ആറന്മുള പൊന്നമ്മ അന്തരിച്ചു

February 22nd, 2011

aranmula-ponnamma-epathram

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ അമ്മ നടിയായ ആറന്മുള പൊന്നമ്മ (96) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയി ലായിരുന്നു അന്ത്യം. മരണ സമയത്ത് കൊച്ചു മകളുടെ ഭര്‍ത്താവ് നടന്‍ സുരേഷ് ഗോപി സമീപത്തുണ്ടായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്തെ ശാന്തി കവാടത്തില്‍ നടക്കും.

നാടക രംഗത്തു നിന്നും സിനിമയില്‍ എത്തിയ പൊന്നമ്മ അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യ ചിത്രം 1950-ല്‍ ഇറങ്ങിയ ശശിധരന്‍ എന്ന ചിത്രമായിരുന്നു. ആദ്യ ചിത്രത്തില്‍ മിസ് കുമാരിയുടെ അമ്മ വേഷമായിരുന്നു പൊന്നമ്മക്ക് ലഭിച്ചത്. തുടര്‍ന്ന് നാലോളം തലമുറയ്ക്കൊപ്പം അമ്മയായും, സഹോദരിയായും, മുത്തശ്ശിയായും അവര്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. ശിവാജി ഗണേശന്റെ അമ്മയായും അഭിനയിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷനിലെ അഭിനയത്തിനു മികച്ച സഹ നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ. സി. ഡാനിയേല്‍ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ അവരെ തേടിയെത്തി. ഗൌരീശങ്കരം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

1914-ല്‍ ആറന്മുളയിലെ മാലേത്ത് വീട്ടില്‍ കേശവ പിള്ളയും പാറുക്കുട്ടി അമ്മയുടേയും മകളായിട്ടായിരുന്നു പൊന്നമ്മയുടെ ജനനം. ബന്ധു കൂടിയായ കൃഷ്ണപിള്ളയായിരുന്നു ഭര്‍ത്താവ്. തിരു‌വനന്തപുരം സംഗീത അക്കാദമിയില്‍ സംഗീത പഠനം നടത്തിയിട്ടുള്ള ആറന്മുള പൊന്നമ്മ തിരുവനന്തപുരം കോട്ടന്‍ ഹില്‍ ഗേള്‍സ് ഹൈസ്കൂളില്‍ സംഗീത അദ്ധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ഭര്‍ത്താവും മകനും നേരത്തെ മരിച്ചിരുന്നു. നടന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധിക ആറന്മുള പൊന്നമ്മയുടെ മകളുടെ മകളാണ്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മലേഷ്യ വാസുദേവന്‍ അന്തരിച്ചു

February 20th, 2011

malaysia-vasudevan-epathram

ചെന്നൈ : ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രശസ്ത തമിഴ് ചലച്ചിത്ര പിന്നണി ഗായകന്‍ മലേഷ്യ വാസുദേവന്‍ ചെന്നൈയില്‍ അന്തരിച്ചു. മലയാളിയായ അച്ഛനും അമ്മയ്ക്കും മലേഷ്യയില്‍ ജനിച്ച ഇദ്ദേഹം 8000 ല്‍ അധികം തമിഴ്‌ ഗാനങ്ങളും 4000 ല്‍ പരം ഗാനങ്ങള്‍ മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും പാടിയിട്ടുണ്ട്.

1972 ല്‍ പുറത്തിറങ്ങിയ ‘ഡല്‍ഹി ടു മദ്രാസ്‌’ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി പിന്നണി പാടിയത്. 85 ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. മലയാളത്തില്‍ ‘ഒരു മറവത്തൂര്‍ കനവ് ‘ എന്ന ചിത്രത്തിലെ ‘സുന്ദരിയേ… സുന്ദരിയേ…’ എന്ന ഗാനം ഇദ്ദേഹമാണ് ആലപിച്ചത്. തമിഴ്‌നാട്‌ സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാര ജേതാവാണ്‌. മകളായ പ്രശാന്തിനി തമിഴ്‌ ചലച്ചിത്ര പിന്നണി ഗായികയാണ്.

