ക്യൂബയ്ക്ക് എതിരെ അമേരിക്ക നടപ്പിലാക്കിയ വ്യാപാര ഉപരോധത്തെ അപലപിച്ച് കഴിഞ്ഞ 18 വര്‍ഷങ്ങളായി ഐക്യ രാഷ്ട്ര സഭയില്‍ ഒരു ചടങ്ങു പോലെ തുടര്‍ന്നു വരുന്ന പ്രമേയ അവതരണം ഇത്തവണയും പതിവു പോലെ വന്‍ ഭൂരിപക്ഷത്തിന് പാസായി. അമേരിക്കക്ക് പുറമെ ഇസ്രയേലും പലാവോയും മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. 187 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ മാര്‍ഷല്‍ ദ്വീപുകളും മൈക്രൊനേഷ്യയും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ബുഷ് മാറി ഒബാമ വന്നിട്ടും ഏറെയൊന്നും കാര്യങ്ങള്‍ മാറിയില്ല എന്നതിനു തെളിവായിരുന്നു ഐക്യ രാഷ്ട്ര സഭയില്‍ അമേരിക്കന്‍ അംബാസഡറും ക്യൂബന്‍ വിദേശ കാര്യ മന്ത്രിയും നടത്തിയ പ്രസംഗങ്ങള്‍.
ക്യൂബന്‍ ജനത അനുഭവിക്കുന്ന അടിച്ചമര്‍ത്തലാണ് ക്യൂബക്കെതിരെയുള്ള ഉപരോധത്തിന് പ്രേരകമായത് എന്നത് പ്രമേയം അനുകൂലിക്കുന്നവര്‍ ഓര്‍ക്കണം എന്ന് അമേരിക്കന്‍ അംബാസഡര്‍ ആവശ്യപ്പെട്ടു.
ക്യൂബന്‍ ജനതയുടെ ആത്മവീര്യം നശിപ്പിക്കാന്‍ സാമ്പത്തിക ഉപരോധത്തിനു കഴിയില്ല എന്നായിരുന്നു ക്യൂബന്‍ വിദേശ കാര്യ മന്ത്രിയുടെ മറുപടി. ഒബാമ വന്നതിനു ശേഷം ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ബുഷിന്റെ കാലത്തെ നയങ്ങളില്‍ പലതും ഇപ്പോഴും തുടരുകയാണ്. വൈദ്യ ചികിത്സാ ഉപകരണങ്ങള്‍ ക്യൂബയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവാദമില്ല. ക്യൂബയുമായി വ്യാപാരം നടത്തുന്ന കമ്പനികള്‍ക്ക് വന്‍ തുക പിഴ അടക്കേണ്ടതായും വരുന്നു. ഭക്ഷണവും വാര്‍ത്താ വിനിമയ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാനുള്ള അനുമതി ലഭിച്ചെങ്കിലും വ്യാപാര ഉപരോധം കഴിഞ്ഞ മാസം ഒബാമ ഒരു വര്‍ഷത്തേക്ക് വീണ്ടും നീട്ടുകയായിരുന്നു.



തന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരു ഭീകരനെ അയാളുടെ കയ്യിലെ യന്ത്ര തോക്ക് കൊണ്ടു തന്നെ വെടി വെച്ചു കൊന്ന റുക്സാനയുടെ വീടിനു നേരെ ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടു. ഗ്രനേഡുകള്‍ എറിഞ്ഞാണ് ഭീകരര്‍ ആക്രമണം നടത്തിയത്. എന്നാല്‍ ആക്രമണം ഉണ്ടാവും എന്ന് മുന്‍കൂട്ടി അറിഞ്ഞ് റുക്സാനയെയും കുടുംബത്തെയും സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നതിനാല്‍ ആര്‍ക്കും അപായം ഉണ്ടായില്ല. ഗ്രനേഡുകള്‍ എറിഞ്ഞ ശേഷം ഭീകരര്‍ ഓടി മറയുകയായിരുന്നു.
ഈജിപ്റ്റ് : മൊബൈല്‍ ഫോണ്‍ ഉപയോക്താ ക്കള്‍ക്കായി ഈജിപ്റ്റിലെ ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി പെരുമാറ്റ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. ഫോണ്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ എങ്ങനെ ഉപയോഗിക്കാം എന്നതാണ് പെരുമാറ്റ ചട്ടത്തിന്റെ കാതല്‍. ഫോണ്‍ എപ്പോള്‍ ഓണ്‍ ചെയ്യണം, ഓഫ് ചെയ്യേണ്ടത് ഏത് സാഹചര്യത്തില്‍ എന്ന് തുടങ്ങി റിംഗ് ടോണുകളുടെ നിയന്ത്രണവും ഉച്ചത്തില്‍ സംസാരിച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നതും ഇതില്‍ വിലക്കിയിട്ടുണ്ട്. മറ്റുള്ളവരുടെ ഫോട്ടോ അവരുടെ അനുമതി ഇല്ലാതെ എടുക്കരുത്. അശ്ലീല ഫോട്ടോകള്‍ അയക്കരുത്. അശ്ലീല പദങ്ങള്‍ ഉള്ള മെസേജുകള്‍ അയക്കരുത്. റോംഗ് നമ്പറുകള്‍ വന്നാല്‍ ക്ഷമയോടെ കൈകാര്യം ചെയ്യാന്‍ ഉപദേശിക്കുന്നതിനോടൊപ്പം അറിയാത്ത നമ്പറുകളില്‍ നിന്നും വരുന്ന കോളുകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. മറ്റുള്ളവര്‍ ഉറങ്ങുന്ന സമയത്ത് അവരെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നതും ഒഴിവാക്കണം.
മുംബൈ : മുംബൈ അന്താരാഷ്ട്ര വിമാന താവളത്തിലെ റണ്‍വേയില്‍ രണ്ടു വിമാനങ്ങള്‍ മുഖത്തോട് മുഖം വന്നുവെങ്കിലും ഭാഗ്യവശാല്‍ ഒരു വന്‍ അപകടം ഒഴിവായി. വ്യാഴാഴ്‌ച്ച രാത്രിയാണ് സംഭവം നടന്നത്. 117 യാത്രക്കാരുമായി കിംഗ്ഫിഷര്‍ വിമാനം പറന്നുയരാനായി റണ്‍വേയിലൂടെ നീങ്ങുമ്പോഴാണ് 127 യാത്രക്കാരുമായി നാഗ്പുര്‍ – മുംബൈ എയര്‍ ഇന്‍ഡ്യ വിമാനം അതേ റണ്‍വേയില്‍ വന്നിറങ്ങിയത്. എന്നാല്‍ ഇരു വിമാനങ്ങളും തമ്മില്‍ ആവശ്യത്തിന് ദൂരം ഉണ്ടായിരുന്നതിനാല്‍ ഒരു വന്‍ അപകടം ഒഴിവാകുകയായിരുന്നു. ഒരു വിമാനം ടേക്ക് ഓഫ് ചെയ്യുന്ന അതേ റണ്‍വേയില്‍ മറ്റൊരു വിമാനത്തിനു ലാന്‍ഡ് ചെയ്യാനുള്ള അനുമതി എങ്ങനെ ലഭിച്ചു എന്നത് ഇനിയും അറിവായിട്ടില്ല.
























