നാടക സിനിമാ നടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനും ആയ മുരളി ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് അന്തരിച്ചു. 55 വയസായിരുന്നു. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ അദ്ദേഹത്തെ ചൊവ്വാഴ്ച വൈകീട്ട് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം പി. ആര്‍. എസ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് ന്യൂമോണിയ ബാധയെ തുടര്‍ന്ന് കടുത്ത പനിയും ഉണ്ടായിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹം ഇന്നലെ രാത്രി 08:30 യോടെ അന്ത്യശ്വാസം വലിച്ചു.
പത്ത് വര്‍ഷത്തോളമായി പ്രമേഹ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. ഇന്ന് വൈകീട്ട് അരുവിക്കരയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും. ഭാര്യ ഷൈലജ, മകള്‍ കാര്‍ത്തിക.
നാലു തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ഒരു തവണ മികച്ച സഹ നടനുള്ള സംസ്ഥാന പുരസ്കാരവും മുരളിക്ക് ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ഫിലിം ക്രിട്ടിക്സ് പുരസ്കാരം, ഫിലിം ഫെയര്‍ പുരസ്കാരം എന്നിങ്ങനെ ഒട്ടനവധി ബഹുമതികളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
മുരളിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി. പുരോഗമന പ്രസ്ഥാനങ്ങളുമായുള്ള ഒരു നിര്‍ണ്ണായക കണ്ണിയായിരുന്നു അദ്ദേഹം എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മുരളിയുടെ മരണം എന്നെന്നും മലയാള സിനിമക്ക് തീരാ നഷ്ടം ആയിരിക്കും എന്ന് കെ. പി. സി. സി. പ്രസിഡണ്ട് രമേഷ് ചെന്നിത്തല അറിയിച്ചു.
Malayalam actor Murali Passes away