ന്യൂഡല്‍ഹി : കോമണ്‍ വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിയില്‍ നിന്നും അഴിമതി ആരോപണത്തിന് വിധേയനായ അദ്ധ്യക്ഷന്‍ സുരേഷ് കല്‍മാഡിയെയും സെക്രട്ടറി ലളിത് ഭാനോട്ടിനെയും ഉടന്‍ നീക്കം ചെയ്യണമെന്ന സി. ബി. ഐ. യുടെ ആവശ്യം നടപ്പിലാക്കാന്‍ ആവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അന്താരാഷ്‌ട്ര ഒളിമ്പിക് സമിതിയില്‍ അംഗത്വമുള്ള ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ കീഴിലാണ് കോമണ്‍ വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിക്ക് രൂപം നല്‍കിയത്. 1860 ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്റ്റ് പ്രകാരം ഒരു സൊസൈറ്റി ആയിട്ടാണ് ഇത് രെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്താരാഷ്‌ട്ര ഒളിമ്പിക് സമിതിയുടെ ചാര്‍ട്ടര്‍ പ്രകാരം സര്‍ക്കാരിന് സംഘാടക സമിതിയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ അധികാരമില്ല എന്ന കാരണം കാണിച്ചാണ് സര്‍ക്കാര്‍ സി. ബി. ഐ. യുടെ ആവശ്യം നിരാകരിച്ചത്.