ഹണി സിങ്ങിന്റെ പുതുവൽസര പരിപാടി ഇത്തവണ റദ്ദ് ചെയ്തത് സോഷ്യൽ മീഡിയയുടെ സമ്മർദ്ദം മൂലമാണ്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും സ്ത്രീകളെ പീഡിപ്പിക്കുന്നതും ആക്രമിക്കുന്നതും ആഘോഷമാക്കി മാറ്റുകയും ചെയ്യുന്നതാണ് ഹണി സിങ്ങിന്റെ ഗാനങ്ങൾക്ക് എതിർപ്പ് നേരിടേണ്ടി വന്നതിന്റെ കാരണം. എന്നാൽ ഇത്തരം ഗാനങ്ങളെ ഇന്ത്യൻ യുവത്വം ആരവത്തോടെ എതിരേൽക്കുന്നത് നമ്മെ ചിന്തിപ്പിക്കുന്നു. ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള പാട്ടുകാരനായത് ഇത്തരം പാട്ടുകൾ കൊണ്ടാണ്. നസിറുദ്ദീൻ ഷായും മകനും അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയായ മസ്താനിലെ ഒരൊറ്റ ഗാനത്തിന് ഹണി സിങ്ങിന് ലഭിച്ചത് 70 ലക്ഷം രൂപയാണ്. സോനു നിഗമിന് 12 ലക്ഷവും ശ്രേയാ ഘോഷാലിന് 5 ലക്ഷവും ലഭിക്കുന്നിടത്താണിത്.
അശ്ലീലമല്ല തെറി തന്നെയാണ് ഇദ്ദേഹത്തിന്റെ ഗാനങ്ങളിൽ. ഇതിന്റെ വിവരണം ഈ പത്രത്തിൽ എഴുതാവുന്നതുമല്ല. പെണ്ണിനെ മാനഭംഗപ്പെടുത്തി അവളെ പാഠം പഠിപ്പിക്കും ഞാൻ എന്ന് തുടങ്ങി ആക്രമിക്കുന്നതിന്റെ കൂടുതൽ വിവരണങ്ങളിലൂടെ ശ്രോതാക്കളെ രസിപ്പിക്കുകയാണ് ഇയാൾ.
ഇതിനെ പൊലിപ്പിച്ച് കാട്ടാനും ഹണി സിങ്ങിനെ യുവത്വത്തിന്റെ പ്രതീകമായി ഉയർത്തി കാട്ടാനും നമ്മുടെ രാഷ്ട്രീയക്കാരും മടിക്കുന്നില്ല. ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഹണി സിങ്ങിന്റെ ഗാനത്തിനൊപ്പം ചുവടു വെയ്ക്കുന്ന വീഡിയോയാണിത്.
സ്ത്രീത്വത്തെ അമ്മയായി കണ്ടു ആദരിക്കുന്നതാണ് ഭാരതീയ സംസ്കാരം എന്ന പൊള്ളത്തരത്തിനു പുറകിൽ സൌകര്യപൂരവ്വം ഒളിച്ചിരിക്കുകയാണ് ഇന്ത്യയിലെ അക്രമ സംസ്കാരം. രാജ്യത്തെ പോലും ഭാരത് മാതാ എന്നു വിളിക്കുന്നിടത്ത് സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നു എന്ന മിഥ്യാ ബോധം. എന്നാൽ വാസ്തവത്തിൽ ഇവിടെ പെൺകുട്ടികളെ വളർത്തുന്നത് നല്ല ഭാര്യയാവാനും നല്ല വീട്ടു ജോലിക്കാരിയാവാനും ഒക്കെ തന്നെയാണ്. പെൺകുട്ടികൾക്ക് സ്വന്തമായ ഒരു വ്യക്തിത്വം എന്നത് ചിന്തിക്കാൻ പോലും അനുവാദമില്ല. സ്ത്രീകൾ ആദരിക്കപ്പെടുന്നത് അവരുടെ തനത് വ്യക്തിത്വം കൊണ്ടല്ല, മറിച്ച് അവർ സന്താനോല്പ്പാദനം നടത്തുന്നത് കൊണ്ടും പരമ്പരയ്ക്ക് തുടർച്ച നൽകുന്നതും കൊണ്ട് മാത്രമാണ്.
