ന്യൂഡല്‍ഹി : ദയാ വധം ചില നിബന്ധനകളോടെ ആവാം എന്ന് സമ്മതിച്ച സുപ്രീം കോടതി പക്ഷെ അരുണ ഷാന്ബാഗിന്റെ കാര്യത്തില്‍ ദയ കാണിച്ചില്ല. മുംബൈ കിംഗ് എഡ്വാര്‍ഡ് സ്മാരക ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യവേ ആശുപത്രിയിലെ തൂപ്പുകാരന്‍ ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്ന് മസ്തിഷ്കം ഭാഗികമായി നശിക്കുകയും, കാഴ്ച ശക്തി നഷ്ടപ്പെടുകയും, നട്ടെല്ലിന് ക്ഷതമേല്ക്കുകയും ചെയ്ത അരുണ കഴിഞ്ഞ 37 വര്‍ഷമായി ജീവച്ഛവമായി ആശുപത്രിയില്‍ കഴിയുകയാണ്.
ദയാവധം (യുത്തനേഷ്യ) സംബന്ധിച്ച് നിയമ നിര്‍മ്മാണം നടത്തണമെന്ന് നിര്‍ദ്ദേശിച്ച കോടതി പാസിവ് യുത്തനേഷ്യ മാത്രമേ ആകാവൂ എന്നും നിഷ്കര്‍ഷിച്ചു. കൃത്രിമമായി ജീവന്‍ നിലനിര്‍ത്താന്‍ ഉള്ള ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം തികച്ചും സാങ്കേതികമായി മാത്രം ജീവിക്കുന്ന ഒരാളെ ഈ ഉപകരണങ്ങളുടെ സഹായം ഒഴിവാക്കി അയാളെ മരിക്കുവാന്‍ അനുവദിക്കു ന്നതിനെയാണ് പാസിവ് യുത്തനേഷ്യ എന്ന് പറയുന്നത്.
എന്നാല്‍ അരുണയെ പോലെ ഒരു രോഗിയെ മാരകമായ വിഷം കുത്തി വെച്ച് വധിക്കുന്നത് പോലെയാവും ദയാ വധം അനുവദിക്കുന്നത് എന്ന് കോടതി നിരീക്ഷിച്ചു. ഇത് അനുവദിക്കാന്‍ ആവില്ല.
പാസിവ് യുത്തനേഷ്യ അനുവദിക്കണമെങ്കില്‍ രോഗിയുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ അപേക്ഷിക്കണം. രോഗിയെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും ഈ തീരുമാനം കൈക്കൊള്ളാം. എന്നാല്‍ ഈ തീരുമാനം രോഗിയുടെ മികച്ച താല്പര്യത്തിനായിരിക്കണം.
അരുണയുടെ കാര്യത്തില്‍ ഈ തീരുമാനം സ്വീകരിക്കേണ്ടത് അവരെ ഇത്രയും നാള്‍ പരിചരിച്ച ആശുപത്രിയിലെ ജീവനക്കാരാണ് എന്നും കേസ് നല്‍കിയ പിങ്കി വീരാണി അല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
ആശുപത്രി ജീവനക്കാര്‍ സമ്മതിക്കാത്ത നിലയ്ക്ക് അരുണയുടെ ദയാ വധത്തിനുള്ള അപേക്ഷ തള്ളുകയാണ് എന്നും കോടതി അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കോടതി, നിയമം, പീഡനം, മനുഷ്യാവകാശം, വിവാദം, വൈദ്യശാസ്ത്രം