ന്യൂഡല്‍ഹി : വിവാഹ മോചിതയായ മുസ്‌ലിം സ്ത്രീക്ക് ജീവനാംശം ലഭിക്കുവാൻ ക്രിമിനല്‍ നിയമ ത്തിലെ 125-ാം വകുപ്പ് പ്രകാരം നൽകാം എന്ന് സുപ്രീം കോടതി. ജീവനാംശം ദാനം അല്ല എന്നും സ്ത്രീകളുടെ അവകാശം ആണെന്നും വിധി പ്രസ്താവിച്ച ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ബി. വി. നാഗ രത്‌ന പറഞ്ഞു.
മുസ്‌ലിം സ്ത്രീകളുടെ വിവാഹ മോചനത്തിനുള്ള 1986-ലെ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കണം ജീവനാംശം തീരുമാനിക്കേണ്ടത് എന്നുള്ള വാദം സുപ്രീം കോടതി തള്ളി.
തെലങ്കാന ഹൈക്കോടതി ഉത്തരവിനു എതിരെ മുഹമ്മദ് അബ്ദുള്‍ സമദ് എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. അയാളുടെ മുന്‍ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 10,000 രൂപ നൽകണം എന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നു.
അബ്ദുള്‍ സമദും ഭാര്യയും തമ്മില്‍ 2017-ലാണ് മുസ്‌ലിം വ്യക്തി നിയമ പ്രകാരം വിവാഹ മോചിതരായത്. വ്യക്തി നിയമത്തിൻ്റെ അടിസ്ഥാനത്തില്‍ വിവാഹ മോചിതർ ആയതിനാല്‍ 1986-ലെ നിയമത്തിൻ്റെ അടിസ്ഥാനത്തില്‍ ആകണം വിവാഹ മോചനം നല്‍കേണ്ടത് എന്നായിരുന്നു ഹര്‍ജിക്കാരൻ്റെ വാദം. എന്നാല്‍, ഈ വാദം സുപ്രീം കോടതി തള്ളി.
പ്രസിദ്ധമായ ഷബാനു കേസ് വിധിയില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം മുസ്‌ലിം വനിതകള്‍ക്കും കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ് എന്നും വ്യക്തി നിയമത്തിനേക്കാള്‍ ഈ മതേതര നിയമാണ് നില നില്‍ക്കുക എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
വിവാഹിതയായ വനിതകള്‍ക്ക് മാത്രമല്ല, എല്ലാ വനിതകള്‍ക്കും ക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അധികാരം ഉണ്ട് എന്നും സുപ്രീം കോടതി വ്യക്തമാക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, മനുഷ്യാവകാശം, സുപ്രീംകോടതി, സ്ത്രീ, സ്ത്രീ വിമോചനം