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

വിപിന്‍ദാസ്‌ അന്തരിച്ചു

February 13th, 2011
cameraman-vipin-das-epathram
വൈത്തിരി : പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകന്‍ വിപിന്‍ദാസ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‍ വയനാട്ടിലെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഇരുന്നൂറോളം ചിത്രങ്ങള്‍ക്ക്  ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ള വിപിന്‍‌ദാസ് തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂര്‍ സ്വദേശിയാണ്. കുറച്ചു കാലമായി വയനാട്ടില്‍ ആയിരുന്നു താമസം.

എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമയില്‍ ക്യമറാമാന്‍ എന്ന നിലയില്‍ വിപിന്‍‌ദാസ് ഏറെ സജീവമായിരുന്നു. പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കത്തിന്റെ ഛായാഗ്രഹണത്തിനു 1976- ല്‍ കേരള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം  വിപിന്‍‌ദാസിനു ലഭിച്ചിട്ടുണ്ട്. പത്മരാജന്‍, ഭരതന്‍, കെ. മധു, ഐ. വി. ശശി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം മികച്ച ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ വിപിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  അവളുടെ രാവുകള്‍, ചില്ല്, ഒരിടത്തൊരു ഫയല്‍‌വാന്‍, ശ്രീകൃഷ്ണപ്പരുന്ത്, കാറ്റത്തെ കിളിക്കൂട്, ഒരു സി. ബി. ഐ. ഡയറികുറിപ്പ്,  ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ,ആണ്‍കിളിയുടെ താരാട്ട് തുടങ്ങിയ ചിത്രങ്ങള്‍ അവയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. എണ്‍പതുകളില്‍ വിപിന്‍‌ദാസ് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഗിരീഷ് പുത്തഞ്ചേരി: ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം

February 10th, 2011

gireesh-puthenchery-epathram

ദൈവത്തിന്റെ കൈയ്യൊപ്പുള്ള മനോഹര ഗാനങ്ങള്‍ മലയാളിക്കു സമ്മാനിച്ച ഗാന രചയിതാവിന്റെ സ്മരണക്ക് ഇന്ന് ഒരു വയസ്സ്. അസാധാരണമായ കാവ്യ സിദ്ധി കൊണ്ട് അനുഗ്രഹീത നായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഒരു തലമുറയുടെ തന്നെ ചലച്ചിത്ര സംഗീത ഭാവുകത്വത്തിന് പുതിയൊരു നിര്‍വ്വചനം കൊടുത്ത പ്രതിഭ. പ്രണയവും വിരഹവും ജീവിതവും സന്തോഷവും സങ്കടവുമൊക്കെ അക്ഷരങ്ങളിലൂടെ ചാലിച്ചെടുത്ത് മനസുകളില്‍ നിറയ്ക്കാനുള്ള അസാധാരണമായ സിദ്ധി അദ്ദേഹത്തി നുണ്ടായിരുന്നു. ചക്രവാളത്തിനപ്പുറം എന്ന ചിത്രത്തിലെ ആദ്യ ഗാനം മുതല്‍, ജോണി വാക്കറിലെ ശാന്തമീ രാത്രിയില്‍ എന്ന ശ്രദ്ധേയമായ ആദ്യത്തെ ഗാനം മുതല്‍ ഹിറ്റുകളുടെ പരമ്പരയ്ക്ക് തുടക്കം കുറിച്ച ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു മുതല്‍ ഒടുവിലത്തെ രചന വരെ ഓരോന്നും ഈ വരദാനത്തിന്റെ സ്പഷ്ടമായ അടയാളങ്ങളാണ്.