സ്ത്രീകൾ അടക്കവും ഒതുക്കവും ഉള്ളവരാകണം. ഇതാണ് കുടുംബ മഹിമയുടെ ലക്ഷണം. പെൺകുട്ടികൾ വിവാഹം കഴിക്കുന്നത് വരെ അച്ഛന്റെ സ്വകാര്യ സ്വത്താണ്. വിവാഹ ശേഷം ഭർത്താവിന്റേയും. പെൺകുട്ടികൾ കുടുംബത്തിന് മാനഹാനി ഉണ്ടാക്കുമോ എന്നാണ് എപ്പോഴും ഭയം. ഇതിന് പലപ്പോഴും പരിഹാരം അവരുടെ സമ്മതം പോലും നോക്കാതെ എത്രയും പെട്ടെന്ന് വിവാഹം ചെയ്ത് കൊടുക്കുകയാണ്. ചില ഘട്ടങ്ങളിൽ സ്വന്തം പെൺമക്കളെ കൊന്ന് കുടുംബത്തിന്റെ മാനം കാക്കുകയും ആവാം. എന്നാൽ ആൺകുട്ടികളുടെ കാര്യത്തിൽ നിലപാട് തികച്ചും വ്യത്യസ്തമാണ്. പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം നൽകുന്നത് കൊണ്ടാണ് ആൺകുട്ടികൾ തെറ്റുകളിൽ ചെന്ന് വീഴുന്നത് എന്നാണ് കാഴ്ച്ചപ്പാട്.
ഇന്ത്യൻ ജനപ്രിയ സിനിമകളും ഇതേ കാഴ്ച്ചപ്പാട് മുന്നോട്ട് വെയ്ക്കുന്നു. ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നതിൽ നിന്നാണ് പ്രണയം തുടങ്ങുന്നത്. എത്ര കൂടുതൽ ശല്യം ചെയ്യുന്നോ അത്രയും തീവ്രമാവും പിന്നീടുള്ള പ്രണയം. ഇതാണ് സിനിമകൾ യുവാക്കൾക്ക് നൽകുന്ന സന്ദേശം. നൂറ് കണക്കിന് ബലാൽസംഗ രംഗങ്ങളാണ് ടി. ജി. രവിയും മറ്റും ചെയ്തിട്ടുള്ളത്. തങ്ങൾ ബന്ധം പുലർത്തിയ സ്ത്രീകളുടെ എണ്ണം പറഞ്ഞ് ആഘോഷിക്കുന്ന സൂപ്പർ താരങ്ങളുടെ നാടാണിത്. എത്ര വിസമ്മതിച്ചാലും ശരി പെൺകുട്ടിയുടെ പുറകെ നടന്നു ശല്യം ചെയ്താൽ അവസാനം അവൾ “വളയും” എന്ന് സങ്കോചമില്ലാതെ വിളിച്ചോതുന്ന പ്രമേയമാണ് സിനിമകളിൽ ഭൂരിഭാഗവും.
ഡൽഹിയിൽ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ദിനം പ്രതി പത്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പീഡന വാർത്തകളുടെ ബാഹുല്യം ഒരു സൂചനയാണ്. സ്ത്രീകളുടെ നേരെയുള്ള ആക്രമണം സംസ്കാര ച്യുതിയുടെ ലക്ഷണമാണ്. സംസ്കാരമാണ് ഒരു രാജ്യത്തെ നിയമങ്ങൾക്ക് നിദാനമാകുന്നത്. സംസ്കാരമാണ് സമൂഹത്തിൽ അക്രമത്തെ വളർത്തുന്നതും നിരുൽസാഹപ്പെടുത്തുന്നതും. ലോകമെങ്ങും സ്ത്രീകൾ ആക്രമിക്കപ്പെടുന്നുണ്ട്. ഇന്ത്യയിൽ തങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യാൻ സ്ത്രീകൾ കൂടുതലായി മുന്നോട്ട് വന്നു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതോടൊപ്പം തന്നെ സ്ത്രീകൾ ഇത്തരത്തിൽ പ്രതികരിക്കുവാൻ തയ്യാറാവുന്നതിൽ വല്ലാത്തൊരു അസഹിഷ്ണുതയും എതിർപ്പുമാണ് പുരുഷന്മാരുടെ ഭാഗത്തു നിന്നും ഉയരുന്നത്. ഇത് സ്ത്രീകളെ ശിക്ഷിക്കുവാൻ മാനസികമായി അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നിടത്താണ് പ്രശ്നം ഗൌരവമാകുന്നത്. ഭാരതത്തിന്റെ ചരിത്രത്തിൽ തിളങ്ങി നില്ക്കുന്ന ഒട്ടേറെ വനിതകളുണ്ട്. എന്നാൽ ഇവരൊക്കെ തന്നെയും സാംസ്കാരികമായ വിലക്കുകളും പരിമിതികളും അതിജീവിച്ചു ഉയർന്നു വന്നവരാണ്. അല്ലാതെ സാംസ്കാരിക പശ്ചാത്തലം അവരെ സ്വതന്ത്രമായി ഉയർന്നു വരാൻ സഹായിച്ചതല്ല. അടിസ്ഥാന ചിന്താഗതിയിൽ മാറ്റം വന്നാലെ ഈ സ്ഥിതി വിശേഷം അവസാനിക്കൂ.