മുംബൈ : ആദർശ് ഹൌസിംഗ് സൊസൈറ്റി കുംഭകോണം അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷന്റെ ഇടക്കാല റിപ്പോർട്ടിലെ കണ്ടെത്തലുകളെ പ്രതിരോധ മന്ത്രാലയം തള്ളിക്കളഞ്ഞു. വിവാദ കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമി സംസ്ഥാനത്തിന്റെ ഉടമസ്ഥതയിൽ ആണ് എന്ന കമ്മീഷന്റെ കണ്ടെത്തൽ വസ്തുതാപരമായി തെറ്റാണ് എന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്. ആരും ഒപ്പു വെയ്ക്കാത്ത ഒരു കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഭൂമി സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലാണ് എന്ന നിഗമനത്തിൽ എത്തിച്ചേർന്നത് എന്നാണ് പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നത്. 1989ൽ മുംബൈ കലക്ടർ എഴുതിയ ഒരു എഴുത്തിലും അതേ വർഷം തന്നെ ചേർന്ന ഒരു ഉന്നതാധികാര യോഗത്തിന്റെ മിനുട്ട്സിലും പ്രസ്തുത ഭൂമി 1940കൾ മുതൽ സൈന്യത്തിന്റെ കൈവശമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ രേഖകൾ കമ്മീഷൻ കണ്ടില്ലെന്ന് നടിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ സർക്കാറിന്റെ 1935ലെ ഭൂനിയമത്തിന്റെ വ്യാഖ്യാനം കമ്മീഷൻ നടത്തിയത് പോലെയാണെങ്കിൽ ബ്രിട്ടീഷുകാർ രാജ്യം വിട്ടപ്പോൾ മുതൽ ഇന്ത്യൻ സൈന്യത്തിന്റെ അധീനതയിലുള്ള 11 പ്രധാന സൈനിക കേന്ദ്രങ്ങളിൽ നിന്നും സൈന്യം പുറന്തള്ളപ്പെടും എന്നും പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.
- ജെ.എസ്.