കഥാ സന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ എഴുതാനുള്ള സാമര്‍ഥ്യവും ചാരുതയും എന്നതു പോലെ തന്നെ ഈണത്തിനനുസരിച്ച് വരികളെഴുതുക എന്ന സമ്പ്രദായത്തിന്റെ അതിരുകള്‍ക്കുള്ളിലും ഈ പുത്തഞ്ചേരി ക്കാരന്റെ വാക്കുകള്‍ക്ക് വല്ലാത്തൊരു കാവ്യ ഭംഗി യുണ്ടായി രുന്നുവെന്നതും ശ്രദ്ധേയം. പാട്ടിന്റെ കഥയെഴുത്തു കാരനായി അദ്ദേഹം വിജയ സോപാനങ്ങള്‍ പതിയെ കയറി. ആഴവും പരപ്പുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. വല്ലാത്തൊരു വശ്യതയും അവയ്ക്കു സ്വന്തം. അകതാരില്‍ ആവര്‍ത്തനത്തിന്റെ ആനന്ദം വിരിയിക്കുന്ന സൗമ്യഭാവം. ആകാശ വാണിക്കായി ലളിത ഗാനങ്ങള്‍ രചിച്ചായിരുന്നു ഗാന രചനാ രംഗത്തേയ്ക്ക് ഗിരീഷിന്റെ പ്രവേശം. ചലച്ചിത്ര ഗാന മേഖലയിലേയ്ക്ക് കാലം തെറ്റിയാണ് തന്റെ വരവെന്ന് പലപ്പോഴും വിശ്വസിച്ചിരുന്ന ഗിരീഷ് പക്ഷെ, രണ്ടു ദശകങ്ങള്‍ കൊണ്ട് മലയാളത്തിനും മലയാളിക്കും അഭിമാനമായി മാറി.

ഏഴു പ്രാവശ്യം മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. അഗ്നിദേവന്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പുനരധിവാസം, രാവണപ്രഭു, നന്ദനം, ഗൗരീശങ്കരം, കഥാവശേഷന്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ് ഗിരീഷിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്- മായാമയൂരം, ഹരിമുരളീരവം- ആറാം തമ്പുരാന്‍, ഗോപികേ ഹൃദയമൊരു വെണ്‍ശംഖുപോലെ -നന്ദനം, ഒരു രാത്രി കൂടി -സമ്മര്‍ ഇന്‍ ബത്‌ലഹേം, കരിമിഴിക്കുരുവിയെ കണ്ടില്ല -മീശ മാധവന്‍, കണ്ണാടിക്കൂടും കൂട്ടി… (പ്രണയവര്‍ണങ്ങള്‍), ആരൊരാള്‍ പുലര്‍മഴയില്‍ (പട്ടാളം), എന്റെ എല്ലാമെല്ലാം അല്ലേ (മീശമാധവന്‍), തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായി (രസികന്‍), ജൂണിലെ നിലാമഴയില്‍- നമ്മള്‍ തമ്മില്‍, ചാന്തുതൊട്ടില്ലേ ചന്ദനപ്പൊട്ടില്ലേ (ബനാറസ്) എനിക്കു പാടാന്‍- ഇവര്‍ വിവാഹിതരായാല്‍… പ്രണയത്തിന്റെ കൈലാസത്തിലേയ്ക്കുള്ള തീര്‍ഥയാത്രയിലെ സഹയാത്രികരായി വരികള്‍.

വിഷാദത്തിന്റെ കണ്ണീര്‍നനവ് ആര്‍ദ്രമായി അവശേഷിപ്പിക്കുന്ന ഗാനങ്ങളും ഈ തൂലികയില്‍ നിന്നും കടലാസിലേയ്ക്ക് പകര്‍ന്നു. ഇന്നലെ എന്റെ നെഞ്ചിലെ- ബാലേട്ടന്‍, അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു- മാടമ്പി. ഏതു വികാരം അടങ്ങിയതായാലും, ഗിരീഷിന്റെ പാട്ടുകള്‍ എന്തുകൊണ്ട് ജനങ്ങളേറ്റു പാടി എന്നതിനു ഒരുത്തരമേയുള്ളൂ. തലമുറകള്‍ക്കതീതമായി ഓരോരുത്തരും അവയെ ഇഷ്ടപ്പെട്ടു. അര്‍ഥഗര്‍ഭമായ വരികള്‍ കാല്‍പ്പനികതയുടെ ഭാവുകത്വത്തിന്റെയും ആസ്വാദകര്‍ക്ക് ഈ ഗാനങ്ങളോടുള്ള ആകര്‍ഷണീയതയുടെയും അളവു കൂട്ടിയെന്നതും വാസ്തവം. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ -കന്മദം, ഒരു കിളി പാട്ടു മൂളവേ- വടക്കുംനാഥന്‍, തികച്ചും ഗ്രാമീണസൗന്ദര്യത്തിന്റെ നിഷ്‌കളങ്കതയുടെ പര്യായങ്ങളായി എത്രയോ പാട്ടുകള്‍…

