ന്യൂഡൽഹി : അഴിമതി കേസില്‍ പ്രത്യേക കോടതി കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ചെറുകിട വ്യവസായ മന്ത്രി വീരഭദ്ര സിങ്ങ് രാജി വെച്ചു. കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവായ സിങ്ങ് 1989-ല്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ സിങ്ങിന്റെ ഭാര്യയും പ്രതിയാണ്. മൊഹീന്ദര്‍ ലാല്‍ എന്ന ഐ. എസ്. എസ്. ഉദ്യോഗസ്ഥനുമായും ചില വ്യവസായികളുമായും വീരഭദ്ര സിങ്ങ് നടത്തിയ സംഭാഷണത്തിന്റെ ശബ്ദ രേഖ പുറത്തു വന്നിരുന്നു. ഇത് കേസില്‍ നിര്‍ണ്ണായക തെളിവായി മാറി.
2010-ല്‍ ആണ് അഴിമതിക്കേസില്‍ സിങ്ങിനെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. ഇത് റദ്ദാക്കണമെന്നും കേസ് സി. ബി. ഐ. ക്ക് വിടണമെന്നുമുള്ള സിങ്ങിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണയിലാണ്. അഞ്ചു തവണ ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയായിരുന്നു വീരഭദ്ര സിങ്ങ്. യു. പി. എ. സര്‍ക്കാരില്‍ നിന്നും അഴിമതിയുമായി ബന്ധപ്പെട്ട് രാജി വെയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സിങ്ങ്. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ എ. രാജയും, ദയാനിധി മാരനും നേരത്തെ രാജി വെച്ചിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