തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ അമ്മ നടിയായ ആറന്മുള പൊന്നമ്മ (96) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയി ലായിരുന്നു അന്ത്യം. മരണ സമയത്ത് കൊച്ചു മകളുടെ ഭര്‍ത്താവ് നടന്‍ സുരേഷ് ഗോപി സമീപത്തുണ്ടായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്തെ ശാന്തി കവാടത്തില്‍ നടക്കും.
നാടക രംഗത്തു നിന്നും സിനിമയില്‍ എത്തിയ പൊന്നമ്മ അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യ ചിത്രം 1950-ല്‍ ഇറങ്ങിയ ശശിധരന്‍ എന്ന ചിത്രമായിരുന്നു. ആദ്യ ചിത്രത്തില്‍ മിസ് കുമാരിയുടെ അമ്മ വേഷമായിരുന്നു പൊന്നമ്മക്ക് ലഭിച്ചത്. തുടര്‍ന്ന് നാലോളം തലമുറയ്ക്കൊപ്പം അമ്മയായും, സഹോദരിയായും, മുത്തശ്ശിയായും അവര്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. ശിവാജി ഗണേശന്റെ അമ്മയായും അഭിനയിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷനിലെ അഭിനയത്തിനു മികച്ച സഹ നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ. സി. ഡാനിയേല്‍ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ അവരെ തേടിയെത്തി. ഗൌരീശങ്കരം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
1914-ല്‍ ആറന്മുളയിലെ മാലേത്ത് വീട്ടില്‍ കേശവ പിള്ളയും പാറുക്കുട്ടി അമ്മയുടേയും മകളായിട്ടായിരുന്നു പൊന്നമ്മയുടെ ജനനം. ബന്ധു കൂടിയായ കൃഷ്ണപിള്ളയായിരുന്നു ഭര്‍ത്താവ്. തിരുവനന്തപുരം സംഗീത അക്കാദമിയില്‍ സംഗീത പഠനം നടത്തിയിട്ടുള്ള ആറന്മുള പൊന്നമ്മ തിരുവനന്തപുരം കോട്ടന്‍ ഹില്‍ ഗേള്‍സ് ഹൈസ്കൂളില്‍ സംഗീത അദ്ധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ഭര്‍ത്താവും മകനും നേരത്തെ മരിച്ചിരുന്നു. നടന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധിക ആറന്മുള പൊന്നമ്മയുടെ മകളുടെ മകളാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary