ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം ഇടപാടില്‍ അഴിമതികാട്ടി കുറ്റക്കാരാണെന്ന് കണ്ട് ജയിലില്‍ കഴിയുന്ന ഡി.എം.കെ. നേതാക്കളായ മുന്‍ ടെലികോംമന്ത്രി എ.രാജയ്ക്കും കനിമൊഴി എം.പി.ക്കും പുറകെ കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ദയാനിധി മാരനും സ്‌പെക്ട്രം കേസില്‍ കുടുങ്ങിയിരിക്കയാണ്. മാരന് മന്ത്രിസ്ഥാനം തെറിക്കുമെന്നാണ് സൂചന. വ്യാഴാഴ്ച കേന്ദ്രമന്ത്രിസഭയില്‍ ഈയാഴ്ച അഴിച്ചുപണി നടക്കാനിരിക്കെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങുമായി ദയാനിധി മാരന്‍ കൂടിക്കാഴ്ച നടത്തി. പുറത്താക്കല്‍ ഒഴിവാക്കാനായി സ്വയം രാജി വെച്ച് ഒഴിയാനുള്ള അവസരം നല്‍കാന്‍ സാധ്യതയുണ്ട്. വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ മാരന്‍ തയ്യാറായില്ല. ”ഞാനൊരു മന്ത്രിയാണ്. പ്രധാനമന്ത്രിയെ കണ്ടതില്‍ അസ്വാഭാവികമായി ഒന്നുമില്ല”- എന്ന് മാത്രമാണ് മാരന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.
ആദ്യ യു.പി.എ സര്‍ക്കാറില്‍ ടെലികോം മന്ത്രിയായിരിക്കെയാണ് മാരന്‍ 2 ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചത്. 2001-07 വരെയുള്ള സ്‌പെക്ട്രം ഇടപാടുകള്‍ അന്വേഷിക്കുന്ന സി.ബി.ഐ മാരനു നേരെയും വിരല്‍ചൂണ്ടുന്നു. മുന്‍ എയര്‍സെല്‍ മേധാവി സി.ശിവശങ്കരന്റെ ആരോപണവും മൊഴിയും ഇക്കാര്യത്തില്‍ അന്വേഷണസംഘം അടിസ്ഥാനമാക്കും.ഓഹരികള്‍ ‘മാക്‌സിസ് കമ്മ്യൂണിക്കേഷന്‍സ്’ എന്ന മലേഷ്യന്‍ കമ്പനിക്കു വില്‍ക്കാന്‍ മാരന്‍ സമ്മര്‍ദം ചെലുത്തിയെന്നും എയര്‍സെല്ലിന്റെ 49 ശതമാനം ഓഹരിവരെ വില്‍ക്കാന്‍ തയ്യാറായിട്ടും മാരന്‍ സമ്മര്‍ദം ചെലുത്തിയതിനാല്‍ മലേഷ്യന്‍ കമ്പനിക്ക് മുഴുവന്‍ നല്‍കേണ്ടി വന്നെന്നുമാണ് ശിവശങ്കരന്റെ ആരോപണം. പ്രതിഫലമായി മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടി.വിയില്‍ മലേഷ്യന്‍ കമ്പനി 600 കോടി രൂപ നിക്ഷേപിച്ചു. ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച മാരന്‍ താന്‍ ആരെയും ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ലെന്ന് വിശദീകരിച്ചു. തമിഴ്നാട്ടില്‍ ഡി.എം.കെയ്ക്ക് ഉണ്ടായ കനത്ത തോല്‍വിയെത്തുടര്‍ന്ന് ദേശീയരാഷ്ട്രീയത്തില്‍ ദുര്‍ബലമായതിനാല്‍ മന്ത്രിസഭാ വികസനത്തില്‍ മാരന്‍ പുറത്തുപോയാല്‍ നോക്കിനില്‍ക്കുകയേ നിവൃത്തിയുള്ളൂ.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം