ദുബായ് : പാണ്ഡിത്യവും നേതൃ പാടവവും ഗ്രന്ഥ രചനാ പാടവവും ഒത്തിണങ്ങിയ അപൂര്‍വ്വം ചില മഹത് വ്യക്തിതങ്ങളില്‍ ഒരാളായിരുന്നു ഖാസി സി. എം. അബ്ദുല്ല മൌലവി എന്ന് പ്രമുഖ പ്രാസംഗികന്‍ സിംസാറുല്‍ ഹഖ് ഹുദവി അനുസ്മരിച്ചു. ചെമ്പിരിക്ക വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന “എന്റെ കഥ, വിദ്യാഭ്യാസത്തിന്റെയും” എന്ന സി. എം. അബ്ദുല്ല മൌലവിയുടെ ആത്മകഥയുടെ ഗള്‍ഫ് സെക്ഷന്‍ പ്രകാശന യോഗത്തിന്റെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തന്റെ ജീവിത കാലം മുഴുവന്‍ മത – ഭൌതിക വിജ്ഞാന ശാഖകളുടെ സമന്വയത്തിനും, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംസ്ഥാപനത്തിനും ചിലവഴിച്ച് ഒടുവില്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്ത സാക്ഷിയാകേണ്ടി വന്ന മഹാ പണ്ഡിതനാണ് അദ്ദേഹം. പ്രവാചകന്റെ നാല് ഖലീഫമാരില്‍ മൂന്നു പേരുടെയും മരണം ദീനിന്‍റെ ശത്രുക്കളുടെ കരങ്ങളാല്‍ സംഭവിച്ചത് തന്നെയാണ് എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പാരത്രിക ലോകത്ത് ഉന്നതമായ സ്ഥാനങ്ങള്‍ കല്പിച്ചു നല്‍കാന്‍ അല്ലാഹു അദ്ദേഹത്തിന് ശഹീദിന്റെ പദവി നല്‍കിയതാവാമെന്നും ഇതോടെ ചരിത്രത്തില്‍ രക്തസാക്ഷികളാകേണ്ടി വന്ന മഹാരഥന്‍മാരുടെ പട്ടികയിലേക്ക് സി. എം. ഉസ്താദും ചേര്‍ക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അദ്ദേഹം സ്ഥാപിച്ച സ-അദിയ്യ, മലബാര്‍ ഇസ്ലാമിക് കോമ്പ്ലെക്സ് കോളേജ് അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപന ങ്ങളിലൂടെയും പരന്നൊഴുകി ലോകത്തിനു വെളിച്ചമാകുന്ന വിജ്ഞാന പ്രവാഹത്തിലൂടെ അദ്ദേഹം എക്കാലവും ഓര്‍മിക്കപ്പെടുമെന്നും അവയുടെ പ്രതിഫലം ലോകം നിലനില്‍ക്കുന്ന കാലത്തോളം അദ്ദേഹത്തിന് ലഭ്യമാവട്ടെയെന്നും അദ്ദേഹം പ്രാര്‍ഥിച്ചു. അത് വഴി മഹത് കര്‍മങ്ങളുടെ കാര്യത്തില്‍ മുതലാളിമാരായി നാഥന്റെ സന്നിധിയിലേക്ക് ചെല്ലാന്‍ പറ്റിയ മഹാനായി തീര്‍ന്നു അദ്ദേഹം. ചരിത്രത്തിലെ ഇത്തരം മറ്റു സംഭവങ്ങളില്‍ എന്ന പോലെ മറുഭാഗത്ത് ദൌര്‍ഭാഗ്യ വാന്മാരായ അക്രമികള്‍ ഉണ്ടാവേണ്ടത് ഒരു അനിവാര്യതയായിരുന്നു എന്ന് മാത്രം. പക്ഷെ, അത് വഴി സി. എം. ഉസ്താദ് ശഹീദിന്റെ പദവിയിലേക്ക്, സ്വന്തക്കാരായ 70 പേര്‍ക്ക് മഹ്ശറയില്‍ ശഫാ-അത് നല്‍കാന്‍ കഴിയുന്ന ഉന്നത സ്ഥാനത്തേക്ക് ഉയരുക യാണുണ്ടായത്.
ആത്മകഥ പുസ്തകത്തെ പരിചയപ്പെടുത്തി കൊണ്ട് മകന്‍ സി. എ. ഷാഫി സംസാരിച്ചു. ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ ട്രസ്റ്റ് പുറത്തിറക്കിയ ഈ പുസ്തകത്തിനു പിറകെ സി. എം. അബ്ദുല്ല മൌലവിയുടെ സ്വന്തം കരങ്ങളാല്‍ വിരചിതമായ പഠനാര്‍ഹവും ഗൌരവ പൂര്‍ണവുമായ പല കൃതികളും താമസിയാതെ പുറത്തിറങ്ങുമെന്നും സി. എ. ഷാഫി അറിയിച്ചു.
തന്റെ ജീവിതം പോലെ ഉസ്താതിന്റെ മരണവും ചരിത്രത്തിന്റെ ഭാഗമായെന്നു മൊയ്തു നിസാമി ആശംസ പ്രസംഗത്തില്‍ അനുസ്മരിച്ചു. ഏറെ വിവാദ വല്‍കരിക്കപ്പെട്ട ബുര്‍ദ ബൈതിലെ ആ രണ്ടു വരികളുടെ അര്‍ഥം ഹിന്ദു സഹോദരന്മാര്‍ പോലും ഇപ്പോള്‍ മന: പാഠമാക്കിയത് ആ ജീവിതത്തിന്റെയും മരണത്തിന്റെയും മഹത്വമാകുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു.
സി. എല്‍. മന്‍സൂര്‍ സ്വാഗതം പറഞ്ഞു. ചെമ്പിരിക്ക വെല്‍ഫയര്‍ സൊസൈറ്റി പ്രസിഡന്റ് മുസ്തഫ സര്‍ദാര്‍ അധ്യക്ഷനായി. ദുബായ് സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കൊയമ്മ തങ്ങളില്‍ നിന്ന് അബ്ദുസ്സലാം ഹാജി വെല്‍ഫിറ്റ് പുസ്തകം ഏറ്റുവാങ്ങി.
– ആരിഫ് ചെമ്പരിക്ക