
ന്യൂഡൽഹി : അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരിനെ മടുത്ത ജനം രാജ്യത്തെ രാഷ്ട്രീയ രംഗം ഉടച്ചു വാർക്കാൻ തീരുമാനം എടുത്തതായി തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രാരംഭ പ്രഖ്യാപനമായി സാമൂഹ്യ പ്രവർത്തകൻ അരവിന്ദ് കെജ്രിവാൾ അറിയിച്ചു. സാധാരണക്കാരന് ഇതൊരു സുപ്രധാന ദിനമാണ്. ദുസ്സഹമായ വിലക്കയറ്റത്തിന് എതിരെയും അനുദിനം പെരുകുന്ന അഴിമതിക്കെതിരെയും ഉള്ള ജനകീയ മുന്നേറ്റമാണിത് എന്ന് “ഞാൻ ഒരു സാധാരണക്കാരൻ – എനിക്ക് ജന ലോൿപാൽ വേണം” എന്ന് മുദ്രണം ചെയ്ത ഗാന്ധിത്തൊപ്പി അണിഞ്ഞ കെജ്രിവാൾ പ്രഖ്യാപിച്ചു.
അഭിപ്രായ ഭിന്നതകൾ കാരണം അന്നാ ഹസാരെയുമായി വഴി പിരിഞ്ഞ അദ്ദേഹം താനും അന്നാ ഹസാരെയുമായി വഴക്കൊന്നുമില്ല എന്ന് വ്യക്തമാക്കി. പുതിയ പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും. അടുത്ത തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ മൽസരിക്കും. പുതിയ പാർട്ടി ജനങ്ങളുടെ പാർട്ടിയാണ്. ജനങ്ങൾ നൽകുന്ന പണം കൊണ്ടായിരിക്കും പാർട്ടിയുടെ പ്രവർത്തനം. ജനങ്ങൾ തന്നെ പ്രചാരണം നടത്തും. ജനങ്ങൾ തന്നെ തെരഞ്ഞെടുപ്പിൽ മൽസരിക്കും. തങ്ങൾ നല്ല സ്ഥാനാർത്ഥികളെ തെരഞ്ഞെടുപ്പിൽ നിർത്തിയാൽ അന്നാ ഹസാരെയുടെ പിന്തുണ തങ്ങൾക്ക് ലഭിക്കും എന്നും കെജ്രിവാൾ പ്രത്യാശ പ്രകടിപ്പിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം




























