Hire and Fire എന്ന സാമ്രാജ്യത്വ ഭീമന്മാരുടെ തന്ത്രം രാഷ്ടീയ ത്തിലായാലും സാംസ്കാരിക മേഖലയില്‍ ആയാലും സി. പി. എം. എപ്രകാരം നടപ്പിലാക്കുന്നു എന്ന് സൂഫിയാ മദനിയുടെ സംഭവത്തോടെ ഒരിക്കല്‍ കൂടെ വ്യക്ത മായിരിക്കുന്നു. ഇതാദ്യമായല്ല ഇത്തരം തന്ത്രങ്ങള്‍ അവര്‍ പ്രയോഗിക്കുന്നത്. കേരം തിങ്ങും കേരള നാട്ടില്‍ കെ. ആര്‍. ഗൗരി മുഖ്യ മന്ത്രിയാകും എന്ന് പറഞ്ഞ് പ്രചാരണം നടത്തി വിജയിച്ചപ്പോള്‍ അവരെ ഒഴിവാക്കി നായനാര്‍ മുഖ്യ മന്ത്രിയായി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജന വിധിയുടെ നിര്‍ണ്ണായക സ്വാധീനമായ അചുതാനന്ദന്‍ അച്ചടക്കത്തിന്റെ പേരില്‍ ഇന്ന് നില്‍ക്കുന്ന അവസ്ഥ, നിരവധി വേദികളില്‍ സജീവ സാന്നിധ്യ മായിരുന്ന എം. എന്‍. വിജയനെ പുറത്താക്കി, ബെര്‍ളിന്‍ കുഞ്ഞന്ദന്‍ നായരുടെ മുതല്‍ ടി. എല്‍. ആഞ്ചലോസിന്റെ വരെ അനുഭവം. തൊഴിലാളി വര്‍ഗ്ഗ സംരക്ഷണ ത്തിന്റെ മേലങ്കി യണിഞ്ഞവര്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ ദേശാഭിമാനിയില്‍ നിന്നും പുറത്താക്കിയത് എപ്രകാരമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ഇവര്‍ അവസരവാദ സിദ്ധാന്ത ത്തിന്റെ അപ്പോസ്തലന്മാര്‍ ആണെന്ന് തിരിച്ചറിയേണ്ടത് ഇവിടത്തെ ന്യൂന പക്ഷങ്ങളാണ്. കാരണം ന്യൂനപക്ഷ വിഷയങ്ങളില്‍ തങ്ങളാണ് സജീവമായി ഇടപെടുന്ന തെന്ന് ഒരു ധാരണ പരത്തുവാന്‍ അടുത്ത കാലത്തായി വലിയ ശ്രമങ്ങള്‍ നടത്തുന്നു. ന്യൂനപക്ഷ വിഭാഗ പ്രേമം എന്നത് വോട്ടിനപ്പുറം വലിയ കാമ്പുള്ള ഒന്നല്ല. എന്നാല്‍ വാക്കില്‍ മാത്രം ഉള്ള ഈ പ്രചരണ കോലാഹലങ്ങള്‍ മൂലം അനര്‍ഹ മായതെന്തോ മുസ്ലീം സമുദായത്തിനു നല്‍കുന്നു എന്ന ഒരു തെറ്റായ ധാരണ ഇതു മൂലം ഇതര വിഭാങ്ങള്‍ക്ക് ഉണ്ടാകുകയും ചെയ്യുന്നു. തങ്ങള്‍ ന്യൂന പക്ഷ സംരക്ഷ കരാണെന്ന് ഒരു ധാരണ വരുത്തുകയും അതിലൂടെ ന്യൂന പക്ഷങ്ങളുടെ നിര്‍ണ്ണായക വോട്ടുകള്‍ അനുകൂലമാക്കി അധികാര ത്തിലേറുകയും ചെയ്യുക എന്നത് അവരുടെ രാഷ്ടീയ കൗശലമാണ്. നേരത്തെ പറഞ്ഞ ഗൗരിയമ്മയുടെ വിഷയം പോലെ, കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ പാലോളിയെ ഉയര്‍ത്തി ക്കാട്ടുവാന്‍ ഒരു ശ്രമം നടന്നിരുന്നു എന്നതും ഇവിടെ ചേര്‍ത്തു വായിക്കുക.
