ന്യൂഡല്‍ഹി : കാര്‍ഷിക മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു വരെ കാര്‍ഷിക മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സാദ്ധ്യമല്ലായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചപ്പോള്‍ അമേരിക്കയ്ക്ക് ഇന്ത്യയില്‍ പൂര്‍ണ്ണമായി മുതല്‍ മുടക്കാന്‍ താല്പര്യമുണ്ട് എന്ന് വ്യക്തമാക്കിയതിന്റെ പിന്തുടര്‍ച്ച എന്നവണ്ണം ആണ് മന്മോഹന്‍ സര്‍ക്കാരിന്റെ ഇപ്പോള്‍ വന്ന ഈ നീക്കം. സാമ്രാജ്യത്വ കുത്തക ശക്തികളുടെ കളിപ്പാവയായാണ് കഴിഞ്ഞ കുറെ കാലമായി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
കാര്‍ഷിക മേഖല സമ്പൂര്‍ണ്ണമായി ഇത്തരത്തില്‍ വിദേശ കോര്‍പ്പൊറേറ്റുകള്‍ക്ക് തുറന്നു കൊടുക്കുന്നതോടെ കാര്‍ഷിക മേഖലയില്‍ നിന്നും ചെറുകിട കര്‍ഷകരുടെ വന്‍ തോതിലുള്ള കുടിയിറക്കത്തിനു കാരണമാകും.
കര്‍ഷക ആത്മഹത്യ എന്ന സമസ്യ അനുഭവിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ആയിരിക്കും ഈ നയത്തിന്റെ ദൂഷ്യ ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുവാന്‍ പോവുന്നത്.
കാര്‍ഷിക മേഖലയില്‍ വിദേശ കമ്പനികള്‍ കടന്നു വരുന്നതോടെ കേരളത്തിലെ കൃഷി യോഗ്യമായ ഭൂമി പൂര്‍ണ്ണമായും കോര്‍പ്പൊറേറ്റുകള്‍ സ്വന്തമാക്കുക തന്നെ ചെയ്യും. ജല കൃഷിയും പൂര്‍ണ്ണമായി വിദേശ കമ്പനികള്‍ കയ്യടക്കുന്നതോടെ നമ്മുടെ പുഴകളും നദികളും നഷ്ടമാകുവാനും കാരണമാകും എന്നും ആശങ്കയുണ്ട്.
സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്തെ ചില്ലറ വില്‍പ്പന മേഖല കൂടി യു. പി. എ. സര്‍ക്കാര്‍ വിദേശ കുത്തകകള്‍ക്ക് തുറന്നു കൊടുക്കും എന്നാണ് സൂചന.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം, സാമ്പത്തികം
കർഷക ആത്മഹത്യ ഏറ്റവും കുറവുള്ള മൂന്നു സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എങ്കിലും, ഇന്ത്യൻ കാർഷികമേഖലയെ മുഴുവൻ, ഈ തീരുമാനം വിനാശകരമായി ബാധിക്കും എന്ന് ഉറപ്പിക്കാം.
പ്രതിരോധരംഗത്തെന്നപോലെ, കഴിഞ്ഞ കുറെ കാലമായി യു.പി.എ.സർക്കാർ തുടർന്നുവരുന്ന അമേരിക്കൻ പക്ഷപാതിത്വത്തിന്റെ മറ്റൊരു അടയാളമാണ്, ഇപ്പോൾ പുറത്തുവന്ന ഈ തീരുമാനം. അന്യരാജ്യത്തെ കൃഷിയിടങ്ങൾ പാട്ടത്തിനെടുത്ത്, വിളവിറക്കുന്നതിലൂടെ, അവികസിത-വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ ഭക്ഷണത്തിനുമേൽ, പുതിയ അധിനിവേശതന്ത്രം പയറ്റുകയാണിന്ന്, പല വികസിത രാജ്യങ്ങളും. (ചൈന പോലും അതിനപവാദമല്ല). അത്തരം ആധുനിക ഔട്ട്സോഴ്സിംഗ് തന്ത്രങ്ങൾക്ക് കളമൊരുക്കുകയാണ് ഇത്തരം ലിബറൽ നയങ്ങൾ ചെയ്യുന്നത്. കാർഷിക-പ്രതിരോധ-ഇൻഷുറൻസ് മേഖലയെ എല്ലാം ഇത്തരം നയങ്ങൾ വിഴുങ്ങാൻ പോവുകയാണ്.
യു.പി.എ.സർക്കാരാകട്ടെ, പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെയും, വികസനത്തിന്റെയും പേരിൽ, ചോദിക്കാൻ ആരുമില്ലെന്ന ധാർഷ്ട്യത്തോടെയാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ ഇടതുപക്ഷം ഇനിയും കണ്ടെത്തിയേ തീരൂ..