ന്യൂഡെല്‍ഹി: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ജെ.ചലമേശ്വര്‍, ശിവകീര്‍ത്തി സിങ്ങ് എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. ജാമ്യ കാലാവധിയില്‍ കേരളത്തിലേക്ക് പോകരുത് ബാംഗ്ലൂരില്‍ തന്നെ തങ്ങണം, സാക്ഷികളുമായോ പ്രതികളുമായോ ബന്ധപ്പെടാന്‍ പാടില്ലെന്നതും ഉള്‍പ്പെടെ നിരവധി ഉപാധികളോടെയാണ് ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യക്കാലാവധിയില്‍ സ്വന്തം നിലയില്‍ ബാംഗ്ലൂരിലെ ആശുപത്രിയില്‍ ചികിത്സ തേടാം. ഒരു ലക്ഷം രൂപ ജാമ്യത്തുകയായി മഅദനി കെട്ടിവെക്കുകയും വേണം. ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുവാന്‍ കര്‍ണ്ണാടക സര്‍ക്കാരിനു അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ഒപ്പം മഅദനിയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കര്‍ണ്ണാടക സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മഅദനിയുടെ ജാമ്യാപേക്ഷയെ കര്‍ണ്ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. മദനിക്കെതിരെ സുപ്രധാനമായ തെളിവുകള്‍ ഉണ്ടെന്നും ബാംഗ്ലൂര്‍ സ്ഫോടനങ്ങളുടെ സൂത്രധാരന്‍ മഅദനി ആണെന്നും കര്‍ണ്ണാടക സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.ജാമ്യം ലഭിച്ച് കേരളത്തില്‍ പോയാല്‍ പ്രതിയെ തിരിച്ചു കൊണ്ടുവരുവാന്‍ പ്രയാസമാണെന്നും പ്രതിക്ക് രാഷ്ടീയമായ സ്വാധീനം ഉണ്ടെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനും രാജ്യം വിടുന്നതിനും സാധ്യതയുണ്ടെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് കര്‍ണ്ണാടക സര്‍ക്കാര്‍ പറഞ്ഞു.
മഅദനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന വാദം തെറ്റാണെന്നും നേരത്തെ കര്‍ണ്ണാടക സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിദഗ്‌ധ ചികിത്സ ആവശ്യമുണ്ടെന്ന് ആവശ്യപ്പെട്ട് മൂന്ന് മാസത്തെ ജാമ്യത്തിനായി മഅദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ഒരു മാസത്തെ ജാമ്യം നല്‍കുകയായിരുന്നു സുപ്രീം കോടതി.2010-ല്‍ ആണ് മഅദനി ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായത്. മഅദനിക്ക് വേണ്ടി സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് ഹാജരായത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കേരളം, കേരള രാഷ്ട്രീയം, കോടതി, തീവ്രവാദം, പോലീസ്, മനുഷ്യാവകാശം, രാജ്യരക്ഷ, വിവാദം