായി.


















