പാരാദീപ് : പോസ്‌കോ എന്ന ബഹുരാഷ്ട്ര കുത്തകയ്ക്കു വേണ്ടി സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കുടിയിറക്കപ്പെടുന്ന ആയിരക്കണക്കിന് ഗ്രാമീണര്‍ പൊരി വെയിലില്‍ നടത്തി വരുന്ന സമരം ഒരു വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാരുകള്‍ പോസ്‌കോയ്ക്കു വേണ്ടി സമരക്കാരെ അടിച്ചമര്‍ത്തുകയാണ്. ഒറീസയിലെ പാരാദീപിന് അടുത്തുള്ള 52,000 കോടിയുടെ സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ വേണ്ടി അധികൃതര്‍ നടത്തുന്ന നിര്‍ബന്ധിത സ്ഥലമെടുപ്പിന് എതിരെ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ താക്കീത് നല്‍കുകയുമുണ്ടായി. എന്നാല്‍ സ്ഥലമെടുപ്പ് നടപടികള്‍ അനുസ്യൂതം തുടരുകയാണ്. ഇതിനോടകം സ്ഥലവാസികളുടെ ഭൂമിക്ക് പുറമേ 10 ഏക്കറോളം വന ഭൂമിയും സര്‍ക്കാര്‍ സ്റ്റീല്‍ പ്ലാന്റിന് വേണ്ടി ഏറ്റെടുത്തു കഴിഞ്ഞു.
പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ 23 പ്ലാറ്റൂണ്‍ പോലീസുകാരെ ഇവിടെ വിന്യസിച്ചു. എന്നാല്‍ 2000 ത്തോളം സ്ത്രീകളും കുട്ടികളും വൃദ്ധ ജനങ്ങളും അടങ്ങുന്ന ഗ്രാമ വാസികളുടെ സംഘം പദ്ധതി പ്രദേശത്ത് പോലീസും അധികൃതരും പ്രവേശിക്കുന്നത് തടയാനായി മനുഷ്യ മതില്‍ സൃഷ്ടിച്ചിട്ടുണ്ട്. പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ച് തന്നെ തങ്ങള്‍ തടയും എന്നാണ് ഇവര്‍ പറയുന്നത്. പൊള്ളുന്ന വെയില്‍ അവഗണിച്ച് പോലീസ് പ്രദേശത്ത് എത്തുന്നത് തടയാനായി തങ്ങള്‍ റോഡില്‍ കിടക്കും എന്ന് സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച പോലീസ് 20 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു മാറ്റി എങ്കിലും ഗ്രാമ വാസികള്‍ ഒറ്റക്കെട്ടായി പ്രതിഷേധ സമരം തുടരുകയാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം