ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുന:സംഘടന ഉടന്‍ നടക്കാനിരിക്കെ കമ്പനികാര്യ മന്ത്രി മുരളി ദേവ്‌ര രാജിവെച്ചു. ആരോഗ്യകാരണങ്ങളാല്‍ രാജിയെന്നാണ് വിശദീകരണമെങ്കിലും മുരളി ദേവ്‌ര പെട്രോളിയം മന്ത്രിയായിരിക്കെ കൃഷ്ണ ഗോദാവരി തടത്തില്‍ റിലയന്‍സിന് എണ്ണ പര്യവേഷണത്തിന് അനുമതി നല്‍കിയതില്‍ ക്രമക്കേടുള്ളതായി സി.എ.ജിയുടെ കരട് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായത്തിന്റെ പശ്ചാത്തലത്തിലാണ് ഈ രാജി. ഇതോടെ മന്ത്രിസഭയിലെ ഭിന്നത രൂക്ഷമായതായാണ് സൂചന. റിലയന്‍സിന് വേണ്ടി വഴി വിട്ട രീതിയില്‍ അനുമതി നല്‍കുകയും ഇതിലൂടെ ഏകദേശം 3000 കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ കാലയളവില്‍ മുരളി ദേവ്റയാണ് പെട്രോളിയം വകുപ്പ് മതിയായിരുന്നത്. തുടര്‍ന്ന് ജനവരിയില്‍ നടന്ന പുന:സംഘടനയിലാണ് കമ്പനികാര്യ വകുപ്പിലേക്ക് ദേവ്‌റയെ മാറ്റിയത്.



അഹമ്മദാബാദ്: ഗോധ്ര കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന നാനാവതി കമ്മീഷനു മുന്നില്‍ മുതിര്‍ന്ന പൊലീസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഗോധ്ര കലാപ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നില വീണ്ടും പരുങ്ങലിലാക്കുന്നു. ഗോധ്ര തീവണ്ടി തീവയ്പിനു ശേഷം നടന്ന കലാപ കാലത്തെ പറ്റിയുള്ള പ്രധാനപെട്ട രേഖകളായ ടെലഫോണ്‍ കോള്‍ രേഖകള്‍, ഓഫീസര്‍മാരുടെ യാത്രാ രേഖകള്‍, വാഹനങ്ങളുടെ ലോഗ് ബുക്ക് തുടങ്ങിയ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പക്കലുണ്ടായിരുന്ന രേഖകള്‍ 2007-ല്‍ നശിപ്പിക്കപ്പെട്ടു എന്നാണ് സഞ്ജീവ് ഭട്ട് കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയത്.

