കാല്‍പ്പനിക ലോകത്ത് തീര്‍ത്തും സ്വതന്ത്രനായി വിഹരിച്ച ഈ കവി ഭഗവാനായി അര്‍പ്പിച്ചത് കളഭവും തന്റെ മനസും കൂടിയാണ്. സൂര്യപ്രഭയും നീലനിലാവും ഒരുപോലെ സ്വായത്തമായിരുന്ന കവിക്ക് പ്രണയത്തിന്റെ സംഗീതം ഹൃദയങ്ങളിലെത്തിക്കാന്‍ സാധിച്ചു. നിലാവിനെയും മേഘത്തെയും മഴയെയും വെയിലിനെയും കിളിയെയും കാറ്റിനെയുമൊക്കെ ഒരു കുട്ടിയുടെ നിഷ്‌കളങ്കതയോടെ വീക്ഷിച്ചു. അദ്ദേഹത്തിന്റെ അനശ്വരമായ ഗാനങ്ങള്‍ ഇന്നും മലയാളികളില്‍ അസ്തമിക്കാതെ നിലകൊള്ളുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മച്ചാന്‍ വര്‍ഗ്ഗീസ് അന്തരിച്ചു

February 4th, 2011

machan-varghese-epathram

കോഴിക്കോട് : പ്രശസ്ത ഹാസ്യ നടന്‍ മച്ചാന്‍ വര്‍ഗ്ഗീസ് (47) അന്തരിച്ചു. ഇന്നു വൈകീട്ട് നാലരയോടെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്  ചികിത്സയില്‍ ആയിരുന്ന വര്‍ഗ്ഗീസിന്റെ ആരോഗ്യ നില നാലു ദിവസമായി അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടു പോകും. എത്സിയാണ് ഭാര്യ.

മിമിക്രി രംഗത്തു നിന്നും സിനിമയില്‍ എത്തിയ വര്‍ഗ്ഗീസ് രൂപം കൊണ്ടും ശബ്ദം കൊണ്ട് ഹാസ്യത്തിനു തന്റേതായ ഒരു ശൈലി തന്നെ രൂപപ്പെടുത്തി. സിദ്ധിഖ് ലാല്‍, റാഫി മെക്കാര്‍ട്ടിന്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു മച്ചാന്‍ വര്‍ഗ്ഗീസ്. പിന്നീട് ഇദ്ദേഹം ഹാസ്യ ചിത്രങ്ങളിലെ അവിഭാജ്യ ഘടകമായി മാറി.

മീശ മാധവന്‍, തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൌസ്, ഹിറ്റ്ലര്‍, തൊമ്മനും മക്കളും തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത മച്ചാന്‍ വര്‍ഗ്ഗീസ് അഭിനയിച്ച ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രമാണ് അവസാനമായി പുറത്തു വന്നത്. എന്‍. എഫ്. വര്‍ഗ്ഗീസും മച്ചാന്‍ വര്‍ഗ്ഗീസും ഒരേ സമയത്ത് മിമിക്രി വേദികളില്‍ സജീവമായിരുന്ന കാലഘട്ടത്തില്‍ മറ്റുള്ളവരെ മച്ചാനേ എന്ന് സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന വര്‍ഗ്ഗീസിനെ പെട്ടെന്ന് തിരിച്ചറിയുവാന്‍ അടുപ്പമുള്ളവര്‍  “മച്ചാന്‍ വര്‍ഗ്ഗീസ്” ആക്കി. പിന്നീട് അത് അദ്ദേഹത്തിന്റെ പേരിന്റെ ഭാഗമായി മാറി. കൊച്ചിന്‍ ഹനീഫ – മച്ചാന്‍ വര്‍ഗ്ഗീസ് കൂട്ടുകെട്ട് പല ചിത്രങ്ങളിലും വളരെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

19 of 24« First...10...181920...Last »

« Previous Page« Previous « അറബിയും ഒട്ടകവും പി. മാധവന്‍ നായരും : പ്രിയന്‍ സിനിമ ഗള്‍ഫില്‍
Next »Next Page » ജയാ രാജീവ്‌ മികച്ച നടി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine