മുംബൈ: പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ ഷമ്മി കപൂര്‍ (79) അന്തരിച്ചു. മുംബൈയിലെബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായുരുന്ന ഷമ്മി രണ്ടാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം. 1950കളിലും 60കളിലും ഹിന്ദി സിനിമകളിലെ നിത്യഹരിത പ്രണയനായകന്‍ ആയിരുന്നു ഷമ്മി. 1931 ഒക്‌ടോബര്‍ 21 ന് മുബൈയില്‍ കലാപാരന്പര്യമുള്ള പഞ്ചാബി ഖത്രി കുടുംബത്തിലായിരുന്നു ഷമ്മിയുടെ ജനനം. ഷംസീര്‍ രാജ് കപൂര്‍ എന്നായിരുന്നു യഥാര്‍ഥ പേര്. ഒരു കാലത്ത് ബോളിവുഡിനെ അടക്കിഭരിച്ച താരങ്ങളായ രാജ് കപൂര്‍, ഷഷി കപൂര്‍ എന്നിവരുടെ സഹോദരനായിരുന്നു ഷമ്മി.
1948-ല്‍ സിനിമയിലെത്തി ഷമ്മി സിനിമയിലെത്തുന്നത് . ജൂനിയര്‍ ആര്‍ട്ടിസ്‌റ്റായായിരുന്നു രംഗപ്രവേശം. 150 രൂപയായിരുന്നു അക്കാലത്ത് പ്രതിമാസ പ്രതിഫലം. പിതാവിന്റെ പൃഥ്വി തീയേറ്റുമായി നാലുവര്‍ഷം കൂടി ഷമ്മി കടന്നുപോയി. പ്രതിഫലം 300 രൂപയായി അക്കാലത്ത് ഉയര്‍ന്നു. 1953-ല്‍ മഹേഷ് കൗള്‍ സംവിധാനം ചെയ്‌ത ‘ജീവന്‍ ജ്യോതി’ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദി സിനിമയില്‍ ഷമ്മി സജീവനാകുന്നത്. തുംസ നഹിന്‍ ദേഖ, ദില്‍ ദേക ദേഖോ, ജംഗീള്‍ ദില്‍ തേരാ ദിവാന, പ്രൊഫസര്‍, ചൈന ടൗണ്‍, രാജ്‌കുമാര്‍, കാശ്‌മീര്‍ കി കാലി, ജന്‍വാര്‍, തീസരി മന്‍സില്‍, ആന്‍ ഈവനിംഗ് ഇന്‍ പാരീസ്, ബ്രഹ്‌മചാരി, അന്‍ദാസ്, സമീര്‍, ഹീറോ, വിധാത, ലൈല മജ്നു തുടങ്ങി നിരവധി ചിത്രങ്ങള്‍. 1994-ല്‍ പുറത്തിറങ്ങിയ‘സുഖം സുഖകരം’ എന്ന മലയാളചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. 1974-ല്‍ പുറത്തിറങ്ങിയ മനോരഞ്‌ജന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും ഷമ്മിയായിരുന്നു. 1976-ല്‍ ബന്ദല്‍ബാസ് എന്ന ചിത്രം നിര്‍മ്മിച്ചു. ബ്രഹ്‌മചാരിയിലെ അഭിനയത്തിന് 1968-ല്‍ ഫിലിംഫെയറിന്റെ മികച്ച നടനുള്ള പുരസ്‌കാരവും വിധാതയിലൂടെ 1982ല്‍ മികച്ച സഹനടനുള്ള പുരസ്‌കാരവും ഷമ്മിയെ തേടിയെത്തി. 2009-ല്‍ ഫാല്‍കെ പുരസ്‌കാരവും നേടി. 2006-ല്‍ അഭിനയിച്ച സാന്റ്‌വിച്ചാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. 2011-ല്‍ സഹോദരന്‍ രാജ്‌കപൂരിന്റെ അനനന്തരവന്‍ രണ്‍ബീര്‍ കപൂറുമൊത്ത് റോക്ക് സ്‌റ്റാര്‍ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.