ശ്രീഹരിക്കോട്ട : മൂന്ന് ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തില്‍ എത്തിച്ചു കൊണ്ട് ഇന്ത്യയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (PSLV – Polar Satellite Launch Vehicle) വിജയകരമായി ഉദ്യമം പൂര്‍ത്തിയാക്കി. ഇത് പി. എസ്. എല്‍. വി. യുടെ മധുര പതിനേഴാണ്. ശ്രീഹരിക്കോട്ടയില്‍ നിന്നും നടത്തിയ പതിനേഴാമത്തെ വിജയകരമായ വിക്ഷേപണമാണ് ബുധനാഴ്ച രാവിലെ 10:12ന് നടന്നത്.
കുറ്റമറ്റ വിക്ഷേപണത്തിന്റെ 18ആം മിനിട്ടില്‍ ഇന്ത്യയുടെ റിസോഴ്സ് സാറ്റ് – 2 എന്ന ഉപഗ്രഹത്തെ പി. എസ്. എല്‍. വി. യുടെ നാലാം ഘട്ടം കൃത്യമായ ഭ്രമണ പഥത്തില്‍ എത്തിച്ചു. ലക്ഷ്യമിട്ട ഭ്രമണ പഥത്തിന് 900 മീറ്റര്‍ അടുത്ത് എന്ന കൃത്യത ഈ വിക്ഷേപണത്തിന്റെ പ്രശംസനീയമായ നേട്ടമായി എന്ന് ഐ. എസ്. ആര്‍. ഓ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ലോക രാഷ്ട്രങ്ങള്‍ക്ക് മുഴുവന്‍ റിസോഴ്സ് സാറ്റിന്റെ റിമോട്ട് സെന്‍സിംഗ് ചിത്രങ്ങള്‍ ലഭ്യമാക്കുന്ന ഒരു ആഗോള സംരംഭമാണ് ഇതോടെ ഇന്ത്യ വിജയകരമായി നടപ്പിലാക്കിയത്.
റിസോഴ്സ് സാറ്റ് – 2 ലക്ഷ്യം കണ്ടതിന് 18 സെക്കന്‍ഡുകള്‍ക്കുള്ളില്‍ യൂത്ത്‌സാറ്റ്, എക്സ്-സാറ്റ് എന്നീ ഉപഗ്രഹങ്ങളെയും ഭ്രമണ പഥത്തില്‍ എത്തിച്ചു.
ഈ വിജയത്തോടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും ആദായകരവുമായ ഉപഗ്രഹ വിക്ഷേപണ സേവനം എന്ന സ്ഥാനത്തിന് പി. എസ്. എല്‍. വി. അര്‍ഹമായതായി തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ പി. എസ്. വീരരാഘവന്‍ അറിയിച്ചു.
“ഇത് മധുര പതിനേഴാണ്” എന്നാണ് ഈ വിജയത്തെ കുറിച്ച് ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ മേധാവി എസ്. രാമകൃഷ്ണന്‍ പറഞ്ഞത്.
റോക്കറ്റിന്റെ നാലു ഘട്ടങ്ങളുടെയും മികച്ച പ്രകടനം ഐ. എസ്. ആര്‍. ഓ. യില്‍ രാഷ്ട്രം സമര്‍പ്പിച്ച വിശ്വാസത്തെ ഒന്നു കൂടി പ്രബലമാക്കി എന്ന് ഈ വിക്ഷേപണത്തിന് നേതൃത്വം നല്‍കിയ പി. കുഞ്ഞികൃഷ്ണന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
സ്വകാര്യ കമ്പനിക്ക് എസ് – ബാന്‍ഡ് സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ മങ്ങലേല്‍പ്പിച്ച ഐ. എസ്. ആര്‍. ഓ. യുടെ ശാസ്ത്രജ്ഞരുടെ ആത്മവീര്യം മെച്ചപ്പെടാന്‍ ഈ വിജയം സഹായകരമാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി, ശാസ്ത്രം, സാങ്കേതികം