ദുബായ് : പ്ലാസ്റ്റിക് സഞ്ചികള്‍ തിന്നുന്ന ഒട്ടകത്തെ യു. എ. ഇ. യില്‍ റോഡ് വഴി ദൂര യാത്ര ചെയ്യുന്ന മിക്കവാറും എല്ലാവരും കണ്ടിട്ടുണ്ടാവും. പ്ലാസ്റ്റിക് മലിനീകരണം രൂക്ഷമായ ഈ കാലത്ത് ഈ കാഴ്ച ഒരു അപൂര്‍വതയല്ല. എന്നാല്‍ ഇത് ക്യാമറയില്‍ ഒപ്പിയെടുക്കുവാന്‍ ഫോട്ടോഗ്രാഫിയില്‍ ഏറെ കമ്പമുള്ള ജിനോയ് വിശ്വന്‍ മുതിര്‍ന്നപ്പോള്‍ കാര്യം ഗൌരവമേറിയതായി. അപകടം തിരിച്ചറിയാതെ പ്ലാസ്റ്റിക് അകത്താക്കുന്ന ഒട്ടകത്തിന്റെ കാര്യം ഓര്‍ത്തപ്പോള്‍ പരിസ്ഥിതി സ്നേഹിയായ ഈ ചെറുപ്പക്കാരന്റെ മനസ്സൊന്ന് പിടഞ്ഞു. ഒരു പതിവ് ബ്ലോഗറായ അദ്ദേഹം അന്ന് രാത്രി തന്നെ താന്‍ എടുത്ത ചിത്രം ഒരു കുറിപ്പോട് കൂടി ഒരു പ്രമുഖ അറബ് പത്രത്തിന് അയച്ചു കൊടുത്തു. പത്രം ഇത് ഏറെ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു.
മരുഭൂമികള്‍ മലിനീകരണ വിമുക്തമാക്കേണ്ട ആവശ്യകതയെ എടുത്തു കാണിക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. ദുബായില്‍ എന്‍ജിനിയറായ ജിനോയ് മലിനീകരണം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികളും തന്റെ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന ഈ സാധു മൃഗങ്ങള്‍ മാരകമായ വസ്തുവാണെന്ന് അറിയാതെയാണ് പ്ലാസ്റ്റിക് സഞ്ചികള്‍ ഭക്ഷിക്കുന്നത് എന്ന് ജിനോയ് ചൂണ്ടിക്കാണിക്കുന്നു. ഇവരെ സംരക്ഷിക്കാനുള്ള ചുമതല നമുക്കുണ്ട്. നിരുത്തരവാദപരമായി മാലിന്യം വലിച്ചെറിയുന്നത് മൂലം ഈ മൃഗങ്ങളുടെ മരണത്തിന് നാം ഓരോരുത്തരും ഉത്തരവാദികള്‍ ആവുകയാണ് എന്നും ഇദ്ദേഹം തന്റെ ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.
കഴിഞ്ഞ മാസം വായനക്കാര്‍ അയച്ച റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി അതില്‍ മികച്ച മൂന്ന് റിപ്പോര്‍ട്ടുകള്‍ തെരഞ്ഞെടുത്തപ്പോള്‍ ജിനോയ് എഴുതിയ ലേഖനം ഒന്നാമതായി. ഈ ബഹുമതി പത്രം തന്നെ വിളിച്ചറിയിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയതായി ജിനോയ് പറഞ്ഞു.
തന്റെ ലേഖനം വായിച്ച ഏതെങ്കിലും ഒരു വായനക്കാരനെങ്കിലും പരിസര മലിനീകരണത്തെ കുറിച്ച് ബോധവാനായി എന്നുണ്ടെങ്കില്‍ തന്റെ ഉദ്യമം സഫലമായി എന്നാണ് പരിസ്ഥിതി നിയമത്തില്‍ ബിരുദാനന്തര ഡിപ്ലോമ നേടാന്‍ തയ്യാറെടുക്കുന്ന ഈ ചെറുപ്പക്കാരന്‍ പറയുന്നത്.
ഫോട്ടോഗ്രാഫി യില്‍ ഏറെ താല്‍പര്യമുള്ള ഏതാനും പേരോടൊപ്പം ഷട്ടര്‍ ബഗ്സ് എന്ന പേരില്‍ ഒരു ഫോട്ടോഗ്രാഫി ക്ലബിന്റെ പ്രവര്‍ത്തനങ്ങളിലും താന്‍ സജീവമാണ് എന്ന് ജിനോയ് വെളിപ്പെടുത്തി. അതിരാവിലെ സൂര്യന്‍ ഉദിച്ചുയരുന്ന വേള ഫോട്ടോ എടുക്കാന്‍ ഏറ്റവും നല്ല സമയമാണ്. എപ്പോഴാണ് ഒരു ഫോട്ടോയ്ക്ക് പറ്റിയ സന്ദര്‍ഭം ഒത്തു കിട്ടുക എന്ന നോട്ടത്തിലാണ് ഞങ്ങള്‍. അതിനാല്‍ എപ്പോഴും ഒരു ക്യാമറ കയ്യില്‍ കരുതുകയും പരിസരം ശ്രദ്ധാപൂര്‍വം വീക്ഷിക്കുകയും ചെയ്യുന്നത് ഞങ്ങളുടെ ശീലമാണ്. ഇതാണ് തന്റെ ശ്രദ്ധ ഈ വിഷയത്തില്‍ പതിയാന്‍ കാരണമായത്.
ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ള ആര്‍ക്കും ഷട്ടര്‍ ബഗ്സില്‍ അംഗമാകാം. ഫോട്ടോഗ്രാഫിയുടെ ബാല പാഠങ്ങള്‍ മുതല്‍ മികവുറ്റ ഫോട്ടോകള്‍ എടുക്കുന്നതിന്റെ രഹസ്യങ്ങള്‍ വരെ ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ മേല്‍ നോട്ടത്തില്‍ ഷട്ടര്‍ ബഗ്സ് നടത്തുന്ന പഠന ശിബിരങ്ങളില്‍ പങ്കെടുത്ത് പഠിക്കുവാന്‍ കഴിയും എന്നും അദ്ദേഹം അറിയിച്ചു. കേവലം ഒരു നേരമ്പോക്ക് എന്നതിനുമപ്പുറം ഫോട്ടോഗ്രാഫിക്ക് സാമൂഹ്യ പ്രസക്തിയുണ്ട് എന്ന് തനിക്ക് ലഭിച്ച ബഹുമതി തന്നെ ബോദ്ധ്യപ്പെടുത്തിയതായി ജിനോയ് പറയുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി, പ്രവാസി, ബഹുമതി, മാധ്യമങ്ങള്‍