
ദുബായ് : കോഴിക്കോട് ജില്ലയില്‍ നിന്നെത്തി യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ക്ഷേമവും, കോഴിക്കോടിന്റെ വികസനവും ലക്ഷ്യമാക്കി കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ എന്ന പേരില്‍ ഒരു പ്രവാസി കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം ദുബായില്‍ നടക്കുന്നു. ഏപ്രില്‍ അവസാന വാരം നടക്കുന്ന ബാബുരാജ് സംഗീത നിശയില്‍ വെച്ചായിരിക്കും സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക.
സത്യസന്ധതയ്ക്ക് പേര് കേട്ട കോഴിക്കോട്ടെ ഓട്ടോറിക്ഷ തൊഴിലാളികളെ മാനിക്കുന്നതിന്റെ ഭാഗമായി മികച്ച സേവനം അനുഷ്ഠിക്കുന്ന ഒരു ഓട്ടോ ഡ്രൈവറെ തെരഞ്ഞെടുത്ത് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ കൊണ്ട് വന്നു പുരസ്കാരം നല്‍കും.
ജില്ലയില്‍ നിന്നുമുള്ള വിവിധ പ്രാദേശിക സംഘടനകളെയും, പൂര്‍വ വിദ്യാര്‍ത്ഥി സംഘങ്ങളെയും എകൊപിപ്പിക്കുവാന്‍ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് വെങ്കിട്ട് എസ്. മോഹന്‍, ജനറല്‍ സെക്രട്ടറി നിഫ്‌ഷാര്‍ കെ. പി., ട്രഷറര്‍ ബഷീര്‍ ടി. പി. എന്നിവര്‍ ദുബായില്‍ നടന്ന സംഘടനയുടെ ആദ്യ പൊതു യോഗത്തില്‍ പറഞ്ഞു.
മുഖ്യധാരയില്‍ ഇടം കിട്ടാത്ത സാധാരണ പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടു പരിഹാരം കാണുകയാണ് ഇന്നത്തെ ആവശ്യം എന്ന് പൊതു യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ മാധ്യമ പ്രവര്‍ത്തകന്‍ കെ. കെ. മൊയ്തീന്‍ കോയ അഭിപ്രായപ്പെട്ടു.
സംഘടനയുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് 050 5146368 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.