ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട് ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യസഭയില്‍ കുറ്റവിചാരണ (ഇംപീച്ച്‌മെന്‍റ്) നടപടി നടക്കുന്നതിനിടെ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായ സൗമിത്രസെന്‍ ജഡ്ജിമാരുടെ അഴിമതി വിവരങ്ങള്‍ മറച്ചുവെയ്ക്കാന്‍ തന്നെ ബലിയാടാക്കുകയാണ് ചെയ്തതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സൗമിത്രസെന്‍ രാജ്യസഭയില്‍ വ്യക്തമാക്കി. ഈ നീക്കത്തിനു പിന്നില്‍ സുപ്രീം കോടതി ചീഫ് ജസറ്റിസായിരുന്ന കെ.ജി ബാലകൃഷ്ണന്‍ ആണെന്നും വസ്തുതകള്‍ വളച്ചൊടിച്ചെന്നും ആരുടെ പരാതിയിന്മേലാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്ന് അറിയില്ലെന്നും സൗമിത്രസെന്‍ പറഞ്ഞു. കെ.ജി ബാലകൃഷ്ണന്‍ ഒരെസമയം പരാതിക്കാരനും ന്യായാധിപനുമായത് നിയമവിരുദ്ധമാണ്. ഒരു ജഡ്ജിയുടെ കയ്യില്‍നിന്ന് പണം കണ്ടെത്തിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം.പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ 57 സഭാംഗങ്ങള്‍ സമര്‍പ്പിച്ച കുറ്റവിചാരണാ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ ഹമീദ് അന്‍സാരി നിയമിച്ച മൂന്നംഗ സമിതി ജസ്റ്റിസ് സെന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരെ പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ പുറത്താക്കണമെന്നുള്ള പ്രമേയം പാര്‍ലമെന്‍റിന്റെ ഇരുസഭകളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയാണെങ്കില്‍ രാഷ്ട്രപതിക്ക് ഇവരെ പുറത്താക്കാമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഒരേ സമ്മേളന കാലയളവില്‍ തന്നെ നടപടി പൂര്‍ത്തിയാക്കുകയും വേണം
- ഫൈസല്‍ ബാവ