സദ്ദാം ഹുസൈനിന്റെ പ്രശ്നത്തിനു കേരളത്തില്‍ എന്തു പ്രസക്തി എന്ന് പരിശോധി ക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. വര്‍ഗ്ഗീയ വികാരത്തിന്റെ ചൂഷണം മാത്രമാണ് ഇതില്‍ എന്ന് വ്യക്തം. ഇറാനോ ഇറാഖോ അല്ല, കുടി വെള്ളമടക്കം ഉള്ള അടിസ്ഥാന ആവശ്യങ്ങളാണ് തങ്ങളുടെ പൊതു ആവശ്യമെന്ന് പറയുവാന്‍ ഉള്ള ആര്‍ജ്ജവം ന്യൂന പക്ഷങ്ങള്‍ക്ക് ആവശ്യമുണ്ട്.
ഇന്ത്യന്‍ മതേതരത്വത്തിനു ഏറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു ബാബറി മസ്ജിദിന്റെ തകര്‍ക്കല്‍. സംഘ പരിവാര്‍ ശക്തികള്‍ ഇന്ത്യന്‍ ജാധിപത്യത്തെ വെല്ലു വിളിച്ചു കൊണ്ട് നടത്തിയ ആ പ്രവര്‍ത്തനത്തെ തടയിടുന്നതില്‍ കോണ്‍ഗ്രസ്സ് ഭരണകൂടം പരാജയപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി പലയിടങ്ങളിലും വര്‍ഗ്ഗീയ വാദികള്‍ അഴിഞ്ഞാടി.
ബാബറി തകര്‍ച്ചയെ തുടര്‍ന്നു ണ്ടാകുന്ന വര്‍ഗ്ഗീയ അസ്വാരസ്യങ്ങള്‍ മൂലം രാജ്യം വലിയ ഒരു അപകടത്തിലേക്ക് നീങ്ങുന്നു എന്ന് തിരിച്ചറിഞ്ഞ് അന്ന് സമുദായത്തോട് സംയമനം പാലിക്കുവാന്‍ അഭ്യര്‍ത്ഥിച്ച് സാമുദായിക സ്പര്‍ദ്ധയ്ക്ക് നമ്മുടെ നാട് വേദി യാകരുതെന്ന് പറഞ്ഞതും അതിനായി പരിശ്രമിച്ചതും മുസ്ലീം ലീഗായിരുന്നു. എന്നാല്‍ മുസ്ലീം ലീഗിനു തീവ്രത പോരാ എന്ന വാദവുമായി മുന്നോട്ടു വന്ന വ്യക്തിയാണ് അബ്ദുള്‍ നാസര്‍ മ അദനി. തീവ്രത നിറഞ്ഞ പ്രസംഗങ്ങളിലൂടെ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ഇവിടത്തെ മതേതര സമൂഹത്തില്‍ കടുത്ത വിഷമാണ് കലര്‍ത്തിയത്. ഗുജറാത്തിലേയോ യു. പി. യിലേയോ പരിവാറുകാരന്റെ മനസ്സല്ല കേരളത്തിലെ ഹിന്ദുവിന്റേതെന്ന് ഏതൊരാള്‍ക്കും വ്യക്തമാണ്. എന്നിട്ടും സംഘ പരിവാറിന്റെ ആര്‍. എസ്. എസിനു മറുപടിയെന്ന്‍ പറഞ്ഞ് ഒരു സംഘടന യുണ്ടാക്കി ക്കൊണ്ട് മുസ്ലീം വിഭാഗത്തില്‍ തീവ്രാഭിപ്രായങ്ങള്‍ കടത്തി വിടുവാന്‍ ശ്രമിച്ച മദനി, കോയമ്പത്തൂര്‍ സ്ഫോടനമടക്കം ഉള്ള പല കേസുകളുമായി ബന്ധപ്പെട്ട് ജയിലില്‍ ആയി. ഒമ്പതു വര്‍ഷം വിചാരണ ത്തടവുകാരനായി ജയില്‍ വാസം. ജയില്‍ വാസത്തി നൊടുവില്‍ കുറ്റ വിമുക്തനായി പുറത്തു വന്നു.
