ന്യൂഡല്‍ഹി : ബാബറി മസ്‌ജിദ് തകര്‍ത്ത സംഭവത്തില്‍ ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനിയും മറ്റ് ഏഴ് പ്രതികളും വഹിച്ച പങ്കിനെ കുറിച്ച് അദ്വാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥ ആയിരുന്ന ഐ. പി. എസ്. ഉദ്യോഗസ്ഥ അഞ്ജു ഗുപ്ത നാളെ (വെള്ളിയാഴ്ച) റായ് ബറേലി കോടതിക്ക് മുന്‍പാകെ മൊഴി നല്‍കും.
1992ല്‍ ബി. ജെ. പി. രാജ്യ വ്യാപകമായി നല്‍കിയ ആഹ്വാനത്തിന്റെ ഫലമായി രാജ്യമെമ്പാടും നിന്ന് പ്രവര്‍ത്തകര്‍ “കര്‍സേവ” ചെയ്യാനായി ഭഗവാന്‍ ശ്രീരാമന്റെ ജന്മ ഭൂമിയെന്ന് സംഘ പരിവാര്‍ പ്രഖ്യാപിച്ച അയോധ്യയിലെ പുരാതനമായ 16ആം നൂറ്റാണ്ടിലെ പള്ളിയില്‍ ഒത്തുകൂടിയ വേളയില്‍ അഞ്ജു ഗുപ്തയ്ക്കായിരുന്നു അദ്വാനിയുടെ സുരക്ഷാ ചുമതല. അന്ന് അവിടെ അരങ്ങേറിയ രംഗങ്ങള്‍ സി. ബി. ഐ. യോട് വിവരിക്കാന്‍ അവിടെ ഉണ്ടായിരുന്ന ഐ.എ.എസ്., ഐ.പി.എസ്., കേന്ദ്ര സേനാ ഉദ്യോഗസ്ഥര്‍ അടക്കം എല്ലാവരും വിസമ്മതിച്ചപ്പോള്‍ സി.ബി.ഐ. യുമായി സഹകരിക്കാന്‍ തയ്യാറായ ഏക ഉദ്യോഗസ്ഥ ആയിരുന്നു 1990ല്‍ ഐ.പി.എസ്. ഇല്‍ ചേര്‍ന്ന അഞ്ജു ഗുപ്ത. കര്‍സേവകര്‍ പള്ളി പൊളിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ അവരെ തടയാന്‍ അവിടെ ഉണ്ടായിരുന്ന നേതാക്കള്‍ ആരും തന്നെ ശ്രമിച്ചില്ല എന്ന അഞ്ജുവിന്റെ മൊഴിയെ തുടര്‍ന്നാണ് അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കാട്ട്യാര്‍, അശോക് സിങ്കാള്‍, ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ, സാധ്വി ഋതംഭര എന്നിവര്‍ക്കെതിരെ സി.ബി.ഐ. ക്രിമിനല്‍ കുറ്റം ചാര്‍ത്തിയത്. പള്ളി തകര്‍ന്നു വീണപ്പോള്‍ ഈ എട്ടു നേതാക്കള്‍ക്ക് പുറമേ അവിടെ ഉണ്ടായിരുന്ന ആചാര്യ ധര്‍മ്മേന്ദ്ര അടക്കം എല്ലാവരും പരസ്പരം അനുമോദിക്കുകയും, ആഹ്ലാദം പങ്കിടുകയും ചെയ്തതായി അന്ന് അഞ്ജു സി.ബി.ഐ. യോട് പറഞ്ഞിരുന്നു.
2003ല്‍ അദ്വാനിക്കെതിരെയുള്ള ഗൂഡാലോചന കുറ്റം പിന്‍വലിച്ചുവെങ്കിലും 2005ല്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് കുറ്റം വീണ്ടും ചുമത്തുകയായിരുന്നു. അന്ന് ഇത് ഒട്ടേറെ അക്രമത്തിനും കൊള്ളിവെപ്പിനും, രാജ്യ വ്യാപകമായ പ്രതിഷേധത്തിനും, ഒട്ടേറെ വര്‍ഗ്ഗീയ അസ്വസ്ഥതകള്‍ക്കും വഴി വെച്ചതിനെ തുടര്‍ന്ന് കേസിന്റെ പുരോഗതി ഏറെ മന്ദഗതിയില്‍ ആയി. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ചാര സംഘടനയായ റോ യില്‍ ഉദ്യോഗസ്ഥയായ അഞ്ജു ഗുപ്ത കോടതിക്ക് മുന്‍പാകെ മൊഴി നല്‍കാന്‍ എത്തുന്നതോടെ കേസ് വീണ്ടും സജീവമാകും.



ന്യൂഡല്‍ഹി : വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നത് കുറ്റകരമല്ല എന്ന് സുപ്രീം കോടതി വിധിച്ചു. ഇങ്ങനെ ജീവിക്കുന്നത് തടയാന്‍ നിയമമില്ല. വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധവും നിയമം തടയുന്നില്ല എന്ന് കോടതി വ്യക്തമാക്കി. ഭാരതീയ പൌരാണിക സങ്കല്‍പ്പത്തില്‍ കൃഷ്ണനും രാധയും ഒരുമിച്ച് കഴിഞ്ഞത് കോടതി ചൂണ്ടിക്കാട്ടി. പ്രായ പൂര്‍ത്തിയായ രണ്ടു പേര്‍ ഒരുമിച്ച് ജീവിക്കണം എന്ന് തീരുമാനിച്ചാല്‍ അതില്‍ തെറ്റ് എന്താണുള്ളത്? ഒരുമിച്ച് ജീവിക്കുന്നത് ഒരു കുറ്റമല്ല എന്ന് കോടതി നിരീക്ഷിച്ചു.
ന്യൂഡല്‍ഹി : മുംബൈ ഭീകര ആക്രമണത്തിന് പുറകില്‍ തന്റെ പങ്ക് ഏറ്റു പറഞ്ഞ ഡേവിഡ് ഹെഡ്‌ലിയെ അമേരിക്കയില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് അവസരം ഒരുങ്ങുന്നു. ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യപ്പെടാ തിരിക്കുവാനാണ് ഹെഡ്‌ലി ഒരു ഷിക്കാഗോ കോടതിക്ക് മുന്‍പില്‍ ഇന്നലെ കുറ്റസമ്മതം നടത്തിയത്. എന്നാല്‍ മണിക്കൂറു കള്‍ക്കുള്ളില്‍ അമേരിക്കന്‍ നിയമ വകുപ്പ് മേധാവി എറിക് ഹോള്‍ഡര്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ ടെലിഫോണില്‍ ബന്ധപ്പെടുകയും ഇരുവരും തമ്മില്‍ ഏര്‍പ്പെട്ട ചര്‍ച്ചയില്‍ ചില സുപ്രധാന ധാരണകള്‍ ഉരുത്തിരിഞ്ഞു വരികയുമായിരുന്നു. കുറ്റസമ്മതം നടത്തുവാനായി അമേരിക്കന്‍ പ്രോസിക്യൂ ട്ടര്‍മാരുമായി ഹെഡ്‌ലി നടത്തിയ കരാര്‍ പ്രകാരം ഇയാളെ ഏതെന്കിലും വിദേശ രാജ്യത്തേക്ക് കൈമാറ്റം ചെയ്യാനാവില്ല. മാത്രവുമല്ല, ഈ ഉടമ്പടി പ്രകാരം ഹെഡ്‌ലിക്ക് വധശിക്ഷ നല്കാനുമാവില്ല. എന്നാല്‍ ഇന്നലെ അമേരിക്കന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ച പ്രകാരം ഹെഡ്‌ലിയെ ഇന്ത്യന്‍ അന്വേഷണ സംഘത്തിന് അമേരിക്കയില്‍ ചെന്ന് ചോദ്യം ചെയ്യാനുള്ള അനുമതി അമേരിക്ക നല്‍കും എന്ന് മന്ത്രി അറിയിച്ചു.
























