ന്യൂഡല്‍ഹി: ടെലിക്കോം അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ സുഖ്‌റാം കോടതിയില്‍ കീഴടങ്ങി. അസുഖ ബ്‍ാധയെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് സുഖറാം എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതിക്ക് ബോധ്യപ്പെട്ടു. ഇന്ന് കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കും എന്ന് കോടതി മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്ന് സുഖ്‌റാം കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ആംബുലസില്‍ എത്തിയ സുഖറാമിനെ പ്രത്യേക സി. ബി. ഐ കോടതിയിലെ ജഡ്‌ജി സഞ്ജീവ് ജെയില്‍ കോടതിക്ക് പുറത്ത് വന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തെ പിന്നീട് തീഹാര്‍ ജയിലിലേക്ക് അയച്ചു. സുഖ്‌റാമിനാവശ്യമായ ചികിത്സാസൌകര്യം ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
1993-ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നരസിംഹറാവു മന്ത്രിസഭയില്‍ ടെലിക്കോം മന്ത്രിയായിരിക്കെ ഒരു കരാറുമായി ബന്ധപ്പെട്ട് മൂന്നു ലക്ഷം രൂപ കൈക്കൂലിവാങ്ങിയെന്ന കേസിലാണ് കഴിഞ്ഞ നവമ്പറില്‍ സുഖ്‌റാമിനെ കഠിന തടവിനു ശിക്ഷിച്ചത്. വേണ്ടത്ര യോഗ്യതയില്ലാത്ത ഹരിയാന ടെലികോം ലിമിറ്റഡ് (എച്ച്. ടി. എല്‍) എന്ന കമ്പനിക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് കേബിള്‍ വാങ്ങുന്നതിനായി സുഖ്‌റാം കരാര്‍ നല്‍കുകയായിരുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി, പ്രതിഷേധം