ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം വിവാദത്തിൽ. സീനിയോറിറ്റി മറികടന്നു മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ് അടക്കം രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതി ജഡ്ജിമാർ ആക്കിയതിന് എതിരെ പരാതിയുമായി ഗുജറാത്തിലെ അഭിഭാഷകർ രംഗത്ത് വന്നു. നിയുക്തരായ രണ്ടു പേരേക്കാൾ സീനിയറായ മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ മറികടന്നാണ് ഈ നിയമനം എന്നും അതിനാൽ നിയമനം റദ്ദാക്കണം എന്നുമാണ് പരാതിക്കാരുടെ ആവശ്യം.
രാഷ്ട്രപതിയും സര്‍ക്കാറും അംഗീകരിച്ച സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ ചോദ്യം ചെയ്ത് ഗുജറാത്തിലെ അഭിഭാകര്‍ പ്രമേയം പാസാക്കി രാഷ്ട്രപതിക്ക് അയച്ചിരിക്കയാണ്. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കുര്യന്‍ ജോസഫ്, ആന്ധ്ര പ്രദേശ് ഹൈക്കോടതി ജഡ്ജി സി. ജെ. പിനാകിയു ചന്ദ്ര ഘോസെ എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്തിട്ടുള്ളത്. എന്നാൽ ഇവരേക്കാൾ സീനിയർ ഹൈക്കോടതി ജഡ്ജിമാരായ ഉത്തരഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബറിന്‍ ഘോഷ്, മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൊഹിത് ശാന്തിലാല്‍ ഷാ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഭാസ്കര്‍ ഭട്ടാചാര്യ എന്നിവരെയാണ് മറി കടക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
ഗുജറാത്തിലെ അഭിഭാഷക അസോസിയേഷന്‍ പാസാക്കിയ പ്രമേയത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഭട്ടാചാര്യയുടെ സിനിയോറിറ്റി, സത്യസന്ധത, സമര്‍പ്പണം എന്നിവ പരിഗണിച്ചില്ലെന്ന് ആരോപിച്ചിട്ടുണ്ട്. സിനിയോറിറ്റി മറികടന്ന് സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നത് ഇതാദ്യമായാണെന്നും പരാതിയിൽ പറയുന്നു.
- ഫൈസല്‍ ബാവ