54ആമത് ദേശീയ ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രിയനന്ദന്‍ സംവിധാനം ചെയ്ത മുരളി പ്രധാന കഥാപാത്രം അഭിനയിച്ച പുലിജന്മം ഈ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കി. സൌമിത്രോ ചാറ്റര്‍ജിയാണ് മികച്ച നടന്‍. പ്രിയമണിയാണ് മികച്ച നടി. മധു ഭണ്ഡാര്‍കറാണ് മികച്ച സംവിധായകന്‍.
എം. പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ദൃഷ്ടാന്തമാണ് മികച്ച മലയാള ചിത്രം.
സുമന്‍ ഘോഷിന്റെ പൊദോക്കേബ് എന്ന ചിത്രത്തിലെ അഭിനയം സൌമിത്രോ ചാറ്റര്‍ജിയെ മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തപ്പോള്‍ പരുത്തി വിരലിലെ അഭിനയം പ്രിയമണിയെ മികച്ച നടിയ്ക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കി.
എം. ആര്‍. രാജന്‍ സംവിധാനം ചെയ്ത കോട്ടയ്ക്കല്‍ ശിവരാമനെ കുറിച്ചുള്ള ഡോക്യുമെന്ററിയായ മിനുക്ക് മികച്ച ജീവചരിത്ര ഹ്രസ്വ ചിത്രത്തിനുള്ള അവാര്‍ഡ് നേടി. മികച്ച വിവരണത്തിനുള്ള അവാര്‍ഡ് മിനുക്കിലൂടെ നെടുമുടി വേണു സ്വന്തമാക്കി. അന്ത്യം എന്ന ഹ്രസ്വ ചിത്രം ഒരുക്കിയ ജേക്കബ് വര്‍ഗീസിനാണ് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം. മികച്ച സിനിമ നിരൂപണത്തിനുള്ള അവാര്‍ഡ് റബീഗ് ബാഗ്ദാദി, ജി. പി. രാമചന്ദ്രന്‍ എന്നിവര്‍ പങ്കു വെച്ചു.
ഏറെ കാലത്തിന് ശേഷം ദേശീയ രംഗത്ത് മികച്ച പ്രകടനമാണ് മലയാള സിനിമ കാഴ്ച വെച്ചത്. ഫീച്ചര്‍ ചിത്ര വിഭാഗത്തില്‍ ആറ് അവാര്‍ഡുകളും ഹ്രസ്വ ചിത്ര വിഭാഗത്തില്‍ മൂന്ന് അവാര്‍ഡുകളും മലയാളത്തിന് കിട്ടി.
മത്സരത്തിനുണ്ടായിരുന്ന 15 മലയാള ചിത്രങ്ങളില്‍ 7 ചിത്രങ്ങള്‍ അവസാന റൌണ്ടില്‍ എത്തുകയുണ്ടായി. ഏറ്റവും മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട പുലിജന്മത്തിന് തൊട്ടു പുറകിലായത് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത രാത്രിമഴ എന്ന സിനിമയാണ്. സൌമിത്രോ ചാറ്റര്‍ജിയാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും അവസാന നിമിഷം വരെ തിലകനും മത്സര രംഗത്തുണ്ടായിരുന്നു. ഒടുവില്‍ ഏകാന്തത്തിലെ അഭിനയത്തിന് ജൂറി തിലകനെ പ്രത്യേകം അഭിനന്ദിച്ചു.
പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ചു ചെയ്ത ഒരു മലയാള ചിത്രത്തിന് കിട്ടിയ അംഗീകാരം എന്ന നിലയില്‍ പുലിജന്മത്തിന് ലഭിച്ച അവാര്‍ഡില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകന്‍ പ്രിയനന്ദന്‍ പറഞ്ഞു.
പാരകള്‍ മറി കടന്ന് നേടിയ അവാര്‍ഡായതിനാല്‍ കൂടുതല്‍ സന്തോഷമുണ്ട് എന്നായിരുന്നു ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ തിലകന്റെ പ്രതികരണം. മലയാള പാരകള്‍ തനിക്ക് ചുറ്റുമുണ്ട്. എന്നാല്‍ തമിഴില്‍ പാരകള്‍ ഇല്ല – തിലകന്‍ കൂട്ടിച്ചേര്‍ത്തു.
- ജെ.എസ്.