പുറത്തു വന്ന മദനിക്ക് വലിയ സ്വീകരണമാണ് നല്‍കപ്പെട്ടത്. അദ്ദേഹം തന്റെ പഴയ കാല പ്രവര്‍ത്ത നങ്ങളില്‍ ഖേദം പ്രകടിപ്പിച്ചു. മാര്‍ക്കിസ്റ്റു പാര്‍ട്ടിയിലെ ഒരു വിഭാഗം അദ്ദേഹത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. മദനിയുടെ പൂര്‍വ്വ കാല ചരിത്രത്തിന്റെ പശ്ചാത്ത ലത്തില്‍ ഇടതു മുന്നണിയില്‍ പലരും ഈ കൂട്ടു കെട്ടിനെ എതിര്‍ത്തു. എതിര്‍പ്പുകളെ അവഗണിച്ച് പൊന്നാനിയില്‍ അദ്ദേഹത്തിന്റെ പിന്തുണയില്‍ ഇടതു സ്വതന്ത്രനായി മല്‍സരിച്ചു. പിണറായി യടക്കം ഉള്ളവര്‍ അദ്ദേഹത്തൊ ടൊപ്പം വേദി പങ്കിട്ടു. മദനിയോടുള്ള ന്യൂന പക്ഷങ്ങളുടെ സഹതാപത്തെ വോട്ടാക്കി മാറ്റുവാന്‍ ശ്രമിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പു പരാജയത്തോടെ ഈ പരീക്ഷണം പാളിയെന്ന് ബോധ്യപ്പെട്ടവര്‍ മദനിയെ പതിഞ്ഞ സ്വരത്തില്‍ തള്ളി പ്പറഞ്ഞു. കളമശ്ശേരി ബസ്സ് കത്തിക്കല്‍ സംഭവത്തില്‍ സൂഫിയാ മദനിയുടെ ബന്ധത്തെ പറ്റി ആരോപണങ്ങള്‍ വന്നപ്പോള്‍ അന്ന് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞ കാര്യം ഇന്നിപ്പോള്‍ ഉറക്കെ വിളിച്ചു പറയുന്നു. അവസര വാദത്തിന്റെ ആ സ്വരമാണിപ്പോള്‍ സി. പി. എം. കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്.
അതെ കൂട്ടരെ, ഇത് അവരുടെ അവസര വാദ നിലപാടിന്റെ ഒടുവിലത്തെ തെളിവാണ്. നാളെ സൂഫിയാ മദനി കുറ്റ വിമുക്തയായി തിരിച്ചു വരികായാണെങ്കില്‍ ഇക്കൂട്ടര്‍ സ്വീകരണം നല്‍കും. അതു തിരഞ്ഞെടുപ്പു വേളയില്‍ ആണെങ്കില്‍ വലിയ ഒരു സംഭവമാക്കി മാറ്റും.
ആര്‍. എസ്സ്. എസ്സിനു പകരം മറ്റൊരു സംഘടന ഉണ്ടാക്കി അതിലേക്ക് യുവാക്കളെ ചേര്‍ത്ത് നാട്ടില്‍ ചോര പ്പുഴയൊ ഴുക്കുന്നതില്‍ എന്തര്‍ത്ഥ മാണുള്ളത്? അത് സമുദായത്തിലെ ചെറുപ്പക്കാരെയും അവരുടെ കുടുംബങ്ങളേയും നശിപ്പിക്കുവാനേ ഉപകരിക്കൂ. സമുദായത്തിനു ചീത്ത പ്പേരും സമൂഹത്തിന്റെ സംശയത്തോടെ ഉള്ള പെരുമാറ്റവും ആണ് ഇതു മൂലം ഉണ്ടാകുക.
