ദുബായ് : പ്രവാസികള്‍ക്ക് വോട്ടവകാശം രേഖപ്പെടുത്താന്‍ അപേക്ഷകള്‍ അയക്കാനുള്ള സഹായ പ്രവര്‍ത്തനങ്ങളുമായി ദുബായ് കെ. എം. സി. സി. രംഗത്ത്. ആവശ്യക്കാര്‍ക്ക് അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്യല്‍, പൂരിപ്പിച്ചു നല്‍കല്‍, കൊറിയര്‍ വഴി അയച്ചു കൊടുക്കല്‍ എന്നിവയാണ് കെ. എം. സി. സി. നിര്‍വഹിച്ചു കൊടുക്കുകയെന്നും ഈ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ സമീപിക്കണമെന്നും സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍ അറിയിച്ചു.
ഫോറം നമ്പര്‍ ആറ്-എ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്നാണ് നേരത്തെ പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി
പ്രസ്താവിച്ചിരുന്നത്. ഇക്കാര്യം വിശദീകരിച്ച് പ്രത്യേക വിജ്ഞാപനം ഇറക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നെങ്കിലും അങ്ങനെയുണ്ടായില്ല. അപേക്ഷകള്‍ എംബസിയില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ സാക്ഷ്യപ്പെടു ത്തണമെന്നതാണ് പുതിയ വിവരം. എന്നാല്‍, പ്രവാസികളെ സംബന്ധിച്ചിടത്തോളം സ്വയം സാക്ഷ്യപ്പെടുത്തല്‍ തന്നെയാണ് ഏറെ ഉപകാര പ്രദമെന്നും ആ നിലക്കുള്ള നടപടി ക്രമങ്ങള്‍ പാലിക്കാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം ബന്ധപ്പെട്ട അധികൃതരോട് അഭ്യര്‍ത്ഥിച്ചു.
ഏപ്രില്‍ 14ന് നടക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ പ്രവാസികളെ അനുവദിച്ച് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
കഴിഞ്ഞ ദിവസം വിജ്ഞാപനം ഇറക്കിയിരുന്നു. 2011 ജനുവരി 1ന് 18 വയസ്സ് തികഞ്ഞ, വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളും
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കണം. ഇതിനായി തെരഞ്ഞെടുപ്പ് കമമിഷന്റെ വെബ്‌സൈറ്റില്‍ ഓവര്‍സീസ് ഫോറം നമ്പര്‍ ആറ്-എ പൂരിപ്പിച്ച് അയക്കുകയാണ് വേണ്ടത്. നാട്ടിലുള്ളവര്‍ നേരിട്ടും, അല്ലാത്തവര്‍ തപാലിലും അതാത് നിയമ സഭാ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട രജിസ്ട്രാര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. തഹസില്‍ദാറാണ് രജിസ്‌ട്രേഷര്‍ ഓഫീസര്‍.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടിലെ ഫോട്ടോ പതിച്ച മേല്‍വിലാസമുള്ള പേജിന്റെ പകര്‍പ്പ്, വിസാ പേജിന്റെ പകര്‍പ്പ് എന്നിവ
വെയ്ക്കണം. നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുമായാണ് ഹാജരാകേണ്ടത്. വെരിഫിക്കേഷന് ശേഷം പാസ്‌പോര്‍ട്ട്
ഉടന്‍ തിരിച്ച് നല്‍കും.
എന്‍. ആര്‍. ഐ. വിഭാഗത്തിലുള്ളവര്‍ തിരിച്ചറിയല്‍ രേഖയായി പോളിംഗ് ഉദ്യോഗസ്ഥന് പാസ്‌പോര്‍ട്ട് കാണിക്കല്‍ നിര്‍ബന്ധമാണ്. വിശദ വിവരങ്ങള്‍
തെരഞ്ഞെടുപ്പ് കമ്മീഷന്റെ http://ecinic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., പ്രവാസി