ചെന്നൈ : നമ്മുടെ നാട്ടിലെ മിക്ക ഉത്സവങ്ങളെയും പോലെ മൃഗങ്ങളോടുള്ള ക്രൂരത മനുഷ്യന് വിനോദമായി മാറുന്ന മറ്റൊരു ഉല്‍സവമാണ് തമിഴ് നാട്ടിലെ ജെല്ലിക്കെട്ട് എന്ന കാളപ്പോര്. ജെല്ലിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ചില സംഘടനകള്‍ നിയമ യുദ്ധം നടത്തി വരുന്നതിന്റെ ഫലമായി പല തവണ സുപ്രീം കോടതി ജെല്ലിക്കെട്ട് താല്‍ക്കാലികമായി നിരോധിച്ചിരുന്നു.
കഴിഞ്ഞ വര്ഷം നടന്ന ജെല്ലിക്കെട്ടില്‍ പങ്കെടുത്ത 21 ആളുകള്‍ മരിക്കുകയും 1,600 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്‌തതായി മൃഗക്ഷേമ വകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് നേരത്തെ സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധനം ഏര്‍പ്പെടുത്തിയത്.
എന്നാല്‍ പിന്നീട് ചില ഉപാധികളോടെ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ഉള്‍പ്പെട്ട ബെഞ്ച് ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. ജെല്ലിക്കെട്ട് വീഡിയോയില്‍ പകര്‍ത്തണമെന്നും, കാണികള്‍ക്കോ മൃഗങ്ങള്‍ക്കോ യാതൊരു പരുക്കും ഏല്‍ക്കാത്ത രീതിയില്‍ ജില്ലാ ഭരണകൂടം മുന്‍കരുതലുകളെടുക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. ജെല്ലിക്കെട്ട് നടത്തുന്നവര്‍ മൂന്നു ദിവസം മുന്‍പ് ഇതിനായുള്ള അനുമതി തേടണം. മൃഗ ക്ഷേമ വകുപ്പ് സാക്ഷിയായി വേണം മത്സരങ്ങള്‍ നടത്താന്‍ എന്നും മല്‍സരത്തിനു ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശമുണ്ട്.
ഈ ജനുവരി 17ന് നടക്കുന്ന ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്ന കാളകളുടെ ഉടമസ്ഥര്‍ 1000 രൂപ നല്‍കി കാളകളെ മൃഗ ക്ഷേമ വകുപ്പില്‍ റെജിസ്റ്റര്‍ ചെയ്യണം.
കാളകളെ ഉത്തേജക മരുന്നുകള്‍ നല്‍കി യാണ് പോരില്‍ പങ്കെടുപ്പിക്കുന്നത് എന്ന് മൃഗ ക്ഷേമ വകുപ്പ് വക്താവ് പറയുന്നു. ജെല്ലിക്കെട്ട് നിരോധിക്കുന്നതിന് എതിരെ പ്രാദേശികമായി വന്‍ എതിര്‍പ്പ് ഉണ്ടെങ്കിലും മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ ഈ ക്രൂര വിനോദം നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നും മൃഗ ക്ഷേമ വകുപ്പ് അറിയിച്ചു.
ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതയ്ക്കെതിരെ അടുത്ത കാലത്തായി വന്‍ തോതില്‍ ബോധവല്‍ക്കരണം നടന്നു വരുന്നുണ്ട്.
- ജെ.എസ്.