ന്യൂഡല്‍ഹി: സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷം അഴിമതി വിരുദ്ധ സമരത്തില്‍ പങ്കുചേരാന്‍ കരസേനാ മേധാവി ജനറല്‍ വി. കെ. സിങ്ങിന് അണ്ണ ഹസാരെയുടെ ക്ഷണം. പാക്കിസ്ഥാനെതിരേ രണ്ടു യുദ്ധങ്ങളില്‍ പങ്കെടുത്തയാളാണ് താനെന്നും, എന്നാല്‍ താനിപ്പോള്‍ രാജ്യത്തിനുള്ളിലെ ശത്രുക്കളെയാണു നേരിടുന്നതെന്നും ഹസാരെ പറഞ്ഞു. അഴിമതിക്കെതിരെയുള്ള സമരം തുടരുമെന്നും ഈ സമരത്തിലേക്ക് സിംഗിനെ പോലുള്ളവരുടെ സാന്നിധ്യം അനിവാര്യമാണെന്നും എന്നാല്‍, പങ്കെടുക്കണമോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും ഹസാരെ പറഞ്ഞു . മഹരാഷ്ട്രയില്‍ ലോകായുക്ത നിയമം നടപ്പാക്കാനാവശ്യപ്പെട്ടു 35 ദിവസം നീളുന്ന സംസ്ഥാന പര്യടനത്തിലാണു ഹസാരെ. ഇതിന്‍റെ ഭാഗമായി നടത്തിയ യോഗത്തിലാണു സിങ്ങിനെ ക്ഷണിച്ചു കൊണ്ടുള്ള പ്രസംഗം നടത്തിയത്. സിങ്ങിനെ സമരത്തിനു ക്ഷണിച്ച ഹസാരെയുടെ നടപടിയെ ഒപ്പമുണ്ടായിരുന്ന കിരണ്‍ ബേദി സ്വാഗതം ചെയ്തു.