മുംബൈ : 4 മിനിട്ടില്‍ 5 വയസില്‍ താഴെ പ്രായമുള്ള ഒരു കുഞ്ഞു വീതം ഇന്ത്യയില്‍ ന്യൂമോണിയ പോലുള്ള ഒഴിവാക്കാവുന്ന അസുഖങ്ങള്‍ മൂലം മരണമടയുന്നു എന്നാണ് കണക്ക്. പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കാത്തത് മൂലമാണ് ഇത് എന്ന് അന്താരാഷ്‌ട്ര ഏജന്‍സികള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ന്യൂമോണിയ മൂലം പ്രതിവര്‍ഷം മരിക്കുന്ന 3.71 ലക്ഷം കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കേവലം പ്രതിരോധ മരുന്ന് മാത്രമാണോ വഴി? അല്ലെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ അറിയിക്കുന്നു. ശുചിത്വമുള്ള ജീവിത സാഹചര്യങ്ങള്‍ തന്നെയാണ് ന്യൂമോണിയ തടയാന്‍ ഏറ്റവും ആവശ്യം എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
വികസ്വര രാജ്യങ്ങളില്‍ മുഴുവന്‍ പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ ശുപാര്‍ശ ചെയ്യുന്ന അന്താരാഷ്‌ട്ര ഏജന്‍സികള്‍ പക്ഷെ പ്രതിരോധ വാക്സിന്റെ വില കുറയ്ക്കുവാന്‍ കൂടി നടപടികള്‍ സ്വീകരിക്കണം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 4 ബൂസ്റ്റര്‍ കുത്തിവെപ്പുകള്‍ കൂടിയാവുമ്പോള്‍ ന്യൂമോനിയയുടെ പ്രതിരോധത്തിനുള്ള ചിലവ് 16000 രൂപയാവും. സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തിന് മാത്രമേ ഇത് താങ്ങാനാവൂ എന്നതാണ് ഇന്ത്യയില്‍ നിലവിലുള്ള അവസ്ഥ. എയിഡ്സ് മരുന്നിന് വില കുറച്ചത് പോലെ പ്രതിരോധ കുത്തിവെപ്പുകളുടെ വിളകള്‍ കൂടി കുറയ്ക്കണം എന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു.