അലിഗഢ്: ഉത്തര്‍പ്രദേശില്‍ പദയാത്ര നടത്തുന്ന എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ സമീപത്തേക്ക് തോക്കുമായി നീങ്ങിയ ക്രിപാല്‍പുരിനടുത്ത ഗ്രാമമായ ഉദയ്പൂര്‍ സ്വദേശി ഹരികൃഷ്ണന്‍ ശര്‍മ (32) എന്ന യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. ലൈസന്‍സുള്ള തോക്കാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. പദയാത്രയുടെ മൂന്നാം ദിവസമായ വ്യാഴാഴ്ച രാഹുല്‍ അലിഗഢ് ജില്ലയിലെ ക്രിപാല്‍പുര്‍ ഗ്രാമത്തില്‍ എത്തിയപ്പോഴാണ് സംഭവം. താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും, രാഹുല്‍ ഗാന്ധിക്ക് ഹസ്തദാനം ചെയ്യാനാണ് താന്‍ അടുത്തേക്ക് പോയതെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
മായാവതി സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ചയാണ് ഭട്ട – പര്‍സോള്‍ ഗ്രാമത്തില്‍ നിന്ന് രാഹുല്‍ കിസാന്‍ സന്ദേശ പദയാത്ര ആരംഭിച്ചത്. വികസന പ്രവര്‍ത്തനങ്ങ ള്‍ക്കാവശ്യമുള്ള ഭൂമി ഏറ്റെടുക്കുന്നതിന് കര്‍ഷക സൗഹൃദമായ നിയമം കൊണ്ടു വരുമെന്ന വാഗ്ദാനവുമായാണ് രാഹുലിന്റെ യാത്ര. ശനിയാഴ്ച അലിഗഢ് ജില്ലാ ആസ്ഥാനത്ത് നടക്കുന്ന മഹാ സമ്മേളന ത്തോടെയാണ് പദയാത്ര സമാപിക്കുക. അതേ സമയം, രാഹുലിന്റെ സുരക്ഷയില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് യു. പി. പോലീസ് സൂപ്രണ്ട് സത്യേന്ദ്ര സിങ് പറഞ്ഞു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