ന്യൂഡല്‍ഹി: അന്ന ഹസാരെയുടെ നിരാഹാരസമരം ഇന്ന് മുതല്‍ ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടക്കും. അണ്ണാഹസാരെയുടെ പ്രതിനിധികളും കേന്ദ്രസര്‍ക്കാരും വിട്ടുവീഴ്‌ചയ്‌ക്കു തയാറായി. ജുഡീഷ്യറിയെ ലോക്‌പാലിന്റെ പരിധിയില്‍പെടുത്തണമെന്ന് പൊതുസമൂഹ പ്രതിനിധികള്‍ ആവശ്യപ്പെടില്ല. പകരം ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്ലില്‍ പെടുത്തിയാല്‍മതി.
ഹസാരെ അനിശ്ചിതകാല നിരാഹാരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും വെള്ളിയാഴ്ച മുതല്‍ 15 ദിവസത്തേക്കാണ് സമരത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നാലുദിവസമായി ഹസാരെ നിരാഹാരത്തിലാണ്.
ചെളിവെളളം നിറഞ്ഞുകിടക്കുന്ന രാംലീല മൈതാനം നന്നാക്കാന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നൂറിലധികം ജീവനക്കാരാണ് രാംലീല മൈതാനത്ത് പണിയെടുക്കുന്നത് രാവിലെ ഒന്‍പതിനും പത്തിനും ഇടയില്‍ ഹസാരെ മൈതാനത്തെത്തുമെന്നാണു കരുതുന്നത്. പൗരസമൂഹത്തിന്റെ മൊബൈല്‍ എസ്.എം.എസ്.സംവിധാനം പോലീസ് വിലക്കിയെങ്കിലും ചാനലുകള്‍ മുഴുവന്‍ സമയവും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനാല്‍ ജനങ്ങള്‍ കൃത്യമായി എത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. മറ്റുളളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയുളള മുദ്രാവാക്യങ്ങളും വാഹന പാര്‍ക്കിംഗും ഒഴിവാക്കുമെന്നും അണ്ണാഹസാരെ സംഘം പോലീസിന് ഉറപ്പു നല്‍കിയിട്ടുണ്ട്. മൈതാനത്തും സമരത്തിലും പാലിക്കേണ്ട നിയമങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറുമായുണ്ടാക്കിയ ഒത്തുതീര്‍പ്പുരേഖയില്‍ ഹസാരെയ്‌ക്കൊപ്പം ശാന്തിഭൂഷണ്‍, അരവിന്ദ് കെജ്‌രിവാള്‍, കിരണ്‍ബേദി, പ്രശാന്ത്ഭൂഷണ്‍ എന്നിവരാണ് ഒപ്പിട്ടത്.
മൂന്നു ദിവസത്തെ നിരാഹാരം കഴിഞ്ഞിട്ടും താന്‍ ആരോഗ്യവാനാണെന്നു ഹസാരെ സ്വകാര്യ ചാനലിനോട് വ്യക്‌തമാക്കി. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ കറുത്ത വസ്‌ത്രം ധരിച്ച് തിഹാര്‍ ജയിലിനു മുന്നിലെത്തിയാണ് പ്രതിഷേധമറിയിച്ചത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, പോലീസ്, പ്രതിഷേധം, മനുഷ്യാവകാശം