സി.ബി.ഐ. അന്വേഷിച്ച സിസ്റ്റര്‍ അഭയ വധ ക്കേസിലെ പ്രതികളായ സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പുതൃക്കയില്‍ എന്നിവരെ ബാംഗ്ലൂരില്‍ വെച്ച് നാര്‍കോ അനാലിസിസിന് വിധേയമാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ കേരളത്തിലെ മാധ്യമങ്ങള്‍ പുറത്തു വിട്ടു. ഈ വീഡിയോ സി.ഡി. കോടതിയില്‍ ഹാജരാക്കിയ വേളയില്‍ അതിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. അതിന്റെ ഒറിജിനല്‍ രൂപമാണ് ഇന്നലെ ടെലിവിഷന്‍ ചാനലുകള്‍ കേരള ജനതയ്ക്ക് മുന്‍പാകെ പ്രദര്‍ശിപ്പിച്ചത്. ഈ വീഡിയോ ആരോ മാധ്യമ ഓഫീസുകളില്‍ എത്തിച്ചു കൊടുക്കുകയായിരുന്നു. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, കൈരളി ടിവി. എന്നിങ്ങനെ ഒട്ടു മിക്ക ചാനലുകളും ഈ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ പിന്നീട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ അഭ്യര്‍ത്ഥന മാനിച്ച് ചാനലുകള്‍ ഈ പ്രക്ഷേപണം നിര്‍ത്തി വെച്ചു. കോടതിയുടെ പരിഗണനയില്‍ ഉള്ള കേസിനെ പ്രക്ഷേപണം ബാധിക്കും എന്ന കാരണത്താലാണ് പ്രക്ഷേപണം നിര്‍ത്തി വെയ്ക്കാന്‍ മജിസ്ട്രേട്ട് ആവശ്യപ്പെട്ടത്.
മയക്കു മരുന്ന് കുത്തി വെച്ച് മനസ്സിനെ തളര്‍ത്തി ചോദ്യം ചെയ്യുന്ന വേളയില്‍ മുന്‍ കരുതലോടെ സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും സത്യം വെളിപ്പെടുകയും ചെയ്യും എന്നതാണ് നാര്‍കോ അനാലിസിസിന്റെ തത്വം. എന്നാല്‍ ചോദ്യം ചോദിക്കുന്ന ആളുടെ വൈദഗ്ദ്ധ്യം ഇതിന് ഒരു പ്രധാന ഘടകമാണ്. പ്രതിയെ ഉത്തരങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിയ്ക്കുന്നത് ശരിയായ നടപടിയല്ല.
മലയാളികളായ പ്രതികളോട് ചോദ്യങ്ങള്‍ ചോദിച്ച സ്ത്രീ ശബ്ദത്തിന്റെ ഉടമയ്ക്ക് മലയാളം നന്നായി വശമില്ലായിരുന്നു. പല ചോദ്യങ്ങളും പ്രതികള്‍ക്ക് മനസ്സിലായില്ലെന്ന് വ്യക്തം. സിസ്റ്റര്‍ അഭയാനെ തട്ടിയത് ആരാ? (അടിച്ചത് എന്നാണ് ഉദ്ദേശിച്ചത്) എന്തിനാ തട്ടിയത് അവരെ? എവിടെവിടെ തട്ടിയിട്ടുണ്ടായിരുന്നു? കല്‍ത്ത് ആരെങ്കിലും നശ്‌ക്കിയോ? അഭയാന്റെ കല്‍ത്ത് നിങ്ങള്‍ നശ്‌ക്കിയോ? (കഴുത്ത് ഞെരുക്കിയോ എന്നാണ് ചോദ്യം)
ഇതൊന്നും മനസ്സിലാവാതെ പ്രതികള്‍ മുക്കിയും മൂളിയും മറുപടി പറയുവാനാവാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇവിടെ ലഭ്യമാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്, വിവാദം