ഹൈദരാബാദ് : ഒറ്റ ബ്രാന്‍ഡ് ചില്ലറ വ്യാപാര രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ച നടപടിയില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച സി. പി. ഐ. (എം.) മള്‍ട്ടി ബ്രാന്‍ഡ് രംഗത്ത് കൂടി സര്‍ക്കാര്‍ ഇത് അനുവദിക്കുകയാണെങ്കില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം ആരംഭിക്കും എന്ന് മുന്നറിയിപ്പ് നല്‍കി. അസംബ്ലി തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ ചില്ലറ വ്യാപാര രംഗത്തും 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുവാന്‍ ഒരുങ്ങുകയാണ്. വന്‍കിട വിദേശ വ്യാപാര ശൃംഖലകള്‍ രാജ്യത്ത് ചുവട് ഉറപ്പിച്ചാല്‍ ചെറുകിട വ്യാപാരികളും കച്ചവടക്കാരും വഴിയാധാരമാവും. ഇത് ഒഴിവാക്കുവാനാണ് തങ്ങള്‍ സര്‍ക്കാരിന്റെ ഈ നീക്കത്തെ എതിര്‍ക്കുന്നത് എന്ന് സി. പി. ഐ. (എം.) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.