ഗിരീഷ് പുത്തഞ്ചേരി: ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം

February 10th, 2011

gireesh-puthenchery-epathram

ദൈവത്തിന്റെ കൈയ്യൊപ്പുള്ള മനോഹര ഗാനങ്ങള്‍ മലയാളിക്കു സമ്മാനിച്ച ഗാന രചയിതാവിന്റെ സ്മരണക്ക് ഇന്ന് ഒരു വയസ്സ്. അസാധാരണമായ കാവ്യ സിദ്ധി കൊണ്ട് അനുഗ്രഹീത നായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഒരു തലമുറയുടെ തന്നെ ചലച്ചിത്ര സംഗീത ഭാവുകത്വത്തിന് പുതിയൊരു നിര്‍വ്വചനം കൊടുത്ത പ്രതിഭ. പ്രണയവും വിരഹവും ജീവിതവും സന്തോഷവും സങ്കടവുമൊക്കെ അക്ഷരങ്ങളിലൂടെ ചാലിച്ചെടുത്ത് മനസുകളില്‍ നിറയ്ക്കാനുള്ള അസാധാരണമായ സിദ്ധി അദ്ദേഹത്തി നുണ്ടായിരുന്നു. ചക്രവാളത്തിനപ്പുറം എന്ന ചിത്രത്തിലെ ആദ്യ ഗാനം മുതല്‍, ജോണി വാക്കറിലെ ശാന്തമീ രാത്രിയില്‍ എന്ന ശ്രദ്ധേയമായ ആദ്യത്തെ ഗാനം മുതല്‍ ഹിറ്റുകളുടെ പരമ്പരയ്ക്ക് തുടക്കം കുറിച്ച ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു മുതല്‍ ഒടുവിലത്തെ രചന വരെ ഓരോന്നും ഈ വരദാനത്തിന്റെ സ്പഷ്ടമായ അടയാളങ്ങളാണ്.

കഥാ സന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ എഴുതാനുള്ള സാമര്‍ഥ്യവും ചാരുതയും എന്നതു പോലെ തന്നെ ഈണത്തിനനുസരിച്ച് വരികളെഴുതുക എന്ന സമ്പ്രദായത്തിന്റെ അതിരുകള്‍ക്കുള്ളിലും ഈ പുത്തഞ്ചേരി ക്കാരന്റെ വാക്കുകള്‍ക്ക് വല്ലാത്തൊരു കാവ്യ ഭംഗി യുണ്ടായി രുന്നുവെന്നതും ശ്രദ്ധേയം. പാട്ടിന്റെ കഥയെഴുത്തു കാരനായി അദ്ദേഹം വിജയ സോപാനങ്ങള്‍ പതിയെ കയറി. ആഴവും പരപ്പുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. വല്ലാത്തൊരു വശ്യതയും അവയ്ക്കു സ്വന്തം. അകതാരില്‍ ആവര്‍ത്തനത്തിന്റെ ആനന്ദം വിരിയിക്കുന്ന സൗമ്യഭാവം. ആകാശ വാണിക്കായി ലളിത ഗാനങ്ങള്‍ രചിച്ചായിരുന്നു ഗാന രചനാ രംഗത്തേയ്ക്ക് ഗിരീഷിന്റെ പ്രവേശം. ചലച്ചിത്ര ഗാന മേഖലയിലേയ്ക്ക് കാലം തെറ്റിയാണ് തന്റെ വരവെന്ന് പലപ്പോഴും വിശ്വസിച്ചിരുന്ന ഗിരീഷ് പക്ഷെ, രണ്ടു ദശകങ്ങള്‍ കൊണ്ട് മലയാളത്തിനും മലയാളിക്കും അഭിമാനമായി മാറി.

ഏഴു പ്രാവശ്യം മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. അഗ്നിദേവന്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പുനരധിവാസം, രാവണപ്രഭു, നന്ദനം, ഗൗരീശങ്കരം, കഥാവശേഷന്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ് ഗിരീഷിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്- മായാമയൂരം, ഹരിമുരളീരവം- ആറാം തമ്പുരാന്‍, ഗോപികേ ഹൃദയമൊരു വെണ്‍ശംഖുപോലെ -നന്ദനം, ഒരു രാത്രി കൂടി -സമ്മര്‍ ഇന്‍ ബത്‌ലഹേം, കരിമിഴിക്കുരുവിയെ കണ്ടില്ല -മീശ മാധവന്‍, കണ്ണാടിക്കൂടും കൂട്ടി… (പ്രണയവര്‍ണങ്ങള്‍), ആരൊരാള്‍ പുലര്‍മഴയില്‍ (പട്ടാളം), എന്റെ എല്ലാമെല്ലാം അല്ലേ (മീശമാധവന്‍), തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായി (രസികന്‍), ജൂണിലെ നിലാമഴയില്‍- നമ്മള്‍ തമ്മില്‍, ചാന്തുതൊട്ടില്ലേ ചന്ദനപ്പൊട്ടില്ലേ (ബനാറസ്) എനിക്കു പാടാന്‍- ഇവര്‍ വിവാഹിതരായാല്‍… പ്രണയത്തിന്റെ കൈലാസത്തിലേയ്ക്കുള്ള തീര്‍ഥയാത്രയിലെ സഹയാത്രികരായി വരികള്‍.

വിഷാദത്തിന്റെ കണ്ണീര്‍നനവ് ആര്‍ദ്രമായി അവശേഷിപ്പിക്കുന്ന ഗാനങ്ങളും ഈ തൂലികയില്‍ നിന്നും കടലാസിലേയ്ക്ക് പകര്‍ന്നു. ഇന്നലെ എന്റെ നെഞ്ചിലെ- ബാലേട്ടന്‍, അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു- മാടമ്പി. ഏതു വികാരം അടങ്ങിയതായാലും, ഗിരീഷിന്റെ പാട്ടുകള്‍ എന്തുകൊണ്ട് ജനങ്ങളേറ്റു പാടി എന്നതിനു ഒരുത്തരമേയുള്ളൂ. തലമുറകള്‍ക്കതീതമായി ഓരോരുത്തരും അവയെ ഇഷ്ടപ്പെട്ടു. അര്‍ഥഗര്‍ഭമായ വരികള്‍ കാല്‍പ്പനികതയുടെ ഭാവുകത്വത്തിന്റെയും ആസ്വാദകര്‍ക്ക് ഈ ഗാനങ്ങളോടുള്ള ആകര്‍ഷണീയതയുടെയും അളവു കൂട്ടിയെന്നതും വാസ്തവം. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ -കന്മദം, ഒരു കിളി പാട്ടു മൂളവേ- വടക്കുംനാഥന്‍, തികച്ചും ഗ്രാമീണസൗന്ദര്യത്തിന്റെ നിഷ്‌കളങ്കതയുടെ പര്യായങ്ങളായി എത്രയോ പാട്ടുകള്‍…

കാല്‍പ്പനിക ലോകത്ത് തീര്‍ത്തും സ്വതന്ത്രനായി വിഹരിച്ച ഈ കവി ഭഗവാനായി അര്‍പ്പിച്ചത് കളഭവും തന്റെ മനസും കൂടിയാണ്. സൂര്യപ്രഭയും നീലനിലാവും ഒരുപോലെ സ്വായത്തമായിരുന്ന കവിക്ക് പ്രണയത്തിന്റെ സംഗീതം ഹൃദയങ്ങളിലെത്തിക്കാന്‍ സാധിച്ചു. നിലാവിനെയും മേഘത്തെയും മഴയെയും വെയിലിനെയും കിളിയെയും കാറ്റിനെയുമൊക്കെ ഒരു കുട്ടിയുടെ നിഷ്‌കളങ്കതയോടെ വീക്ഷിച്ചു. അദ്ദേഹത്തിന്റെ അനശ്വരമായ ഗാനങ്ങള്‍ ഇന്നും മലയാളികളില്‍ അസ്തമിക്കാതെ നിലകൊള്ളുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മച്ചാന്‍ വര്‍ഗ്ഗീസ് അന്തരിച്ചു

February 4th, 2011

machan-varghese-epathram

കോഴിക്കോട് : പ്രശസ്ത ഹാസ്യ നടന്‍ മച്ചാന്‍ വര്‍ഗ്ഗീസ് (47) അന്തരിച്ചു. ഇന്നു വൈകീട്ട് നാലരയോടെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്  ചികിത്സയില്‍ ആയിരുന്ന വര്‍ഗ്ഗീസിന്റെ ആരോഗ്യ നില നാലു ദിവസമായി അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടു പോകും. എത്സിയാണ് ഭാര്യ.

