ന്യൂഡല്‍ഹി : ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും വ്യാപാരികള്‍ കട അടച്ചു അഖിലേന്ത്യാ ബന്ദ് ആചരിച്ചു. തലസ്ഥാന നഗരിയില്‍ ഇരുപതോളം ഇടങ്ങളില്‍ പ്രധാന മന്ത്രി മന്മോഹന്‍ സിങ്ങിന്റെയും മുഖ്യ മന്ത്രി ഷീലാ ദീക്ഷിത്തിന്റെയും കോലങ്ങള്‍ കത്തിച്ചും പ്രകടനങ്ങള്‍ സംഘടിപ്പിച്ചും പ്രതിഷേധം പ്രകടിപ്പിച്ചു. രാജ്യമെമ്പാടുമുള്ള അഞ്ചു കോടിയില്‍ അധികം വരുന്ന ചെറുകിട വ്യാപാരികള്‍ ഇന്നത്തെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു എന്ന് വ്യാപാരി സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.
ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഗുണകരമായ ഈ നയം രാജ്യത്തെ ചെറുകിട വ്യാപാരികളുടെ അന്ത്യം കുറിക്കാന്‍ കാരണമാവും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ സാരമായ പങ്കു വഹിക്കുന്ന ഈ രംഗത്ത് വിദേശ നിക്ഷേപത്തിന്റെ ആവശ്യമില്ല. വര്‍ദ്ധിച്ച മൂലധന ശക്തിയുള്ള ബഹുരാഷ്ട്ര വ്യാപാരികള്‍ രംഗത്തെത്തിയാല്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഇവരുടെ കൈകളിലാവാന്‍ അധിക നാള്‍ വേണ്ടി വരില്ല. ഇതോടെ ചെറുകിട വ്യാപാരികളുടെ നാശം ആരംഭിക്കുകയും ചെയ്യും എന്നും വ്യാപാരി സംഘടനകള്‍ ചൂണ്ടിക്കാട്ടി.
വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ നല്‍കുന്ന സൂചന ഉള്‍ക്കൊണ്ട് ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം എന്ന് അണ്ണാ ഹസാരെ പ്രതികരിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തൊഴിലാളി, പ്രതിഷേധം, സാമ്പത്തികം