ദുബായ്: ഇസ്ലാം മതത്തെ അധിക്ഷേപിച്ചു സംസാരിക്കുകയും പ്രവാചകനെ ”തീവ്രവാദി” എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ഒരു ബ്രിട്ടീഷ് വിനോദ സഞ്ചാരിയെ ഇന്നലെ ദുബായ് കോടതിയില്‍ ഹാജരാക്കി. ദുബായിലെ മാള്‍ ഓഫ് എമിറേറ്റ്‌സിലെ ഈമാക്സ് ഇലെക്ട്രോണിക്സ് ഷോപ്പിലെ ഒരു ജീവനക്കാരനുമായി സംസാരിക്കുന്നതിന് ഇടയിലാണ് 40 കാരനായ ഇയാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്.
കടയിലെ പാക്കിസ്താനിയായ ഹസ്സന്‍ ഹബീബ് എന്ന സെയില്‍സ്മാനെ സമീപിച്ച ബ്രിട്ടീഷ്‌കാരന്‍ ഇയാള്‍ പാക്കിസ്താനിയാണ് എന്ന് അറിഞ്ഞപ്പോള്‍, പാക്കിസ്ഥാന്‍ ഒരു നശിച്ച രാജ്യമാണെന്നും, അവിടെ നിറയെ ഭ്രാന്ത് പിടിച്ച മനുഷ്യരാണ് എന്നും പറഞ്ഞു. ഇതില്‍ രോഷാകുലനായ ഹസ്സന്‍ തിരിഞ്ഞു നടന്നപ്പോള്‍, എല്ലാ മുസ്ലിങ്ങള്‍ക്കും ഭ്രാന്താണെന്നും പ്രവാചകന്‍ മുഹമ്മദ് ഒരു തീവ്രവാദിയാണെന്നും ബ്രിട്ടീഷ്‌കാരന്‍ വിളിച്ചു പറഞ്ഞു.
സംഭവത്തിന് ഒരു ഈജിപ്ത്യന്‍ വിനോദ സഞ്ചാരിയും ഇതേ കടയിലെ ഒരു ശ്രിലങ്കന്‍ ജീവനക്കാരനും ദൃക്‌സാക്ഷികളായി. എന്നാല്‍ ബ്രിട്ടീഷ്‌കാരന്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്. ഇസ്ലാം മതത്തെ നിന്ദിക്കുന്ന രീതിയില്‍ പൊതു സ്ഥലങ്ങളില്‍ സംസാരിച്ചാല്‍ അത് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കും പതിനായിരം ദിര്‍ഹം പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കേസില്‍ വിധി പറയുന്നത് കോടതി ജൂണ്‍ 9 ലേക്ക് മാറ്റി വച്ചു.
- ജെ.എസ്.
ഈ പത്രം വലരെ നന്നായിരിക്ക്കുന്നു,പത്ര ധര്‍മം പുലര്‍ട്ഠിയിരിക്കുന്നു