ജയ്പൂര്‍: സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പാവാട നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി എം.എല്‍.എയ്ക്ക് പാവാട നല്‍കിക്കൊണ്ട് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചു. രാജസ്ഥാനിലെ അല്‍വാര്‍ നിയമസഭാമണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ആയ ബന്‍വാരിലാല്‍ സിംഘാലിനാണ് പാവാട നിരോധനത്തെ ചൊല്ലി പ്രതിഷേധം ഏറ്റു വാങ്ങേണ്ടി വന്നത്. സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പാവാട നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ അദ്ദേഹത്തിന്റെ വീടിനു മുമ്പില്‍പ്രതിഷേധിച്ചത്. സ്ത്രീകള്‍ക്കെതിരെ ഉള്ള ലൈംഗിക അക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ സ്കൂളുകളില്‍ യൂണിഫോം ആയി പാവാട ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടത്. പെണ്‍കുട്ടികള്‍ സല്‍വാര്‍ കമ്മീസോ, ട്രൌസേഴ്സോ ഉപയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ഒരു ആവശ്യം ഉന്നയിച്ചതിന് ബന്‍വാരിലാല്‍ സിംഘാല്‍ പെണ്‍കുട്ടികളോട് മാപ്പു പറയണമെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ആവശ്യപ്പെട്ടു.