മിമിക്രി രംഗത്തു നിന്നും സിനിമയില്‍ എത്തിയ വര്‍ഗ്ഗീസ് രൂപം കൊണ്ടും ശബ്ദം കൊണ്ട് ഹാസ്യത്തിനു തന്റേതായ ഒരു ശൈലി തന്നെ രൂപപ്പെടുത്തി. സിദ്ധിഖ് ലാല്‍, റാഫി മെക്കാര്‍ട്ടിന്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു മച്ചാന്‍ വര്‍ഗ്ഗീസ്. പിന്നീട് ഇദ്ദേഹം ഹാസ്യ ചിത്രങ്ങളിലെ അവിഭാജ്യ ഘടകമായി മാറി.

മീശ മാധവന്‍, തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൌസ്, ഹിറ്റ്ലര്‍, തൊമ്മനും മക്കളും തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത മച്ചാന്‍ വര്‍ഗ്ഗീസ് അഭിനയിച്ച ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രമാണ് അവസാനമായി പുറത്തു വന്നത്. എന്‍. എഫ്. വര്‍ഗ്ഗീസും മച്ചാന്‍ വര്‍ഗ്ഗീസും ഒരേ സമയത്ത് മിമിക്രി വേദികളില്‍ സജീവമായിരുന്ന കാലഘട്ടത്തില്‍ മറ്റുള്ളവരെ മച്ചാനേ എന്ന് സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന വര്‍ഗ്ഗീസിനെ പെട്ടെന്ന് തിരിച്ചറിയുവാന്‍ അടുപ്പമുള്ളവര്‍  “മച്ചാന്‍ വര്‍ഗ്ഗീസ്” ആക്കി. പിന്നീട് അത് അദ്ദേഹത്തിന്റെ പേരിന്റെ ഭാഗമായി മാറി. കൊച്ചിന്‍ ഹനീഫ – മച്ചാന്‍ വര്‍ഗ്ഗീസ് കൂട്ടുകെട്ട് പല ചിത്രങ്ങളിലും വളരെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

നടന്‍ പരവൂര്‍ രാമചന്ദ്രന്‍ അന്തരിച്ചു

January 4th, 2011

paravoor-ramachandran-epathramകൊല്ലം: സത്യഭാമയ്‌ക്കൊരു പ്രേമ ലേഖനം എന്ന  രാജസേനന്‍ സിനിമ യിലൂടെ ശ്രദ്ധേയനായ നടന്‍ പരവൂര്‍ രാമചന്ദ്രന്‍ അന്തരിച്ചു. കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. വിവിധ നാടക സമിതി കളിലായി നൂറിലധികം നാടക ങ്ങളില്‍ അഭിനയിച്ചു പേരെടുത്ത അദ്ദേഹം നിരവധി സീരിയലു കളിലും വേഷമിട്ടു.
 
ദില്ലിവാലാ രാജകുമാരന്‍, സൂപ്പര്‍മാന്‍, സ്വപ്‌ന ലോകത്തെ ബാല ഭാസ്‌കരന്‍, തൂവല്‍ക്കൊട്ടാരം തുടങ്ങി നിരവധി സിനിമ കളില്‍ നല്ല വേഷങ്ങള്‍ ചെയ്തിരുന്നു. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമ യിലാണ് അവസാനമായി അഭിനയിച്ചത്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മങ്കട രവി വര്‍മ്മ അന്തരിച്ചു

November 25th, 2010

mankada-ravi-varma-epathram

പ്രശസ്ത ഛായാഗ്രാഹകന്‍ മങ്കട രവി വര്‍മ്മ (83) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നെയില്‍ സഹോദരിയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അവിവാഹിത നായിരുന്നു. ശവ സംസ്കാരം ചൊവ്വാഴ്ച ടി. നഗറിലെ ശ്മശാനത്തില്‍ നടത്തും. മലപ്പുറത്തെ അവിഞ്ഞിക്കാട്ട് മനയ്ക്കല്‍ എ. എം. പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റേയും മങ്കട കോവിലകത്ത് എം. സി. കുഞ്ഞിക്കാവു തമ്പുരാട്ടിയുടേയും മകനായി 1926 ജൂണ്‍ നാലിനായിരുന്നു രവി വര്‍മ്മ എന്ന പേരില്‍ പ്രശസ്തനായ എം. സി. രവി വര്‍മ്മ രാജയുടെ ജനനം.

പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നും ബിരുദം നേടിയ ശേഷം പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഛായാഗ്രഹണത്തിലും ശബ്ദ ലേഖനത്തിലും പഠനം പൂര്‍ത്തിയാക്കി. ചെന്നെയിലേയും മുംബൈയിലെയും പ്രശസ്തമായ പല സ്റ്റുഡിയോകളില്‍ നിന്നും സിനിമാറ്റോഗ്രഫിയുടെ പ്രായോഗികമായ അറിവുകള്‍ സ്വാംശീകരിച്ചു. സിനിമയേയും ഛായാ ഗ്രഹണത്തേയും ഗൌരവ പൂര്‍വ്വം സമീപിച്ചിരുന്ന രവി വര്‍മ്മ “അവള്‍“ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. തുടര്‍ന്ന് എം. ടി. – പി. എന്‍. മേനോന്‍ കൂട്ടു കെട്ടിന്റെ “ഓളവും തീരവും” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. സ്റ്റുഡിയോ സെറ്റുകളുടെ പരിമിതി കള്‍ക്കപ്പുറ ത്തേയ്ക്ക് മലയാള സിനിമയെ കൊണ്ടു വന്ന ആദ്യ ചിത്രവുമായിരുന്നു അത്. മങ്കടയുടെ ഈ പുത്തന്‍ പരീക്ഷണം മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി. “ഓളവും തീരവും” വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 1970-ല്‍ സിനിമാ ഛായാ ഗ്രഹണത്തിനുള്ള ദേശീയ പുരസ്കാരവും മങ്കട രവി വര്‍മ്മയ്ക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചു. അരവിന്ദന്റെ “ഉത്തരായണവും” മങ്കടയുടെ കരിയറിലെ പ്രധാനപ്പെട്ട ഒന്നായി മാറി.

mankada-ravi-varma-adoor-gopalakrishnan-epathram

അടൂര്‍ എന്ന വിശ്വ വിഖ്യാത ചലച്ചിത്രകാരനെ പരിചയപ്പെട്ടത് ഇരുവരുടേയും സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവായി. അടൂരിന്റെ “സ്വയം വരം“ മുതല്‍ “നിഴല്‍ക്കുത്തു” വരെയുള്ള ചിത്രങ്ങളുടെ ദൃശ്യ സാക്ഷാത്കാരം മങ്കടയാണ് നിര്‍വ്വഹിച്ചത്. ദേശീയവും അന്തര്‍ദേശീയവുമായ തലങ്ങളില്‍ അദ്ദേഹത്തിന്റെ ഖ്യാതി പരക്കുവാന്‍ ഈ ചിത്രങ്ങള്‍ സഹായിച്ചു.

സിനിമാ സംവിധായകന്റെ വേഷവും തനിക്കിണങ്ങുമെന്ന് “നോക്കു കുത്തിയിലൂടെ” അദ്ദേഹം തെളിയിച്ചു. “ചിത്രം ചലച്ചിത്രം” എന്ന ഒരു ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കോഴിക്കോട്‌ ശാന്താദേവി അന്തരിച്ചു

November 20th, 2010

shanthadevi-01-epathram

പ്രശസ്ത സിനിമാ നടി കോഴിക്കോട് ശാന്താ ദേവി അന്തരിച്ചു. 83 വയസായിരുന്നു. കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും മൂലം ഏറെ നാളായി ചികില്‍സയില്‍ ആയിരുന്നു.

