ദുബായ് : കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ (KERA) യുടെ ആഭിമുഖ്യത്തില്‍ ദുബായില്‍ സംഘടിപ്പിച്ച വ്യാപാര സംഗമം കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ഡോ. ശശി തരൂര്‍ ഉല്‍ഘാടനം ചെയ്തു. ദുബായിലെ എമ്മിറേറ്റ്സ് ടവര്‍ ഹോട്ടലിലെ ഗൊഡോള്‍ഫിന്‍ ബോള്‍ റൂമില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍ തല്‍മീസ് അഹമദ്, ദുബായ് കോണ്‍സല്‍ ജനറല്‍ വേണു രാജാമണി എന്നിവരും സംബന്ധിച്ചു.
സോഫ്റ്റ് വെയര്‍ അല്ലാതെയുള്ള രംഗങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ന് യു.എ.ഇ. എന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് മന്ത്രി അറിയിച്ചു. 160 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ വര്‍ഷം നടത്തിയത്.
കാലവിളംബമില്ലാതെ കാര്യങ്ങള്‍ നടപ്പിലാക്കുന്ന ഒരു സര്‍ക്കാരാണ് ഇത്തവണ അധികാരത്തിലേറിയത്. പഞ്ചവത്സര പദ്ധതികള്‍ക്ക് പകരം 100 ദിന പരിപാടികളാണ് നടപ്പിലാക്കുന്നത്. യുവത്വത്തിന്റെ അക്ഷമയെ ബഹുമാനിക്കുന്ന നയമാണ് സര്‍ക്കാരിന്റേത് എന്നും ഡോ. ശശി തരൂര്‍ പറഞ്ഞു.
കേര സംഘടിപ്പിച്ച ഈ ബിസിനസ് മീറ്റ് എല്ലാ അര്‍ത്ഥത്തിലും അഭിനന്ദനം അര്‍ഹിക്കുന്ന ഒന്നാണെന്ന് ചടങ്ങില്‍ സംസാരിച്ച ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ബിസിനസ് മേഖലയെ അലട്ടുന്ന ഈ സന്ദര്‍ഭത്തില്‍ ഇത്തരമൊരു നീക്കവുമായി മുന്നോട്ട് വന്ന എഞ്ചിനിയര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ട്. പരിപാടിയുടെ നടത്തിപ്പില്‍ ദൃശ്യമായ അച്ചടക്കവും ഗാംഭീര്യവും കേരയുടെ അന്തഃസത്ത വെളിവാക്കുന്നു. ചടങ്ങിനായി തെരഞ്ഞെടുത്ത വേദി തന്നെ ഇതിനൊരു ഉദാഹരണമാണ്. തന്റെ ഔദ്യോഗിക ജീവിതതില്‍ ഇതാദ്യമായാണ് ഒരു മലയാളി സംഘടന എമിറേറ്റ്സ് ടവറില്‍ ഒരു പരിപാടി നടത്തിയതില്‍ താന്‍ പങ്കെടുക്കുന്നത് എന്നു പറഞ്ഞ അദ്ദേഹം, സ്ഥിരമായി മലയാളികളുടെ പരിപാടികള്‍ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡിലാണ് നടത്താറുള്ളത് എന്നു പറഞ്ഞത് സദസ്സില്‍ ചിരിയുണര്‍ത്തി.
കേരയുടെ അംഗങ്ങളായ മലയാളി എഞ്ചിനിയര്‍മാരുടെ ഔദ്യോഗിക വിവരങ്ങള്‍ അടങ്ങിയ ഒരു ബിസിനസ് ഡയറക്ടറി തദവസരത്തില്‍ പ്രകാശനം ചെയ്യുകയുണ്ടായി. ഇത്തരമൊരു ഡയറക്ടറി ഇതാദ്യമായാണ് യു.എ.ഇ. യില്‍ പ്രകാശനം ചെയ്യപ്പെടുന്നത് എന്ന് കേര പ്രസിഡണ്ട് രവി കുമാര്‍ അറിയിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ഗസല്‍ സന്ധ്യയും അരങ്ങേറി.