സന്തോഷ് മാധവന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കേരളത്തില്‍ പിടിയിലായ ആള്‍ ദൈവങ്ങളില്‍ പ്രമുഖയായ തൃശ്ശൂരിലെ വിഷ്ണുമായ ക്ഷേത്രത്തിലെ ദിവ്യാ ജോഷിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. മനോരോഗത്തിന് ഏറെ കാലം ചികിത്സയിലായിരുന്ന ഇവര്‍ പോടുന്നനെ തന്റെ ദേഹത്ത് വിഷ്ണു മായ കുടി കൊള്ളുന്നുണ്ട് എന്നും പറഞ്ഞ് സ്വയം ആള്‍ ദൈവം ആവുകയായിരുന്നു.
ഭര്‍ത്താവ് ജോഷിയുമൊപ്പം ശ്രീ രുദ്രത്ത് വിഷ്ണു മായ ക്ഷേത്രവും പണിത് പൂജകളും മറ്റും തുടങ്ങിയ സുന്ദരിയായ ദിവ്യയുടെ ദര്‍ശനം ലഭിക്കാന്‍ ക്രമേണ ആളുകള്‍ തടിച്ചു കൂടി. സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും വ്യവസായ പ്രമുഖരും ദിവ്യ പ്രവചനങ്ങള്‍ക്കായി കാത്തു നില്‍ക്കാന്‍ തുടങ്ങിയതോടെ ദിവ്യയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. കൊട്ടാരം പോലുള്ള വീടും, ആഡംബര കാറും, കരുത്തരായ അംഗരക്ഷകരും.
അര്‍ബുദ രോഗം ദിവ്യ ശക്തി കൊണ്ട് മാറ്റി തരാം എന്നും പറഞ്ഞ് പണം തട്ടിയ കേസിലാണ് ദിവ്യ പോലീസിന്റെ പിടിയിലായത്. പിന്നീട് ഇവര്‍ നടത്തിയ മറ്റ് അനേക തട്ടിപ്പികളുടെ കഥകളും പുറത്തു വന്നു. എന്നാല്‍ കേസുകള്‍ ഒതുക്കി തീര്‍ത്ത ഇവര്‍ വീണ്ടും പൂജകളും മറ്റും തുടങ്ങി.
കുന്നംകുളം സ്വദേശിയായ ജോര്‍ജ്ജ് എന്നയാളുടെ വീട്ടിലുള്ള 500 കോടിയുടെ നിധി ദിവ്യ ശക്തി കൊണ്ട് കണ്ടു പിടിച്ചു കൊടുക്കാം എന്നും പറഞ്ഞ് ഇയാളില്‍ നിന്നും 90 ലക്ഷത്തോളം രൂപ ദിവ്യയും ഭര്‍ത്താവും ചേര്‍ന്ന് തട്ടിയെടുത്തു. നിധി കിട്ടാതായതിനെ തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതി കൊടുക്കുകയും പോലീസ് ദിവ്യയുടെ ഭര്‍ത്താവിനെ ഇന്നലെ രാത്രി (വെള്ളിയാഴ്‌ച്ച) അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് കഴിഞ്ഞ് മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ദിവ്യ ജോഷിയേയും അമ്മ ഉഷയെയും വിഷം അകത്തു ചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്. വീട്ടില്‍ അപ്പോള്‍ ഉണ്ടായിരുന്ന ഇവരുടെ സഹോദരന്‍ ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷ്ണു മായ ഇവരെ കൈവെടിയു കയായിരുന്നു.