ന്യൂഡൽഹി : ക്രിമിനൽ ശിക്ഷാ നിയമം പ്രകാരം ശിക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 16 ആക്കാൻ വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ സമ്മതിച്ചു. അഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ ആഭിമുഖ്യത്തിൽ വിളിച്ചു ചേർത്ത മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സംസ്ഥാനങ്ങൾ തങ്ങളുടെ സമ്മതം അറിയിച്ചത്. ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വധ ശിക്ഷ നല്കുന്ന കാര്യത്തിലും കുറ്റക്കാർക്ക് പരോൾ അനുവദിക്കുന്ന കാര്യത്തിലും അഭിപ്രായ ഐക്യം ഉണ്ടായില്ലെങ്കിലും ജുവനൈൽ പ്രായപരിധി കുറയ്ക്കുന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടായില്ല.
ലോകത്തെ നടുക്കിയ ഡൽഹി പീഡന കേസിലെ ഒരു പ്രതി തന്റെ പ്രായം തെളിയിക്കാൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കിയതാണ് ഈ പുനർ വിചിന്തനത്തിന് കാരണമായത്. പ്രസ്തുത സംഭവത്തിൽ ഏറ്റവും അധികം ക്രൂരത കാണിച്ചത് ഈ “ബാലൻ” ആയിരുന്നു. ബസ് കാത്തു നിന്ന പെൺകുട്ടിയേയും സുഹൃത്തിനേയും എവിടേയ്ക്കാണ് പോകേണ്ടത് എന്ന് വിളിച്ചു ചോദിച്ച് തങ്ങൾ ആ വഴിക്കാണെന്ന് പറഞ്ഞ് ബസിൽ വിളിച്ചു കയറ്റിയത് ഈ “ബാലൻ” തന്നെ. തുടർന്ന് രാത്രി ഒരു ആണിനോടൊപ്പം എവിടെ പോയി വരികയാണ് എന്നൊക്കെ അശ്ലീല ചുവയുള്ള ചോദ്യങ്ങൾ “ബാലൻ” പെൺകുട്ടിയോട് ചോദിച്ചു. പെൺകുട്ടിയുടെ രക്ഷയ്ക്കെത്തിയ സുഹൃത്തിനെ “ബാലൻ” ഇരുമ്പ് ദണ്ഡ് കൊണ്ട് ക്രൂരമായി മർദ്ദിച്ചു. സുഹൃത്തിനെ രക്ഷിക്കാൻ പെൺകുട്ടി ശ്രമിച്ചതോടെ “ബാലൻ” പെൺകുട്ടിയേയും ഇരുമ്പ് ദണ്ഡ് കൊണ്ട് അതി ക്രൂരമായി മർദ്ദിച്ചു. ഈ ക്രൂര മർദ്ദനത്തിന്റെ ഫലമായാണ് പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് തകരാർ സംഭവിച്ചതും കുടൽ നീക്കം ചെയ്യേണ്ടി വന്നതും. തുടർന്ന് “ബാലനും” മറ്റ് പ്രതികളും പെൺകുട്ടിയെ മാറി മാറി ബലാൽസംഗം ചെയ്തു. “ബാലൻ” രണ്ടു തവണ പെൺകുട്ടിയെ ബലാൽസംഗം ചെയ്തു എന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടി ബോധരഹിതയായ ശേഷമായിരുന്നു രണ്ടാമത്തെ ആക്രമണം.
തനിക്ക് പ്രായപൂർത്തി ആയില്ലെന്ന് തെളിയിക്കാൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കിയ “ബാലനെ” ഇനി ക്രിമിനൽ ശിക്ഷാ നിയമ പ്രകാരം വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ ആവില്ല. ജുവനൈൽ കോടതിയിൽ വിചാരണ ചെയ്ത് ഇയാൾക്ക് പരമാവധി രണ്ടോ മൂന്നോ വർഷത്തെ ദുർഗ്ഗുണ പാഠശാല മാത്രമേ വിധിക്കാനാവൂ. ഇവിടെ നിന്ന് “ബാലന്” പരോൾ ലഭിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ശിക്ഷാ നിയമങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകത അധികൃതർ ഗൌരവമായി ചർച്ച ചെയ്യുന്നത്. ജുവനൈൽ പ്രായപരിധി കുറച്ച് 16 വയസിന് മുകളിലുള്ള പ്രതികളെ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ കീഴിൽ കൊണ്ടു വരുന്ന കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ സമ്മതം പ്രകടിപ്പിച്ചത് നിയമം പരിഷ്കരിക്കുന്നതിന് സഹായകരമാവും.
സ്ക്കൂൾ സർട്ടിഫിക്കറ്റ് വ്യാജമാണോ എന്ന് കണ്ടു പിടിക്കാൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തന്റെ മകളെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ച ഈ പ്രതിയേയും തൂക്കിലേറ്റണമെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ അഭ്യർത്ഥന. പതിനേഴാം വയസിൽ ഇതാണ് സ്ഥിതിയെങ്കിൽ കുറച്ചു കഴിഞ്ഞാൽ എന്തായിരിക്കും ഇയാളുടെ ക്രൂരത എന്നാണ് പിതാവിന്റെ ചോദ്യം.