അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡ് ഹാട്രിക് വിജയം നേടുമെന്ന് എക്സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിയെ നയിച്ചത് മോഡിയായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ബി.ജെ.പി നേടുമെന്ന് സി വോട്ടര്‍, ചാണക്യ, ന്യൂസ് 24 തുടങ്ങിയ സര്‍വ്വേകള്‍ പ്രവചിക്കുന്നത്. ബി.ജെ.പിക്ക് ഒരു പക്ഷെ 150 സീറ്റുകള്‍ വരെ നേടാനാകുമെന്ന് ചിലര്‍ പ്രവചിക്കുന്നു. കേശുഭായ് പട്ടേല്‍ നേതൃത്വം നല്‍കുന്ന ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി ആദ്യഘട്ടത്തില്‍ ബി.ജെ.പിക്ക് ഭീഷണിയാകുമെന്ന് കരുതിയിരുന്നെങ്കിലും കോണ്‍ഗ്രസ്സിന്റെ വോട്ടുകളിലാണ് ചോര്‍ച്ച സംഭവിക്കാനിടയെന്നാണ് പ്രവചനങ്ങള്‍ പറയുന്നത്. വര്‍ദ്ധിച്ച പോളിങ്ങ് ശതമാനവും മോഡിക്ക് അനുകൂലമായ സൂചനയായാണ് കണക്കാക്കുന്നത്.
ഗുജറാത്തില്‍ ബി.ജെ.പിക്ക് അതീതമായ ഒരു പ്രതിച്ഛായ മോഡി ഇതിനോടകം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിലെ തന്നെ തീരാ കളങ്കമായ ഗുജറാത്തിലെ കലാപത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോളും ഗുജറാത്തില്‍ മോഡിയുടെ ജന പിന്തുണ വര്‍ദ്ധിച്ചു വരികയാണ്. വികസനത്തെ പറ്റി മാധ്യമങ്ങളിലൂടെ വലിയ തോതില്‍ ഉള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. നഗരങ്ങളെ വിട്ട് ഗ്രാമങ്ങളില്‍ കാര്യമായ വികസനം ഒന്നും നടക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങളെയും വിലക്കയറ്റത്തേയും മോഡി തന്റെ പ്രചാരണത്തിനു വളരെ വിദഗ്ദമായി ഉപയോഗിച്ചപ്പോള്‍ ഗുജറാത്തില്‍ വര്‍ദ്ധിച്ചു വരുന്ന ദാരിദ്യം തൊഴിലില്ലായ്മ, കുടിവെള്ള പ്രശ്നം എന്നിവയെ ചൂണ്ടിക്കാട്ടി വോട്ട് പിടിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു.