ഡല്‍ഹി : കാബുളിലെ ഇന്ത്യ എംബസി ആക്രമിച്ചത് തങ്ങളാണെന്ന അവകാശ വാദവുമായി താലിബാന്‍ രംഗത്ത് വന്നു. ഇന്നലെ രാവിലെ നടന്ന ബോംബ് ആക്രമണത്തില്‍ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 45 പേര്‍ക്ക് പരിക്കുണ്ട്. എംബസിക്കു നേരെ നടന്ന ഈ രണ്ടാം ആക്രമണം അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ ജീവന് നില നില്‍ക്കുന്ന ഭീഷണി വ്യക്തമാക്കുന്നു. സ്ഫോടക വസ്തുക്കള്‍ നിറഞ്ഞ കാര്‍ എംബസിയ്ക്ക് പുറത്തു വെച്ച് ഒരു ചാവേര്‍ ആക്രമണത്തില്‍ പൊട്ടിത്തെറിയ്ക്കുകയാണുണ്ടായത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. വിസയ്ക്കുള്ള അപേക്ഷയുമായി കൂടി നിന്നവരാണ് കൊല്ലപ്പെട്ടവരില്‍ അധികവും.



ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലേക്കുള്ള താല്‍ക്കാലിക അംഗത്വത്തിന് ഇന്ത്യ യു.എ.ഇ. യുടെ പിന്തുണ തേടി. കേന്ദ്ര വിദേശ കാര്യ മന്ത്രി ശശി തരൂരിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ രണ്ടാം പാദത്തിലാണ് ഈ സുപ്രധാന നയതന്ത്ര നീക്കം നടന്നത്. യു.എ.ഇ. യുമായി കൂടുതല്‍ രാഷ്ട്രീയ സാമ്പത്തിക സഹകരണത്തിന് താല്പര്യം പ്രകടിപ്പിച്ച മന്ത്രി ഐക്യ രാഷ്ട്ര സഭാ സുരക്ഷാ സമിതിയിലേയ്ക്കുള്ള താല്‍ക്കാലിക അംഗത്വത്തിന് യു.എ.ഇ.യുടെ പിന്തുണ ആവശ്യപ്പെട്ടു. ജി-20 ലേക്കുള്ള പ്രവേശനത്തോടെ ഇന്ത്യ ലോക സമ്പദ് ഘടനയില്‍ സുപ്രധാന സ്വാധീനം ചെലുത്താന്‍ പ്രാപ്തമായി എന്ന് പറഞ്ഞു. ഇതോടൊപ്പം രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്ന സുരക്ഷാ കൌണ്‍സിലിലും ഇന്ത്യക്ക് പ്രവേശനം അനുവദിക്കണം. സുരക്ഷാ കൌണ്‍സില്‍ വിപുലീകരിക്കുമ്പോള്‍ അത് ഇന്ത്യക്കു പുറമെ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ കൂടെ ഉള്‍പ്പെടുത്തി കൊണ്ടാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബായിലെ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൌണ്‍സില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.ടി. ഉഷയെ ഇന്ത്യയിലെ ഓരോ കൊച്ചു കുട്ടിക്ക് പോലും അറിയാം. ഇന്ത്യയുടെ ഈ സ്‌പ്രിന്റ് റാണിയെ കായിക ലോകം ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു. ഒളിമ്പിക്സിന്റെ ഫൈനലില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വനിതയാണ് പദ്മശ്രീ പി. ടി. ഉഷ. എന്നാല്‍ ഭോപ്പാലില്‍ ദേശീയ അത്‌ലറ്റിക്സ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോയ ഉഷയെ ഭാരവാഹികള്‍ അവഗണിച്ചു. താമസവും ഭക്ഷണവും ലഭിക്കാതെ ഉഷയും ടീമിലെ കുട്ടികളും ഏറെ വലഞ്ഞു. അധികൃതരുടെ മുന്‍പില്‍ ഏറെ അപേക്ഷിച്ചെങ്കിലും അവസാനം, വിശപ്പും ക്ഷീണവും മൂലം തളര്‍ന്ന തന്റെ ടീമിന്റെ കാര്യങ്ങള്‍, സ്വന്തമായി തന്നെ നോക്കേണ്ട ഗതികേടിലായി ഇന്ത്യയുടെ അഭിമാന താരം. 
























