ന്യൂഡല്‍ഹി : ഇന്ത്യയുടെ കലാ സാംസ്കാരിക പൈതൃകത്തിന്റെ വര്‍ണ്ണാഭമായ നേര്‍ക്കാഴ്ചകള്‍ വിരുന്നുകാര്‍ക്കായി സമര്‍പ്പിച്ചു കൊണ്ട് ഞായറാഴ്ച വൈകീട്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് 2010 ന്റെ ഉല്‍ഘാടന ചടങ്ങുകള്‍ വിസ്മയമായി. ഗെയിംസിന്റെ മുന്നോരുക്കങ്ങളുമായി ബന്ധപ്പെട്ടു ഉയര്‍ന്ന എല്ലാ ആരോപണങ്ങളും വിവാദങ്ങളും മൂന്നു മണിക്കൂര്‍ നേരത്തേക്ക് എല്ലാവരും മറന്നു പോകത്തക്കതായിരുന്നു ഉല്‍ഘാടന ചടങ്ങിന്റെ പൊലിമ. രാഷ്ട്രത്തിന്റെ മഹത്തായ ചരിത്ര പാരമ്പര്യവും അഭൂതപൂര്‍വ്വമായ വളര്‍ച്ചയും പുരോഗതിയും മോഹനമായ ഭാവിയും വിളിച്ചോതുന്ന ദൃശ്യങ്ങള്‍ കാണികളെ ആവേശ ഭരിതരാക്കി വരാനുള്ള ദിവസങ്ങളെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് നിറം ചാര്‍ത്തുകയും ചെയ്തു. രാജ്ഞിയുടെ സന്ദേശം ചാള്‍സ് രാജകുമാരന്‍ വായിച്ചതിനു ശേഷം ഗെയിംസ് ഉദ്ഘാടനം ചെയ്തതായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അറിയിച്ചപ്പോള്‍ ജനം വന്‍ ഹര്‍ഷാരവത്തോടെ അത് സ്വാഗതം ചെയ്തു.
40 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച ഹീലിയം വാതകം നിറച്ച എയറോസ്റ്റാറ്റ് മുഖ്യ ആകര്‍ഷണമായി. 1050 കുട്ടികള്‍ അണിനിരന്ന സ്വാഗത നൃത്ത സംഗീത പരിപാടി അതിതികള്‍ക്ക് ആതിഥ്യം വിരുന്നായി. തുടര്‍ന്ന് അരങ്ങേറിയ വിവിധ സംഗീത നൃത്ത പരിപാടികള്‍ക്ക് എ. ആര്‍. റഹ്മാന്റെ സവിശേഷ സംഗീത പരിപാടി ആവേശ ഭരിതമായ പരിസമാപ്തി കുറിച്ചു.
അഴിമതി ആരോപണ വിധേയനായ ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി യെ കാണികള്‍ കൂവിയതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.