മൊബൈല്‍ ഫോണ്‍ വഴി ജമ്മു കാശ്മീരില്‍ 2006ല്‍ പ്രചരിച്ച ചില വീഡിയോ ക്ലിപ്പുകളിലെ ലൈംഗിക പീഡന രംഗങ്ങള്‍ അന്വേഷിച്ച പോലീസ് മറ്റൊരു കഥയാണ് വെളിച്ചത്ത് കൊണ്ടു വന്നത്. വീഡിയോയിലെ 16 കാരിയായ ഒരു പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി ചോദ്യം ചെയ്തു. തന്നെ പോലെ ഒട്ടേറെ പെണ്‍കുട്ടികളെ ഒരു സംഘം തങ്ങളുടെ പിടിയില്‍ അകപ്പെടുത്തിയിട്ടുണ്ടെന്നും ഭരണ രംഗത്തെ പല പ്രമുഖരും തങ്ങളെ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ സംഭവം ചൂട് പിടിച്ചു. തുടര്‍ന്ന് സി. ബി. ഐ. അന്വേഷണം ഏറ്റെടുത്തു. കോണ്‍ഗ്രസ് – പി. ഡി. പി. മുന്നണിയിലെ മന്ത്രിമാരായ ജി. എം. മിറും രമണ്‍ മട്ടൂവും പോലീസ് പിടിയിലായി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഖ്ബാല്‍ ഖാണ്ഡെ, അതിര്‍ത്തി രക്ഷാ സേനയിലെ ഡി. ഐ. ജി. കെ. സി. പാഥെ തുടങ്ങിയവരും അന്ന് അറസ്റ്റിലായ പ്രമുഖരില്‍ പെടുന്നു. 2006 ജൂലൈയില്‍ തുടങ്ങിയ കേസിന്റെ വിചാരണ ഇപ്പോഴും തുടരുന്നു. സി. ബി. ഐ. ഇനിയും അന്വേഷണം പൂര്‍ത്തി ആക്കിയിട്ടില്ല. ഈ കേസില്‍ പല പ്രമുഖര്‍ക്കും പങ്കുണ്ടെന്നും മറ്റും ആരോപിച്ച് അന്ന് ലഘു ലേഖകളും മറ്റും പ്രചരിച്ചിരുന്നു.
മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ളയും ഈ പീഡന കേസില്‍ പ്രതിയാണ് എന്ന് പ്രതിപക്ഷം ചൊവ്വാഴ്ച ആരോപിച്ചതിനെ തുടര്‍ന്നാണ് ഒമര്‍ അബ്ദുള്ള താന്‍ അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ രാജി വെയ്ക്കുകയാണ് എന്ന് പ്രഖ്യാപിച്ചത്. ഗവര്‍ണര്‍ എന്‍ എന്‍. വോറക്ക് ഒമര്‍ തന്റെ രാജി സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ രാജി സ്വീകരിക്കാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ ഒമറിനോട് തത്സ്ഥാനത്ത് തുടരണം എന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്.
എന്നാല്‍ പ്രതി പട്ടികയില്‍ ഒമറിന്റെ പേരില്ല എന്ന് സി. ബി. ഐ. വ്യക്തമാക്കിയിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, പീഡനം