ഇവിടെ തീവ്രവാദം ഒന്നിനും പരിഹാരമല്ല എന്ന ലീഗിന്റെ നിലപാട് ആണ് ശരിയെന്ന് ഒരിക്കല്‍ കൂടെ വ്യക്തമാകുന്നു. ജനാധിപത്യ പരമായ മാര്‍ഗ്ഗത്തിലൂടെ സഹ വര്‍ത്തിത്വ പരമായ ഒരു നിലപാടിലൂടെ മുന്നോട്ടു പോകുവാന്‍ ആണ് എല്ലാ കാലവും ലീഗ് പറയുന്നത്. ആരാധ്യനായ തങ്ങള്‍ക്ക് ഇന്നും വിവിധ മതസ്ഥരായ ജന മനസ്സുകളില്‍ ഇടമുള്ളത് സ്നേഹത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും ഭാഷയും, പ്രവര്‍ത്തിയും ജീവിതത്തില്‍ ഉടനീളം കാത്തു സൂക്ഷിച്ചതു കൊണ്ടാണ്.
മദനി തന്റെ തെറ്റുകള്‍ തിരിച്ചറിഞ്ഞു നന്മയുടെ പാദയിലേക്ക് വന്നു എന്ന് നിരന്തരം ആവര്‍ത്തിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പഴയ കാല പ്രസംഗങ്ങളുടേയും പ്രവര്‍ത്തങ്ങളുടെ ഫലമായി മനസ്സില്‍ തീവ്രാശയങ്ങള്‍ കയറി ക്കൂടിയ പലരും ഇന്ന് ആ മാര്‍ഗ്ഗത്തിലൂടെ ചലിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുവാന്‍ അദ്ദേഹ ത്തിനാകുമോ? വിവിധ കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ പഴയ അനുഭാവികളോ ആ പ്രസംഗങ്ങളില്‍ നിന്നും ആവേശം കൊണ്ടവരോ ആണെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ പഴയ കാല പ്രവര്‍ത്തനങ്ങള്‍ ഇന്ന് വേട്ടയാടി ക്കൊണ്ടിരിക്കുന്നു എന്ന് വേണം കരുതുവാന്‍. അതിനു മറ്റുള്ളവ രേക്കാള്‍ ഉത്തരവാദി സ്വയം ആണെന്ന് തിരിച്ചറിയുക. ഈശ്വര പ്രാര്‍ത്ഥനയില്‍ മുഴുകുക.
– നവാസ് മലബാര്‍



പതിനേഴ് വര്‍ഷം മുന്‍പ് ഭരണകൂടങ്ങളുടെ വീഴച്ച മൂലമോ, ജാഗ്രത ക്കുറവു മൂലമോ എന്നു പറയാവുന്ന സാഹചര്യത്തില്‍ അയോധ്യയിലെ ബാബറി മസ്ജിദ് വലിയ ഒരു സംഘം ആളുകളാല്‍ തകര്‍ക്ക പ്പെടുകയുണ്ടായി. തുടര്‍ന്ന് ഈ പതിനേഴു വര്‍ഷവും, ആ ദിവസം (ഡിസംബര്‍ 6), അത്യന്തം ഭീതിയോടെ ആണ് ജാതി, മത ഭേദമന്യേ ഒരോരുത്തരും ഓര്‍ക്കുന്നത്. മാത്രമല്ല പ്രസ്തുത സംഭവത്തിനു പ്രതികാര മെന്നോണം, അന്നേ ദിവസം, ഭീകരമായ എന്തോ സംഭവിക്കും എന്ന ഭയപ്പാടോടെ, ആളുകള്‍ ഓരോ നിമിഷവും തള്ളി നീക്കുന്നു. ഭരണകൂടവും പല രീതിയില്‍ ഉള്ള ജാഗ്രത പുലര്‍ത്തുന്നു. ഓരോ വര്‍ഷവും, ഇത് പല വിധ ചര്‍ച്ചകള്‍ക്കും, ഈമെയില്‍ വഴിയുള്ള പ്രചാരണങ്ങള്‍ക്കും വഴി വെക്കാറുണ്ട്. ഈ വര്‍ഷവും അതില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ല.