രണ്‍ജിതിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പത്ത് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ കേരള കഫേ എന്ന ചിത്രത്തിലെ “ദ ബ്രിഡ്ജ് “ എന്ന സിനിമയില്‍, വൃദ്ധയും കാഴ്ചയില്ലാത്തവളുമായ അമ്മയെ മകന്‍ ഉപേക്ഷിക്കുന്നതായിരുന്നു കഥ. ഇതിലെ അമ്മയെ ഹൃദയ സ്പര്‍ശിയായ വിധത്തില്‍ അവതരിപ്പിച്ചത് ശാന്താ ദേവി യായിരുന്നു.

ഉറ്റവരും ഉടയവരും ഇല്ലാതെ വിഷമിക്കുന്ന ആ കഥാപാത്രത്തെ പോലെ നടി ശാന്താ ദേവിയും വാര്‍ദ്ധക്യത്തില്‍ ഏറെ നരകിച്ചു. കോഴിക്കോട് ഫറോക്കിലെ തന്റെ വീട്ടിലെ ഒറ്റ മുറിയില്‍ അവര്‍ ഒറ്റയ്ക്കായിരുന്നു താമസം. മകനും കുടുംബവും ഇവര്‍ക്കൊ പ്പമായിരുന്നു താമസമെങ്കിലും, ആദ്യം മകന്റെ ഭാര്യയും പിന്നീട് മകനും ഇഹലോക വാസം വെടിഞ്ഞതോടെ ആലംബമില്ലാതായ ഇവര്‍ തനിച്ചായി. കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും മൂലം ദുരിതത്തിലായ ഇവര്‍ക്ക്‌ സൌജന്യ ചികില്‍സ നല്‍കാന്‍ ഒരു ആശുപത്രി തയ്യാര്‍ ആയെങ്കിലും ആശുപത്രിയില്‍ കിടപ്പിലാകുന്നതോടെ വല്ലപ്പോഴും ആരെങ്കിലും കനിഞ്ഞു നല്‍കുന്ന ചില്ലറ വേഷങ്ങള്‍ പോലും ലഭിക്കാതാകും എന്ന ഭയത്താല്‍ ആശുപത്രിയില്‍ കിടക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല.

ശാന്തേടത്തി എന്ന് എല്ലാവരും സ്നേഹപൂര്‍വ്വം വിളിച്ച ഇവരുടെ സഹായത്തിനായി കോഴിക്കോട്‌ കോര്‍പ്പറേഷന്‍ അധികൃതരും കേരള സംസ്ഥാന സാംസ്കാരിക വകുപ്പും നടപടികള്‍ ആരംഭിച്ചിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടറുമായ എം. എ. ജോണ്സന്‍, ജില്ലാ കളക്ടര്‍ ഡോക്ടര്‍ പി. ബി. സലിം ഐ. എ. എസ്, എം. എല്‍. എ. പ്രദീപ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ഇവര്‍ക്ക്‌ താമസിക്കാന്‍ ഒരു വീട് നിര്‍മ്മിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.

മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം, സംസ്ഥാന പുരസ്കാരം, ഫിലിം ക്രിട്ടിക്സ് പുരസ്കാരം എന്നിങ്ങനെ ഒട്ടനവധി ബഹുമതികള്‍ ഈ അനുഗ്രഹീത കലാകാരിയെ തേടിയെത്തിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ പതിനൊന്നര മണി മുതല്‍ മൃതദേഹം കോഴിക്കോട്‌ ടൌണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് സംസ്ഥാന ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

20 of 25« First...10...192021...Last »

« Previous Page« Previous « ടോം ക്രൂസ് ബുര്‍ജ്‌ ഖലീഫയുടെ മുകളില്‍
Next »Next Page » മങ്കട രവി വര്‍മ്മ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine