ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടിന്റെ തുടര്‍ച്ച പോലുള്ളതും എന്നാല്‍ പൊതു ഖജനാവിന് അതിനേക്കാള്‍ ഭീമമായ നഷ്ടം വരുത്തുന്നതുമായ ഇടപാടിനെ ക്കുറിച്ചാണ് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ പുതിയ അന്വേഷണം. ഐ.എസ്.ആര്‍ ഒ യുടെ വാണിജ്യവിഭാഗം ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ദേവാസ് മള്‍ട്ടി മീഡിയായുമായി 2005 ലുണ്ടാക്കിയ കരാറാണ് രണ്ടുലക്ഷം കോടി രൂപ പൊതുഖജനാവിന് നഷ്ടം വരുത്തുമെന്ന് പ്രാഥമിക നിഗമനത്തില്‍ സിഎജി എത്തിയിട്ടുള്ളത്. ഐ.എസ്.ആര്‍.ഒ യുടെ രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ദേവാസില്‍ നിന്നും 1000 കോടി രൂപ സ്വീകരിക്കുന്നതായിരുന്നു കരാര്‍. എന്നാല്‍ ഇതുവഴി ദേവാസിന് 20 വര്‍ഷത്തേക്ക് 70 മെഗാഹെട്‌സ് എഫ്.ബാങ്ക് സ്‌പെക്ട്രം ഉപയോഗിക്കാന്‍ വഴിയൊരുങ്ങും.
പൊതുമേഖലാ സ്ഥാപനങ്ങളായ ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ എന്നിവയ്ക്ക് 20 മെ.ഹെട്‌സ് സ്‌പെക്ട്രം ഉപയോഗിക്കാന്‍ പന്തീരായിരം കോടി രൂപയിലേറെ വേണ്ടി വരുമ്പോഴാണ് സ്വകാര്യ കമ്പനിക്ക് നിസ്സാര തുകക്ക് സ്‌പെക്ട്രം കൈമാറാനുള്ള കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഐ.എസ്.ആര്‍.ഒ യുടെ മുന്‍ കരാറുകളില്‍ പൊതുവായി സ്വീകരിക്കുന്ന മുഴുവന്‍ വ്യവസ്ഥകളും ദേവാസിന് വേണ്ടി മാറ്റിയെഴുതി. പ്രധാനമന്ത്രിയുടെ ഓഫീസോ മന്ത്രിസഭയോ മതിയായ ചര്‍ച്ച നടത്താതെയായിരുന്നു കരാര്‍.
ലേലം വിളിക്കാതെ എഫ്.ബാങ്ക് സ്‌പെക്ട്രം വിതരണം ചെയ്യാന്‍ വഴിയൊരുക്കി എന്നും സി.എ.ജി കണ്ടെത്തി. വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങളായ ജി.സാറ്റ് 6, ജി.സാറ്റ് 6എ എന്നിവയില്‍ പത്ത് ട്രാന്‍സ് പോര്‍ട്ടറുകള്‍ വീതം ഉപയോഗിക്കാനും ദേവാസിന് കരാര്‍ പ്രകാരം ഓഫര്‍ ലഭിക്കും. 1.76 കോടി ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നം തീര്‍ക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് എഫ്.ബാങ്ക് സ്‌പെക്ട്രം പുതിയ വിവാദത്തിന് വഴിയൊരുക്കുന്നത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, കേരളം, കോടതി, മനുഷ്യാവകാശം, വിവാദം, സാമ്പത്തികം